International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി.
ടെഹ്റാനിലായിരുന്നു ഇരുവരും ചർച്ച നടത്തിയത്. നഖ്വി-അരാഗ്ചി കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
International
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികതകർച്ച അനുഭവിക്കുന്ന പാക്കിസ്ഥാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും നികുതിയും കുത്തനേ കൂട്ടിയതിൽ ജനരോഷം ആളിക്കത്തുകയാണ്. ജമാ അത്തെ ഇസ്ലാമി തലവൻ ഹാഫിസ് നയീമുർ റഹ്മാന്റെ ആഹ്വാനപ്രകാരം ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.
റാവൽപിണ്ടിയടക്കമുള്ള നഗരങ്ങളിൽ പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്. തന്ത്രപ്രധാനമായ കാരക്കോറം ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. റാവൽപിണ്ടിയിലെ മുറീ റോഡിലുള്ള ലിയാഖത് ബാഗിൽ വൻ റാലി നടന്നു. 475 ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി നേതാക്കൾ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കാത്ത സാഹചര്യത്തിലും ഇന്ധനനികുതി കൂട്ടിയതിനെതിരേ തൊഴിലാളികളും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രക്ഷോഭകരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
കൂടാതെ, ബലൂചിസ്ഥാനിലും ഖൈബർ പാക്തുംഖ്വയിലും സായുധ കലാപങ്ങളും പാക് അധീന കാഷ്മീരിൽ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭവും രൂക്ഷമാണ്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.
സൈനിക ആസ്ഥാനം നിയന്ത്രിക്കുന്ന സർക്കാർ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇസ്ലാമാബാദിലെ ഓഫീസിലിരിക്കുന്നുണ്ടെങ്കിലും വിദേശനയം, ആഭ്യന്തരസുരക്ഷ, ഭരണപരമായ നിർണായക തീരുമാനങ്ങൾ എന്നിവയെല്ലാം റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നാണ് നിർണയിക്കപ്പെടുന്നത്.
1947ൽ സ്വാതന്ത്ര്യം നേടിയശേഷം 1958, 1969, 1977, 1999 എന്നീ വർഷങ്ങളിലായി നാലുതവണയാണ് പാക്കിസ്ഥാനിൽ സൈനിക അട്ടിമറി നടന്നിട്ടുള്ളത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനുശേഷം പൂർണനിയന്ത്രണം ഏറ്റെടുത്ത സൈന്യം ഭരണഘടനാപരമായ മാറ്റങ്ങളിലൂടെയാണോ അതോ നേരിട്ടുള്ള പട്ടാള നിയമത്തിലൂടെയാണോ അധികാരം പിടിച്ചെടുക്കുകയെന്നതു വരുംദിവസങ്ങളിൽ വ്യക്തമാകും.
International
ജിദ്ദ: ജിദ്ദയിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെക്കും. യുഎസ്-ഇറാൻ യുദ്ധവും പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ മേഖലകളിലെ സംഘർഷങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രാദേശിക സുരക്ഷ ശക്തമാക്കാൻ മൂന്ന് പ്രമുഖ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും സൗദിയിലെത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് എർദോഗൻ ഇന്ന് ജിദ്ദയിലെത്തും.
വർഷങ്ങളായി ചർച്ചയിലായിരുന്ന പ്രതിരോധ സഖ്യം, ഈ മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്താണ് വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നത്. ഗൾഫ് രാജ്യങ്ങളെയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ബാധിച്ച അമേരിക്ക-ഇറാൻ സംഘർഷവും ഇതിന് വേഗം കൂട്ടി. യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുമ്പോൾ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തുർക്കിയും സജീവ പങ്കുവഹിക്കുന്നുണ്ട്.
ആണവശക്തിയായ പാകിസ്ഥാനും സൗദിയും തമ്മിൽ 2025-ൽ തന്നെ മറ്റൊരു സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. മേഖലയിലെ താത്കാലിക പ്രതിസന്ധികൾക്കപ്പുറം ദീർഘകാല തന്ത്രപ്രധാന ബന്ധങ്ങൾക്ക് ഈ സംയുക്ത കരാർ വഴിയൊരുക്കുമെന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തനത്തിന് വീണ്ടും കൂച്ചുവിലങ്ങ്. വിദേശമാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഒഴികെ പാക്കിസ്ഥിനിലെവിടെനിന്നു റിപ്പോർട്ട് ചെയ്യുന്നതിനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) എന്ന മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിർദേശം.
പാക് അധീന കാഷ്മീരിലെ പ്രക്ഷോഭം അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറംലോകം കാണാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു സൂചനയുണ്ട്. പാക് അധീന കാഷ്മീർ വിഷയം റിപ്പോർട്ട് ചെയ്ത അൽ ജസീറ ചാനലിന് നേരത്തേ അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയിരുന്നു.
വിദേശ മാധ്യമപ്രവർത്തകർ എൻഒസി വാങ്ങണമെന്ന നിർദേശം നേരത്തേയുള്ളതാണ്. വിദേശ മാധ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാക് പൗരന്മാരായ മാധ്യമപ്രവർത്തകർക്കും ഇതു ബാധകമാക്കി എന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോറിൻ മീഡിയ ഫെസിലിറ്റേഷൻ ഗൈഡ്ലൈൻ-2026 എന്ന ചട്ടത്തിന്റെ പ്രത്യേകത.
വിദേശ മാധ്യമപ്രവർത്തകർ എൻഒസിക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നതല്ലാതെ പാക് അധികൃതരിൽനിന്ന് അതു ലഭിക്കാറില്ല. അതിനാൽ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഒഴികെ പാക്കിസ്ഥാനിലെവിടെനിന്നും സുപ്രധാന വിവരങ്ങൾ അതിവേഗം റിപ്പോർട്ട് ചെയ്യാൻ പാക് പൗരന്മാരായ മാധ്യമപ്രവർത്തകരെയാണ് വിദേശമാധ്യമങ്ങൾ ആശ്രയിച്ചുവന്നത്.
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായതോടെ ഈ സാധ്യതയും അവസാനിച്ചു. 180 അംഗ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 153-ാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം ഏതാണ്ട് ഇല്ലാതാക്കുന്ന നീക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ കർശന നിയന്ത്രണം നേരിടുന്നുണ്ട്. സത്യമറിയാൻ വിദേശ മാധ്യമങ്ങളാണ് അവിടുത്തെ ഏക ആശ്രയം.
പാക്കിസ്ഥാന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം തുടങ്ങിയവയ്ക്കെതിരേ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ അക്രെഡിറ്റേഷൻ റദ്ദാക്കുമെന്ന ഭീഷണിയും പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Sports
ഇസ്ലാമാബാദ്: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ സമാപനത്തിന് പിന്നാലെ പാക് ബോക്സർ ഖുദ്രത്തുല്ല ടീം ഹോട്ടലിൽ നിന്ന് മുങ്ങി. ഗ്ലാസ്ഗോ ഗെയിംസിൽ തന്റെ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് താരത്തെ ടീം ഹോട്ടലിൽ നിന്ന് കാണാതായതെന്ന് പാക് അധികൃതർ പറഞ്ഞു.
താരത്തിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പാസ്പോർട്ട് തങ്ങളുടെ കൈയിലുണ്ടെന്നും ടീം മാനേജുമെന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിദേശത്തേക്ക് പോകുമ്പോൾ പാക്കിസ്ഥാൻ ബോക്സർമാർ മുങ്ങുന്നത് ഇത് ആദ്യമായല്ല.
ഇതിനുമുമ്പും സമാനമായ രീതിയിൽ താരങ്ങൾ ഒളിച്ചോടിയിട്ടുണ്ട്. 2022ലെ ബിർമിംഗ് ഹാം കോമൺവെൽത്ത് ഗെയിംസിനിടയിലും രണ്ട് ബോക്സർമാർ അപ്രത്യക്ഷരായിരിന്നു.
International
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കും തെരഞ്ഞെടുപ്പിനുമെതിരെയുള്ള ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രമുഖ ഖത്തറി വാർത്താ മാധ്യമമായ 'അൽ ജസീറ'യ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പാകിസ്ഥാനിലുടനീളം അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.
അൽ ജസീറയുടേത് നിലവാരം കുറഞ്ഞ "മഞ്ഞപ്പത്രപ്രവർത്തനം" ആണെന്ന് ആരോപിച്ച പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രാലയം, തെരഞ്ഞെടുപ്പ് പ്രക്രിയയെ അൽ ജസീറ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. സർക്കാരിനെതിരായ അരാജകത്വ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത തകർക്കാനും ചില വിദേശ ശക്തികളുടെ അജണ്ടയ്ക്കനുസരിച്ചാണ് അൽ ജസീറ വാർത്തകൾ നൽകുതെന്നാണ് ഇസ്ലാമാബാദിന്റെ വാദം.
അൽ ജസീറയ്ക്കെതിരായ നടപടിയെയും മാധ്യമപ്രവർത്തകരെ കാണാതാകുന്നതിനെയും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ) ശക്തമായി അപലപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ മാധ്യമപ്രവർത്തകരായ റാസി താഹിർ, മുഹമ്മദ് സെയ്ഫ് എന്നിവരെ കാണാനില്ലെന്നും ഇവരെ പോലീസ് യൂണിഫോമിലെത്തിയവർ കസ്റ്റഡിയിലെടുത്തതാണെന്നും സിപിജെ ആരോപിച്ചു.
ജമ്മു കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ അവിടെ അനധികൃതമായി കടന്നുകയറി ഭരണം നടത്തുകയാണെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.
International
ലാഹോർ: പാക് അധിനിവേശ കാഷ്മീരിൽ നടന്നുവരുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പാക്കിസ്ഥാൻ മുസ്ലിം ലീസ്(നവാസ്) സീറ്റുകൾ തൂത്തുവാരിയതായി റിപ്പോർട്ട്.
18 സീറ്റുകളിൽ 14 എണ്ണവും പിഎംഎൽ(എൻ) സ്വന്തമാക്കിയതായും ശേഷിച്ച നാല് സീറ്റുകളിൽ ദ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചതായും പാക് അധീന കാഷ്മീർ ഇലക്ഷൻ കമ്മീഷണർ ഗുലാം മുസ്തഫ മുഗൾ അറിയിച്ചു.
ഇതോടെ മേഖലയിൽ സർക്കാർ രൂപവത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഎംഎൽ(എൻ). ഞായറാഴ്ചയായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ മൂന്നു പേർകൂടി മരിച്ചു.
ഞായറാഴ്ച സ്വാത് ജില്ലയിലെ നഗരത്തിൽ പ്രാദേശിക ഗോത്ര കൗൺസിലായ സ്വാത് അമൻ ജിർഗയുടെ നേതൃത്വത്തിൽ സമാധാന റാലി നടക്കുന്നതിനിടെ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു ചാവേർ സ്ഫോടനം.
മരിച്ചവരിൽ ഏഴു പേർ പോലീസുകാരാണ്. പ്രദേശത്ത് സുരക്ഷാ സ്ഥിതി വഷളാകുന്നതിനെതിരേ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.പോലീസ് വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
International
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ പോലീസ് സ്റ്റേഷനു നേർക്കുണ്ടായ ചാവേർ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ സുരക്ഷാസൈനികരാണ്. 15 പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സ്ഫോടനം.
സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പോലീസ് സ്റ്റേഷനു മുന്നിലൂടെ സ്വാത് പീസ് റാലി കടന്നുപോകുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
International
പെഷാവർ: പാക്കിസ്ഥാനിൽ ഭീകരതയ്ക്കെതിരെ നടന്ന റാലിക്കിടെ ചാവേർ ആക്രമണം. സംഭവത്തിൽ 14 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന സ്വാറ്റ് ജില്ലയിലുള്ള കബാൽ പോലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.
സ്വാറ്റ് താഴ്വരയിലെ കബാൽ ടൗണിന് സമീപമുള്ള പോലീസ് സ്റ്റേഷന് സമീപം നൂറുണകണക്കിന് ആളുകൾ പ്രതിഷേധിക്കുമ്പോഴാണ് ചാവേറാക്രമണം നടന്നത്. താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൊല്ലപ്പെട്ടവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായാണ് വിവരം. സ്ഫോനടത്തിൽ പരിക്കേറ്റവരെ സെയ്ദു ഷരീഫ് ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റി.
International
കറാച്ചി: പാക്കിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 34 തൊഴിലാളികൾ മരിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയ്ക്കു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 4000 അടി താഴ്ചയിൽ മീഥേൻ വാതകസ്ഫോടനം ഉണ്ടായെന്നാണ് അനുമാനം.
Sports
സാന്‍ ഫെര്‍ണാണ്ടോ: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന്റെ 90-ാം ജന്മദിനത്തില് വെസ്റ്റ് ഇന്‍ഡീസിന് 90 റണ്‍സ് ജയം. പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലാണ് വിന്‍ഡീസ് 90 റണ്‍സ് ജയമാഘോഷിച്ചത്.
ഈ ജയം സോബേഴ്സിനു സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് പറഞ്ഞു. ഈ മാസം 17നായിരുന്നു സോബേഴ്സ് അന്തരിച്ചത്. ജൂലൈ 28നാണ് സോബേഴ്സിന്റെ ജന്മദിനം. 1954-74 കാലഘട്ടത്തില്‍ വിന്‍ഡീസിനായി 93 ടെസ്റ്റ് കളിച്ച സോബേഴ്സ് 26 സെഞ്ചുറി അടക്കം 8,032 റണ്‍സും 235 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
പാക്കിസ്ഥാന് എതിരേ 1958ല്‍ സോബേഴ്സ് നേടിയ 365 റണ്‍സ് 36 വര്‍ഷക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായിരുന്നു. ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവച്ച സോബേഴ്സിന്റെ 90-ാം ജന്മദിനത്തില് 90 റണ്‍സ് ജയം നേടാന്‍ സാധിച്ചത് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും റോസ്റ്റണ്‍ ചേസ് പറഞ്ഞു.
ജയത്തോടെ വിന്‍ഡീസ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 181. പാക്കിസ്ഥാന് 282, 120. വിന്‍ഡീസിനായി ആദ്യ ഇന്നിംഗ്സില്‍ കാവെം ഹോഡ്ജും (84) ഷായ് ഹോപ്പും (92) അര്‍ധസെഞ്ചുറി നേടി. പാക്കിസ്ഥാനായി ഷാന്‍ മസൂദ് (109) സെഞ്ചുറി സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ഷമര്‍ ജോസഫാണ് (38). ബാബര്‍ അസം (58) ആണ് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.
റിക്കാര്‍ഡ് ജസ്റ്റ് ഇന്‍
മീഡിയം പേസര്‍ ജസ്റ്റിന് ഗ്രീവ്സിന്റെ മാസ്മരിക ബൗളിംഗാണ് വെസ്റ്റ് ഇന്‍ഡീസിനു ജയമൊരുക്കിയത്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311ന് എതിരേ ആദ്യ ഇന്നിംഗ്സിനായി ക്രീസിലെത്തിയ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റ് ജസ്റ്റിന് ഗ്രീവ്സ് പിഴുതു.
തുടരെ അഞ്ച് ഓവറില്‍ റണ്‍ വഴങ്ങാതെയായിരുന്നു ജസ്റ്റിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് ഓവര്‍ മെയ്ഡനാക്കി, അഞ്ച് ഓവറിലും വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡും ഈ 32കാരന് സ്വന്തമാക്കി. ഇന്നിംഗ്സില്‍ 11 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് ഗ്രീവ്സ് സ്വന്തമാക്കി. കെമര്‍ റോഷും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതം നേടി.
211 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സിന് എത്തിയപ്പോഴും ജസ്റ്റിന് അഞ്ച് ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജസ്റ്റിന് ഗ്രീവ്സ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
International
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ സുരക്ഷാസേന കൊന്നൊടുക്കുന്നതായി റിപ്പോർട്ട്.
ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ പാക് സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
റവാലക്കോട്ടിൽ തിങ്കളാഴ്ച മുതൽ വെടിവയ്പു നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്‍കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കുകയും ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാക്കൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സുരക്ഷാ ഭടന്മാർ ജനങ്ങൾക്കു നേരേ വെടിയുതിർക്കുന്നതും മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നതും വീഡിയോകളിൽ ദൃശ്യമാണെന്ന് എൻഡിടിവി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ജൂൺ അഞ്ചുമുതൽ പാക് അധീന കാഷ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 80 ആയി. പാക് അധീന കാഷ്മീർ നിയമസഭയിലെ 53ൽ 45 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. തിങ്കളാഴ്ചത്തെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 13 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. അടുത്ത മാസം രണ്ടിനും 11നുമാണ് അടുത്ത ഘട്ടങ്ങൾ.
National
ന്യൂഡൽഹി: പാക് അധിനിവേശ കാഷ്മീരിലെ തദ്ദേശഭരണ തെരഞ്ഞടുപ്പുകൾ പാക്കിസ്ഥാന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും മറയ്ക്കാനുള്ള ചെപ്പടിവിദ്യയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ.
ജമ്മു കാഷ്മീരിന്റെയും ലഡാക്കിന്റെയും അതിർത്തികൾ കൈയടക്കിവച്ചിരിക്കുന്നത് പാക്കിസ്ഥാനാണെന്നും ദ്വിവാര വിശദീകരണത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അവിഭാജ്യ പ്രദേശമായ പാക് അധിനിവേശ കാഷ്മീരിലെ പാക്കിസ്ഥാന്റെ ഇടപെടലുകളോടുള്ള പ്രതിഷേധമാണ് അവിടെ നടന്നുവരുന്നതെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
Sports
മസ്കറ്റ്: ഇന്ത്യക്കെതിരേ നടന്ന ഫൈവ്സ് ഹോക്കി മത്സരത്തിൽ അഞ്ചു താരങ്ങൾക്കു പകരം ആറു പേരെ ഇറക്കിയ പാക്കിസ്ഥാൻ നടപടി വിവാദത്തിൽ.
മസ്കറ്റിൽ നടന്ന മത്സരത്തിലാണ് കളി തുടങ്ങിയപ്പോൾ ആറു താരങ്ങൾ ഫീൽഡിലുണ്ടെന്ന് അന്പയർമാർ കണ്ടെത്തിയത്. ഇതോടെ, കളി നിർത്തിവച്ച് രണ്ടുപേരെ പുറത്താക്കി. 8-0ന് ഇന്ത്യ മത്സരം ജയിച്ചു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയിൽ അംഗമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് അസിം മുനീറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ ജനസംഖ്യാ നിയന്ത്രണവും അസിം മുനീറിന്റെ ചുമതലകളിലേക്ക് എത്തിയിരിക്കുന്നത്.പാക്കിസ്ഥാൻ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയിദ് മുസ്തഫ കമാലാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ ജനസംഖ്യാ വർധനവ് തടയുന്നതിനുള്ള നയരൂപീകരണത്തിനായി ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം അസിം മുനീറും ഈ സമിതിയിൽ പ്രവർത്തിക്കും.
ജനസംഖ്യാ വർധനവ് പാക് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാ തലങ്ങളിലും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുത്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
കറാച്ചി: ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ചരക്ക് വിമാനം കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് കാണാതായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
രാത്രി 9:18ന് വിമാനത്തിനെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും 9:21 ഓടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. കറാച്ചിയിൽ നിന്നും ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.
വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും തുടർന്ന് അതിവേഗത്തിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'ഫ്ലൈറ്റ്റഡാർ24'-ന്റെ പ്രാഥമിക അറിയിപ്പ്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കെ2 എയർവേയ്സ്' എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം.
കാണാതായ വിമാനത്തിനായി പാക്കിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ അറബിക്കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേവി ഫ്രിഗേറ്റുകളും (യുദ്ധക്കപ്പലുകൾ) മറ്റ് വിമാനങ്ങളും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ 2020- ൽ കറാച്ചി വിമാനത്താവളത്തിന് സമീപം പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നുവീണാണ് അപകടം ഉണ്ടായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 99 പേരിൽ 97 പേരും കൊല്ലപ്പെട്ടിരുന്നു.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാനിലെ ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 48 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെത്തുടർന്നു ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ.
ദുർഘട പർവതമേഖലകളും മോശം കാലാവസ്ഥയും മൂലം ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ വാഹനാപകടങ്ങൾ പതിവാണ്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധ സിക്ക് ഗുരുദ്വാര പൊളിച്ചുനീക്കി.
പാക് പഞ്ചാബ് പ്രവിശ്യയിലെ ഫറൂഖാബാദിലുള്ള ശ്രീ ഗുരു സിംഗ് സഭാ സാഹിബ് ഗുരുദ്വാരയാണ് കഴിഞ്ഞ മാസം 24ന് പ്രാദേശിക വ്യവസായി പൊളിച്ചുനീക്കിയത്.
സംഭവത്തിൽ സിക്ക് സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയും നടപടിയെ ശക്തമായി അപലപിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനവും ചർച്ചകളും സഹകരണവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്കു കത്തെഴുതി നൂറിലധികം പ്രമുഖ വ്യക്തികൾ.
ശത്രുത കോടിക്കണക്കിന് യുവാക്കളുടെ ഭാവിയെ ബാധിക്കുന്നുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസാണ് 117 ഒപ്പുകളോടുകൂടിയ തുറന്ന കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയിലെ 61 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പുവച്ചപ്പോൾ പാക്കിസ്ഥാനിൽനിന്ന് 56 പ്രമുഖർ ഒപ്പിട്ടു.
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, കാഷ്മീരിലെ മതപണ്ഡിതനും വിഘടനവാദി നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, ബംഗാൾ മുൻ മന്ത്രി ഹുമയൂൺ കബീർ തുടങ്ങിയവരാണ് ഇന്ത്യയിൽനിന്ന് കത്തിൽ ഒപ്പുവച്ചവരിൽ ചിലർ.
മുൻ വിദേശകാര്യമന്ത്രി, നയതന്ത്രജ്ഞൻ, നാഷണൽ അസംബ്ലി മെംബർ, പ്രമുഖ ആണവ ശാസ്ത്രജ്ഞൻ തുടങ്ങിയവർ പാക്കിസ്ഥാനുവേണ്ടി കത്തിൽ ഒപ്പുവച്ച 56 പേരിൽ ഉൾപ്പെടുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം വൻ സംഘർഷത്തിലേക്കു പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പുതിയ പ്രകോപനമുണ്ടായത്. ആക്രമണത്തിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത് നൽകുന്ന വിവരങ്ങൾപ്രകാരം, അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലുള്ള ചംകാനി ജില്ലയിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ ആദ്യത്തെ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. രണ്ടാമത്തെ ആക്രമണത്തിൽ 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ, പക്തിക പ്രവിശ്യയിലെ ഗിയാൻ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. പാക്കിസ്ഥാന്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശമാണെന്ന് അഫ്ഗാനിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഹയാത്തുള്ള മുഹാജിർ ഫറാഹി പറഞ്ഞു. ഇതിനു കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
ഞായറാഴ്ച രാത്രിയോടെ അതിർത്തിയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് കര-വ്യോമാക്രമണങ്ങൾ നടത്തിയതായും ഇതിൽ 29 ഭീകരർ കൊല്ലപ്പെട്ടെന്നും പാക് വാർത്താവിനിമിയ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരസംഘടനകളാണെന്നും അവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായി ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ സംഘം ശനിയാഴ്ച വൈകിട്ടാണ് റേഞ്ചേഴ്സ് ആസ്ഥാനം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ പറഞ്ഞു. ആയുധധാരികളായ അഞ്ചുപേരടങ്ങുന്ന സംഘമാണ് കറാച്ചിയുടെ കിഴക്കൻ ജില്ലയിലുള്ള റേഞ്ചേഴ്സിനെ ലക്ഷ്യമിട്ട് എത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയെന്നും പിന്നാലെ വലിയ സ്ഫോടനം ഉണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മൊസാമിയത്ത് ചൗറംഗി പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ സുരക്ഷാ സേന അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുരാദ് അലി ഷാ വിശദമായ റിപ്പോർട്ട് തേടി. സ്ഫോടനശബ്ദവും വെടിവയ്പ്പും സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ പാരാമിലിട്ടറി സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പാരാമിലിട്ടറി സേനയായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഉഗ്ര സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുള്ളത്. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രമുഖ സർവകലാശാലകൾക്കും പാക്കിസ്ഥാൻ കാലാവസ്ഥാവകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. എങ്കിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ വ്യാജപ്രചാരണത്തിന് കനത്ത തിരിച്ചടി. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങളും പൂർണ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു.
വ്യോമസേനയിലെ മുഴുവൻ (36) റഫാൽ വിമാനങ്ങൾക്കും തുടർ-പിന്തുണാ സേവനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഐഎഎഫ് പുതിയ ടെൻഡർ പുറത്തിറക്കിയതോടെയാണ് പാക് വാദങ്ങൾ പൂർണമായും പൊളിഞ്ഞത്. ഇന്ത്യ വാങ്ങിയ എല്ലാ റഫാൽ വിമാനങ്ങളും ഇപ്പോഴും സേവനത്തിലുണ്ടെന്ന് ഈ രേഖ വ്യക്തമാക്കുന്നു.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേനകൾ പാകിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമുള്ള ഒന്‍പത് പ്രധാന ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ മിസൈലാക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ'.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 113 റൺസിന് തോൽപ്പിച്ചു.
ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 13.4 ഓവറിൽ 86 റൺസിൽ ഓൾഔട്ടായി. 32 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിക്കും 17 റൺസ് എടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കും 14 റൺസ് നേടിയ ഇറാം ജാവേദിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും അന്നാബെൽ സതർലൻഡും എല്ലിസ് പെറിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോർജിയ വെയർഹാം ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് പാക് ബാറ്റർമാർ റൺഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. എല്ലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും ജോർജിയ വോളിന്റെയും അന്നാബെൽ സതർലൻഡിന്റെയും നിക്കോളാ കാരിയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പെറി 71 റൺസും വോൾ 39 റൺസും അന്നാബെൽ 27 റൺസും കാരി 26 റൺസുമാണെടുത്തത്. പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും രമീൻ ഷമീമും നഷ്ര സന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ എട്ട് പോയിന്റായ ഓസ്ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഓസ്ട്രേലിയ.
International
ഇസ്ലാമാബാദ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പാക്കിസ്ഥാൻ നേതൃത്വവുമായി ഇന്നലെ ചർച്ച നടത്തി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ ക്ഷണപ്രകാരമാണു പെസെഷ്കിയാൻ ഒരു ദിവസത്തെ സന്ദർശനത്തിനു പാക്കിസ്ഥാനിലെത്തിയത്.
പാക് പ്രസിഡന്റ് അസിഫ് അലി സർദാരി, പാക് കരസേനാ മേധാവി അസിം മുനീർ എന്നിവരുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഒപ്പുവച്ച ധാരാണാപത്രത്തിലെ എല്ലാ വ്യവസ്ഥകളും പൂർണമായി നടപ്പിലാക്കുകയാണു തന്റെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യമെന്ന് പെസെഷ്കിയാൻ മാധ്യമങ്ങളോടു പറഞ്ഞു.
വിവിധമേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെപ്പറ്റി ഇറാൻ -പാക് നേതാക്കൾ തമ്മിൽ ചർച്ചകൾ നടക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
International
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബന്നു ജില്ലയിലെ റോഡുവക്കിലായിരുന്നു സംഭവം.
റോഡിലൂടെ പോയ വാഹനത്തെ ലക്ഷ്യമിട്ട ആദ്യസ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയായിരുന്നു രണ്ടാം സ്ഫോടനം.
കുറ്റവാളികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് അനധികൃത ഇന്ധനക്കടത്ത്. ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ധനക്കടത്ത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള ഇന്ധനക്കടത്ത് വ്യാപകമായത്. പാക്കിസ്ഥാനിൽ ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്ന ഇന്ധനത്തിന് ആവശ്യക്കാർ ഏറെയാണ്.
ഇറാന് അതിര്‍ത്തി കടന്ന് പിക്കപ്പ് വാനുകളില്‍ ബലൂചിസ്ഥാനിലെ മസ്തുംഗിൽ എത്തുന്ന പെട്രോളും ഡീസലും തുടർന്ന് പ്ലാസ്റ്റിക് കാനുകളില്‍ നിറച്ച് ഇരുചക്ര വാഹനങ്ങളിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നതാണ് രീതി.
എന്നാൽ ഏറെ അപകടകരമാണ് ഇത്തരത്തിലുള്ള എണ്ണക്കടത്ത്. മേഖലയിലെ ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിൽ പ്ലാസ്റ്റിക് കാനുകള്‍ ഉരുകി ഒലിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ധനം കടത്തുന്നതിനിടെ നിരവധി പേര് ഇത്തരത്തിൽ വെന്തുമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിലയുള്ള ഇന്ധനമാണ് ഇത്തരത്തിൽ പാക്കിസ്ഥാനിലെത്തുന്നത്. ബലൂചിസ്ഥാനിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം അനധികൃത എണ്ണക്കടത്ത് നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
Sports
ബിർമിംഗ്ഹാം: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ 64 റൺസിന് ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി.
സ്കോർ: ഇന്ത്യ 20 ഓവറിൽ 170/6. പാക്കിസ്ഥാൻ 17 ഓവറിൽ 106.
സ്മൃതി മന്ദാന (68), ഹർമൻപ്രീത് കൗർ (36) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഇന്ത്യക്കായി ദീപ്തി ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി.
International
ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു.
അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പാക് സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപമാണ് സംഭവം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചു. എത്രപേർ മരിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. സാങ്കേതിക തകരാറാണ് അപകടകാരണം. എംഐ-17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
National
ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ പാക്കിസ്ഥാൻ സുരക്ഷാസേനയും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച റാവലകോട്ട് നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന് മുന്നോടിയായാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പാക് അധീന കാഷ്മീരിൽ ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
സംഘർഷത്തിനിടെ അക്രമികളുടെ വെടിയേറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കാഷ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. പാക് സർക്കാരിനെതിരെ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.
ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഷ്മീരിന് പുറത്ത് പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്‍സ് ജയം.
33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്‍സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രഹസ്യമായി നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഉറിയിലെ ഹത്ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്.
പിടിയിലായവരിൽ ഒരാൾ സസ്പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി.
കരസേനയുടെ ചിനാർ കോറും ജമ്മു കാഷ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
International
പെഷവാർ: പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 മരിച്ചു. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രാ ബസ്, നിർത്തിയിട്ടിരുന്ന ബസിലിടിച്ചാണ് അപകടം. അഞ്ചു പേർക്കു പരിക്കേറ്റു. സ്വാത് എക്സ്പ്രസ്വേയിലായിരുന്നു അപകടമുണ്ടായത്.
International
ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും തകർന്നതായി പോലീസ് അറിയിച്ചു.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.
Sports
സില്‍ഹെറ്റ്: പാക്കിസ്ഥാന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 78 റണ്‍സ് ജയം സ്വന്തമാക്കിയതോടെയാണിത്.
സ്കോര്‍: ബംഗ്ലാദേശ് 278, 390. പാക്കിസ്ഥാന് 232, 358. പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് ജയമാണ്.
പാക് ടീമിനെതിരേ തുടര്‍ച്ചയായി രണ്ട് പരമ്പര തൂത്തുവാരുന്ന രണ്ടാമത് ടീമാണ് ബംഗ്ലാദേശ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് പാക്കിസ്ഥാൻ വീണ്ടും സജീവ ചർച്ചകളിലേക്ക് കടക്കുന്നു. സമാധാന ചർച്ചകൾക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിക്ക് ഇറാനിലെത്തി.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് മൊഹ്സിൻ നഖ്വിക്കിന്റെ ദ്വിദിന ഇറാൻ സന്ദർശനം. ടെഹ്റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിയെ ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി സ്വീകരിച്ചു. ഇതോടെ വീണ്ടും പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാകുകയാണ്.
പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചർച്ചകൾക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരിക്കേറ്റു.
ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ രണ്ടു ട്രാഫിക് പോലീസുകാരും ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
Sports
മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പാക്കിസ്ഥാന് എതിരേ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ മിര്‍പുരില്‍ അവസാനിച്ച പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റില്‍ 104 റണ്‍സിന് ബംഗ്ലാദേശ് ജയം സ്വന്തമാക്കി.
ഇതോടെ രണ്ടു മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന്റെ ലീഡ് നേടി. സ്കോര്‍: ബംഗ്ലാദേശ് 413, 240/9 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന് 386, 163. ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന് ഷാന്റൊയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടെസ്റ്റില്‍ പാക്കിസ്ഥാന് എതിരേ ബംഗ്ലാദേശ് മൂന്നു ജയം മാത്രമാണ് ഇതുവരെ നേടിയത്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലാണ് മൂന്നു ജയവുമെന്നതും ശ്രദ്ധേയം. 2024 ഓഗസ്റ്റ് - സെപ്റ്റംബറില്‍ പാക്കിസ്ഥാന് പര്യടനത്തിലായിരുന്നു രണ്ട് ജയം.
International
ഇസ്ലാമാബാദ്: ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമതാവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നൂർ ഖാൻ ബേസിലേക്ക് വിമാനങ്ങൾ മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാക് അധികൃതർ നിഷേധിച്ചു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പൊതുശ്രദ്ധയിൽ പെടാതെ വിമാനങ്ങൾ ഒളിപ്പിച്ചു വയ്ക്കാനാവില്ലെന്നാണ് പാക് അധികൃതർ നൽകുന്ന വിശദീകരണം.
അതിനിടെ, ഇറാന്റെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി സ്ഥിരീകരിച്ച് ചൈന. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ എൻജിനീയർമാർ പാകിസ്ഥാൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു.
ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ്, സംഘർഷകാലത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയവരിൽ പ്രമുഖരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ നൂതന യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രധാന ഡെവലപ്പർമാരിൽ ഒന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം, 2015 മുതൽ ചൈന പാകിസ്ഥാന് 8.2 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിറ്റു. ചൈനയുമായി സഹകരിച്ച് വികസിപ്പിച്ച ജെഎഫ്-17 തണ്ടറും കൂടുതൽ നൂതനമായ ജെ-10സി മൾട്ടിറോൾ ഫൈറ്റർ വിമാനങ്ങളുമാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുടെ പകുതിയിലധികവും. ചൈനയിൽ നിന്ന് 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററുകൾ പാകിസ്ഥാൻ ഇപ്പോൾ ഉൾപ്പെടുത്താൻ പോകുന്നതായും സ്റ്റെൽത്ത് പോരാട്ട ശേഷിയുള്ള പരിമിതമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
International
ഇസ്ലാമാബാദ്: സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിലച്ച് അറബിക്കടലിൽ ഒഴുകിനടന്ന ഇന്ത്യൻ വാണിജ്യക്കപ്പലിനു സഹായവുമായി പാക്കിസ്ഥാൻ നാവികസേന.
എം.വി. ഗൗതം എന്ന കപ്പലിലെ ജീവനക്കാർക്കു വേണ്ട ഭക്ഷണവും വൈദ്യസഹായവും മറ്റ് അടിയന്തര സഹായങ്ങളും പാക്കിസ്ഥാൻ യുദ്ധക്കപ്പൽ നല്കി. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമാണു കപ്പലിലുള്ളത്.
ഒമാനിൽനിന്ന് ഇന്ത്യയിലേക്കു വരുകയായിരുന്നു കപ്പൽ. പാക് നിയന്ത്രിത സമുദ്ര മേഖലയിലൂടെ സഞ്ചരിക്കവേ ഞായറാഴ്ച ജനറേറ്റർ തകരാറിലായി കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് മുംബൈയിലെ മരിടൈം റെസ്ക്യൂ ആൻഡ് കോ-ഓർഡിനേഷൻ സെന്റർ പാക്കിസ്ഥാനെ ബന്ധപ്പെട്ടു. പാക്കിസ്ഥാൻ നാവികസേന യുടെ പിഎംഎസ്എസ് കാഷ്മീർ എന്ന യുദ്ധക്കപ്പലാണു സഹായവുമായി എത്തിയത്.
പാക്കിസ്ഥാൻ നാവികസേന ഇന്ത്യൻ കപ്പലിനെ സഹായിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥർ ഇന്ത്യൻ കപ്പലിൽ നടത്തിയ പരിശോധനയിൽ ജനറേറ്റർ ശരിയാക്കാനാവില്ലെന്നു കണ്ടെത്തി. കപ്പൽ കെട്ടിവലിച്ചു കൊണ്ടുപോകാനായി ടഗ് ബോട്ട് അയയ്ക്കണമെന്ന് പാക്കിസ്ഥാൻ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടു.
International
പെഷവാർ: പാക്കിസ്ഥാനിലെ പ്രമുഖ മതനേതാവ് ഷെയ്ഖുൾ ഹദീത്ത് മൗലാന മുഹമ്മദ് ഇദ്രീസ് വെടിയേറ്റു കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ സ്വദേശമായ ചർസാദയിൽ അക്രമികൾ ഇദ്ദേഹത്തിന്റെ വാഹനത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു സുരക്ഷാഗാർഡുകൾക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജനം ചർദാസ നഗരത്തിൽ പ്രകടനം നടത്തി.
International
കറാച്ചി: ചൈനീസ് കമ്പനിയുടെ ഭീഷണിക്കുവഴങ്ങി കഴുതയിറച്ചി കയറ്റുമതിക്ക് അനുമതി നൽകി പാക്കിസ്ഥാൻ. ഗ്വാഡാറിൽ പ്രവർത്തിക്കുന്ന ഹാംഗെംഗ് ട്രേഡ് കമ്പനിയുമായുള്ള തർക്കത്തിനൊടുവിലാണ് കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തീരുമാനം. ഉദ്യോഗസ്ഥ അലംഭാവം മൂലം മാസങ്ങളായി കയറ്റുമതി അനുമതി വൈകിയതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയത്. ഈ മാസം അവസാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഹാംഗെംഗ് ട്രേഡ് ചൈനയിലേക്ക് കഴുത മാംസവും തോലും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ്.
ഗ്വാഡാറിൽ ഇവർ കശാപ്പുശാല പ്രവർത്തിപ്പിക്കുന്നുണ്ട്. മരുന്ന് ഉത്പാദനത്തിനായാണ് കഴുത മാംസം ഇവർ ഉപയോഗിക്കുന്നത്. പാക്കിസ്ഥാൻ പ്രതിവർഷം ഏകദേശം 216,000 കഴുതകളെ മാംസത്തിനും തോലിനുമായി കയറ്റുമതി ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി:പാക്കിസ്ഥാനിൽനിന്ന് 18 കോടിരൂപ കൈപ്പറ്റിയ ജമ്മുകാഷ്മീർ സ്വദേശി ഡൽഹി പോലീസ് പ്രത്യേകസംഘത്തിന്റെ പിടിയിൽ. ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശ്രീനഗറിൽനിന്നുള്ള 38കാരൻ അസിഫ് ഷാഫി അഹൻഗർ അറസ്റ്റിലായത്.
റോ, ഐബി ഉൾപ്പെടെ അന്വേഷണ വിഭാഗങ്ങൾ ഇയാളെ ചോദ്യംചെയ്തുവരികയാണ്.കള്ളപ്പണം കൈമാറുന്നതിന് ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് വഴി ഡൽഹി ജാമിയ നഗർ സ്വദേശി ഫിയാസ് അഹമ്മദിനെ കബളിപ്പിച്ച് 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അസിഫ് ഷാഫി കുടുങ്ങുകയായിരുന്നു.
പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു വേണ്ടിയാണോ ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു സംശയമുണ്ട്. അതുമല്ലെങ്കിൽ പാക് ചാരനായി പ്രവർത്തിച്ചുവെന്നാണ് സംശയം. അതേസമയം ഇക്കാര്യത്തിൽ പ്രതികരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.വേൾഡ് ഗോൾഡ് കൗൺസിൽ ജീവനക്കാരെന്നു പരിചയപ്പെടുത്തിയ സിംഗപ്പുർ പൗരന്മാരായ ആനി ഫാൻ എന്നറിയപ്പെടുന്ന അനിതയും കെവിൻ ഫാൻ എന്നയാളും ഫിയാസിനെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.
വ്യാജ ഓൺലൈൻ സ്വർണവ്യാപാര പദ്ധതിയിൽ ചേർത്ത് ആദ്യഘട്ടത്തിൽ നിക്ഷേപിച്ച ചെറിയ തുകയ്ക്കു ലാഭവിഹിതം കൈമാറിയായിരുന്നു തട്ടിപ്പ്. ഫിയാസ് കൂടുതൽ പണം നിക്ഷേപിച്ചതോടെ മലബാർ ഡോട്ട് കോം എന്ന പേരിലുള്ള വെബ്സൈറ്റ് വരെ അടച്ചുപൂട്ടി ഓൺലൈൻ തട്ടിപ്പ് സംഘംമുങ്ങുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം ശ്രീനഗർ സ്വദേശിയുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്നും ഇയാൾക്കു പണം ലഭിച്ചുവെന്നും വ്യക്തമായതോടെ അറസ്റ്റിലേക്കും നീങ്ങി.
International
ഇസ്ലാമാബാദ്: ചൈനയിൽനിന്ന് അത്യാധുനിക അന്തർവാഹിനി സ്വന്തമാക്കിയതായി പാക്കിസ്ഥാൻ അറിയിച്ചു.
ഹാങ്കോർ എന്നു പേരിട്ടിരിക്കുന്ന അന്തർവാഹിനിയുടെ കമ്മീഷനിംഗ് ചടങ്ങ് ചൈനയിലെ സന്യായയിൽ നടന്നു. പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, നാവികസേനാ മേധാവി നവീദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
ഇതടക്കം എട്ട് അന്തർവാഹിനികൾ ചൈനയിൽനിന്നു പാക്കിസ്ഥാൻ വാങ്ങുമെന്നാണു റിപ്പോർട്ട്. നാലെണ്ണം ചൈനയിലും ശേഷിക്കുന്നത് പാക്കിസ്ഥാനിലുമായിരിക്കും നിർമിക്കുക.
International
കാഠ്മണ്ഡു: നെറ്റ്വർക്ക് മാപ്പിൽ ജമ്മു കാഷ്മീരും ലഡാക്കും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയ നേപ്പാൾ വിമാന കമ്പനിക്കെതികെ വ്യാപക വിമർശനം. നേപ്പാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസിനെതിരെയാണ് പ്രതിഷേധം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച റൂട്ട് മാപ്പിലായിരുന്നു ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ വിമാനക്കമ്പനി ക്ഷമാപണം നടത്തി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതിന് പിന്നാലെ നേപ്പാൾ എയർലൈൻസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്ക് പിന്നാലെയാണ് കമ്പനി ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുൾപ്പെടെ പോസ്റ്റ് നീക്കം ചെയ്ത്, ക്ഷമാപണം നടത്തിയത്. വിഷയത്തിൽ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള നീക്കത്തിനു തിരിച്ചടി. ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിൽനിന്നു മടങ്ങി. യുഎസ് പ്രതിനിധിസംഘാംഗങ്ങളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നെർ എന്നിവർ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് നേരത്തെ ഇറാൻ അറിയിച്ചിരുന്നു. ഏതു ചർച്ചയും പരോക്ഷമായിട്ടാണു നടത്തുകയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാന് കൈമാറിയെന്നാണു റിപ്പോർട്ട്.
ഈ നിർദേശങ്ങൾ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയ്ക്കു കൈമാറും. ഇന്നലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സേനാ മേധാവി അസിം മുനീർ എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. പാക് സന്ദർശനത്തിനു പിന്നാലെ ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലും അരാഗ്ചി സന്ദർശനം നടത്തും.
ഫെബ്രുവരി 27ന് ജനീവയിൽ ട്രംപിന്റെ പ്രതിനിധികളുമായി അരാഗ്ചി മണിക്കൂറുകളോളം പരോക്ഷ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചത്.
വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും ഇന്നലെ പരസ്പരം ആക്രമണം നടത്തി. തെക്കൻ ലബനനിൽ ഹിസ്ബുള്ളയുടെ മൂന്നു റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന് ഇസ്രേലി സേന അറിയിച്ചു. ലബനനിൽ ഇതുവരെ 2490 പേരാണു കൊല്ലപ്പെട്ടത്.
