ഷേഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി, ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ സർക്കാരിനു മുന്നിൽ ഇന്ത്യ രണ്ട് പ്രധാന ഉപാധികൾ മുന്നോട്ടുവച്ചതായി ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു.
2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നിർണായക നീക്കം.
ബംഗ്ലാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായ ഹസീനയെ ഡൽഹിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം അവിടത്തെ സൈന്യം ഏറ്റെടുക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ഇതിനായി ബംഗ്ലാദേശ് സൈനിക വിമാനം അയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചിന് അധികാരം ഒഴിഞ്ഞു പലായനം ചെയ്ത ഹസീന സൈനിക വിമാനത്തിലായിരുന്നു ഇന്ത്യയിലെത്തിയത്.
ഇതിനുപുറമെ, വിധിക്കപ്പെട്ട വധശിക്ഷയ്ക്കെതിരെ നിയമപരമായി അപ്പീൽ നൽകാനും പുതിയൊരു വിചാരണ നേരിടാനുമുള്ള അവസരം ഹസീനയ്ക്ക് ബംഗ്ലാദേശ് സർക്കാർ ഉറപ്പുനൽകണമെന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉപാധി.
ഹസീനയുടെ ഇന്ത്യയിലെ തുടർച്ചയായ താമസം കേന്ദ്ര സർക്കാരിന് വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.
Tags : Politics SheikhHasina India Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash