അസിം മുനീർ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയിൽ അംഗമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് അസിം മുനീറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ ജനസംഖ്യാ നിയന്ത്രണവും അസിം മുനീറിന്റെ ചുമതലകളിലേക്ക് എത്തിയിരിക്കുന്നത്.പാക്കിസ്ഥാൻ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയിദ് മുസ്തഫ കമാലാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ ജനസംഖ്യാ വർധനവ് തടയുന്നതിനുള്ള നയരൂപീകരണത്തിനായി ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം അസിം മുനീറും ഈ സമിതിയിൽ പ്രവർത്തിക്കും.
ജനസംഖ്യാ വർധനവ് പാക് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാ തലങ്ങളിലും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുത്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ.
Tags : Pakistan Deepika BreakingNews NewsUpdate Headlines GlobalNews