International
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകളിൽ വിമുഖത പ്രകടിപ്പിച്ച് അമേരിക്ക. ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് അമേരിക്കൻ സംഘത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി.
അനാവശ്യ യാത്രകൾ ഒരുപാടായെന്നും ട്രംപ് പറഞ്ഞു. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് അമേരിക്കയുടെ നിലപാടെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വിമർശിച്ചു.
അതേസമയം നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം.
ഇതിനിടെയാണ് അമേരിക്കൻ സംഘം പാക്കിസ്ഥാൻ യാത്ര റദ്ദാക്കിയത്. അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാകിസ്ഥാന് കൈമാറിയതായാണ് വിവരം.
National
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾക്ക് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നു കോണ്‍ഗ്രസ്.
പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശനയതന്ത്രത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
ഭീകരവാദികൾക്ക് അഭയം നൽകുകയും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇപ്പോൾ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പരാജയമാണ്.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഡോ. മൻമോഹൻ സിംഗ് സർക്കാരിന് പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ പ്രതിരോധത്തിലാക്കാൻ സാധിച്ചിരുന്നു.
എന്നാൽ, മോദിസർക്കാരിന് അതു സാധിച്ചില്ല. മറിച്ച് പാക്കിസ്ഥാന് പുതിയൊരു പ്രതിച്ഛായ നേടിക്കൊടുക്കാനാണു സാധിച്ചത്. പാക് സൈനികമേധാവി അസിം മുനീറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുത്ത ബന്ധം ഇന്ത്യയുടെ നയതന്ത്ര പരാജയമാണ്.
ഇസ്ലാമാബാദിൽ വച്ച് അമേരിക്കയും ഇറാനും തമ്മിൽ ആദ്യഘട്ട ചർച്ചകൾ നടന്നിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഘട്ട ചർച്ചകൾക്കും ട്രംപ് ഇസ്ലാമാബാദിനെത്തന്നെ വേദിയായി നിശ്ചയിച്ചു.
ഇത്തരം നീക്കങ്ങൾ ഇന്ത്യയുടെ പ്രാദേശികവും ആഗോളവുമായ സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും നയതന്ത്ര നീക്കങ്ങളിൽ മാറ്റം വരുത്താൻ മോദിക്കു കഴിയുന്നില്ലെന്നും ജയ്റാം രമേശ് ആരോപിച്ചു.
Sports
കറാച്ചി: പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സര്‍ഫറാസ് അഹമ്മദ് നിയമിതനായി.
അടുത്ത മാസം ബംഗ്ലാദേശിന് എതിരായ രണ്ട് മത്സര പരമ്പരയാണ് സര്‍ഫറാസിന്റെ ശിക്ഷണത്തില്‍ പാക്കിസ്ഥാന്റെ ആദ്യ പരീക്ഷണഘട്ടം. ബംഗ്ലാദേശിന് എതിരായ പരമ്പയില്‍ നാല് പുതുമുഖങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാന്‍ മസൂദാണ് ക്യാപ്റ്റന്‍.
2017ല്‍ പാക്കിസ്ഥാനെ ചാമ്പ്യന്‍സ് ട്രോഫി ഏകദിന കിരീടത്തില്‍ എത്തിച്ച ക്യാപ്റ്റനാണ് സര്‍ഫറാസ് അഹമ്മദ്. ഇന്ത്യയെ ഫൈനലില്‍ കീഴടക്കിയായിരുന്നു പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ഏകദിന കിരീടം സ്വന്തമാക്കിയത്.
ബാറ്റിംഗ് കോച്ചായി ആസാദ് ഷഫീഖിനെയും ബൗളിംഗ് കോച്ചായി ഉമര്‍ ഗുലിനെയും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയോഗിച്ചു. 38കാരനായ സര്‍ഫറാസ് 54 ടെസ്റ്റും 117 ഏകദിനവും 61 ട്വന്റി-20യും പാക് ജഴ്സിയില്‍ കളിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരെ തങ്ങളുടെ വധശിക്ഷാ പട്ടികയിൽ നിന്ന് ഇസ്രയേൽ ഒഴിവാക്കിയത് പാകിസ്താന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ടുകൾ.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറേനിയൻ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ നയതന്ത്ര സമ്മർദ്ദത്തിന് ഒടുവിലാണ് ഇസ്രയേൽ വഴങ്ങിയതെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള 15 വർഷത്തെ സമാധാന കരാർ ഇറാൻ നിലവിൽ പരിശോധിച്ചു വരികയാണ്. ഈ ചർച്ചകൾ പുരോഗമിക്കണമെങ്കിൽ നേതാക്കൾക്കെതിരെയുള്ള ഭീഷണി ഒഴിവാക്കണമെന്ന് മധ്യസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാന്റെ ഭാഗത്തുനിന്ന് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തതും അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാൻ ഇറാൻ തയ്യാറായതും ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഇറേനിയൻ നേതാക്കളെ ലക്ഷ്യം വെക്കുന്നതിൽ നിന്ന് ഇസ്രയേൽ പിന്മാറിയതോടെ, പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾക്ക് കൂടുതൽ വേഗത ലഭിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.
International
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത യുദ്ധഭീതിക്ക് വിരാമമിട്ട് ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചു. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ നിർണായക ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുന്നതായുള്ള അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന പുറത്തുവന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ നിലനിന്നിരുന്ന നാവിക ഉപരോധവും സംഘർഷാവസ്ഥയും പരിഹരിക്കുന്നതിൽ പാകിസ്താന്റെ നയതന്ത്ര ഇടപെടൽ നിർണായകമായി. വാഷിംഗ്ടണിൽ നിന്നുള്ള പ്രത്യേക സന്ദേശവുമായാണ് അസീം മുനീറും സംഘവും ടെഹ്റാനിലെത്തിയത്. പാക് സംഘവുമായുള്ള ചർച്ചകൾക്ക് ശേഷം നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം ഇനി മുതൽ തടസമില്ലാതെ തുടരുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് പാത തുറന്നതോടെ ആഗോള എണ്ണവിപണിയിലുണ്ടായിരുന്ന ആശങ്കകൾക്ക് പരിഹാരമായി. ഉപരോധം മൂലം പ്രതിദിനം 400 മില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്ന ഇറാനും ഈ തീരുമാനം വലിയ ആശ്വാസമാകും. ലെബനനിലെ വെടിനിർത്തലും ഹോർമുസ് കടലിടുക്ക് തുറന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് താത്കാലിക ശമനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.