എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു.
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് ഇനി ഒരേ നിറമായിരിക്കുമെന്നും ഓഗസ്റ്റ് 15നുമുമ്പ് എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കി പുതുമോടിയിലാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ നിർദേശം പോലീസ് സ്റ്റേഷനുകളിലേക്കു നൽകിയതായി എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 478 പോലീസ് സ്റ്റേഷനുകൾക്കും ഒരേ നിറത്തിലുള്ള പെയിന്റടിക്കും. സ്റ്റേഷൻ വൃത്തിഹീനമാണെന്ന പരാതി ഇനി പാടില്ല. സ്റ്റേഷനിലെത്തുന്നവർക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കും. വരുന്നവരെ ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് ഈവനിംഗ് എന്നീ അഭിവാദ്യങ്ങളോടെ സ്വീകരിക്കും. ജനസൗഹൃദമായ പോലീസ് സ്റ്റേഷൻ അന്തരീക്ഷമാണു സർക്കാരിന്റെ ലക്ഷ്യം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 6632 പേരെ അറസ്റ്റ് ചെയ്തു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. ഓപ്പറേഷൻ തൂഫാൻ സമൂഹമാകെ ഏറ്റെടുത്തു.
ലഹരിയുടെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. പെരുമ്പാവൂരിൽ ലഹരിയുടെ പേരിൽ യുവാക്കൾക്കുനേരേ നടന്ന അതിക്രമത്തിനെതിരേ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്.
ഡിജെ പാർട്ടികൾക്കും നൈറ്റ് ലൈഫിനും സർക്കാർ എതിരല്ല. എന്നാൽ, എവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടായാലും പോലീസ് എത്തും. റസ്പോൺസിബിൾ നൈറ്റ് ലൈഫാണ് കേരളത്തിനു വേണ്ടത്. സ്റ്റാർ ഹോട്ടലിലും കാരവാനിലും ലഹരി അനുവദിക്കില്ല.
ലഹരിക്കേസിൽ ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ കുറ്റം ആവർത്തിക്കുന്നതു തടയാൻ കേന്ദ്രനിയമത്തിൽ മാറ്റമുണ്ടാകണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. തൂഫാൻ കെയർ ഫലപ്രദമാക്കും.
തട്ടിപ്പുകേസുകളിൽ ഇരകളായി നിരവധി പേർക്കു പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പിന് നിന്നുകൊടുക്കുന്ന മലയാളിയുടെ മനോഭാവത്തിലും മാറ്റമുണ്ടാകണം. വിഴിഞ്ഞത്ത് മുഖ്യമന്ത്രി വ്യക്തമാക്കിയതാണു ശരിയെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറും പരിപാടിയിൽ പങ്കെടുത്തു.
പോലീസിനെ ആരും അകാരണമായി ഭയക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമങ്ങളാണു പോലീസിനെ നയിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ നവീകരിച്ച പോലീസ് സേനയും സേവനവുമാകും സംസ്ഥാനത്തുണ്ടാകുക. 64 സ്റ്റേഷനുകളിൽ ഒഴികെ എസ്ഐക്കാകും സ്റ്റേഷൻ ചുമതല. കൂടുതൽ കേസുകളുള്ള 64 സ്റ്റേഷനുകളിൽ സിഐമാർക്കുതന്നെയായിരിക്കും സ്റ്റേഷൻ ചുമതലയുണ്ടാകുക.
സ്റ്റേഷനുകളിലെത്തുന്ന പരാതികൾ പരിഹരിച്ചതു വിലയിരുത്താൻ നിശ്ചിതസമയങ്ങളിൽ ഓഡിറ്റ് നടത്തും. പോലീസിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും മന്ത്രി പറഞ്ഞു.
Tags : PoliceStations clean SameColor RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash