മൈക്കല്‍ മെറിനോ
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
ഒരു കളിക്കാരന് എങ്ങനെയാണ് തുടര്‍ച്ചയായി ഒരു ടീമിനെ അവസാന നിമിഷങ്ങളിലെ ഗോളില്‍ ജയിപ്പിക്കാന്‍ സാധിക്കുന്നത്..? ആ ഒരു ചോദ്യത്തിന്റെ ഉത്തരമാണ് സ്പെയിനിന്റെ അറ്റാക്കിംക് മിഡഫീല്ഡറായ മൈക്കല്‍ മെറിനോ എന്ന 30കാരന്.
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് രണ്ട് നോക്കൗട്ട് ജയം സ്വന്തമാക്കിയത് ഈ താരത്തിന്റെ നിര്‍ണായക ഗോളുകളില്‍. അതില്‍ അവസാനത്തേതായിരുന്നു ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് 2-1നു ജയിച്ചപ്പോള്‍ 88-ാം മിനിറ്റിലേത്.
2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരേ 119-ാം മിനിറ്റില്‍, 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് എതിരേ 91-ാം മിനിറ്റില്‍, ഇപ്പോള്‍ ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍. മെറിനോ നേടിയ ഗോളുകളിലായിരുന്നു ഈ മത്സരങ്ങള്‍ എല്ലാം സ്പെയിന് ജയിച്ചത്.
സ്പാനിഷ് മുഖ്യപരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ആവനാഴിയിലെ വജ്രായുധമാണ് മെറിനോ. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍ 86-ാം മിനിറ്റിലായിരുന്നു ഫ്യൂന്റെ ഈ താരത്തെ കളത്തിലിറക്കിയത്. മൈതാനത്തെത്തി രണ്ടാം മിനിറ്റില്‍ ടീമിനായുള്ള വിജയഗോള്‍ എത്തി. വമ്പന്‍ ടൂര്‍ണമെന്റുകളിലെ വമ്പന്‍ പോരാട്ടങ്ങളിലാണ് മെറിനോയുടെ ഈ ഗോളുകളെല്ലാം എന്നതാണ് ശ്രദ്ധേയം.
ഈ ലോകകപ്പില്‍ പോര്‍ച്ചുഗല്‍, ബെല്‍ജിയം ടീമുകള്‍ക്ക് എതിരായ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലായി വെറും ഒമ്പത് മിനിറ്റ് മാത്രമാണ് മെറിനോ കളിച്ചത്. അതില്‍ നാല് ഡ്വല്സ് ജയിച്ചു. എതിര് ഗോള്‍ പോസ്റ്റില്‍ രണ്ട് ടച്ച് നടത്തി. രണ്ട് ഷോട്ട് എടുത്തു, രണ്ടും ഓണ്‍ ടാര്‍ഗറ്റ്, രണ്ടും ഗോള്‍..!
Tags : MichaelMerino Spain FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton