ലാമിൻ യമാൽ, കിലിയൻ എംബപ്പെ
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ ആരെയും ഭയക്കുന്നില്ല. സ്പെയിനും ഫ്രാന്‍സും രണ്ട് മികച്ച ടീമുകളാണെന്നതില് തര്‍ക്കമില്ല. എന്റെ അഭിപ്രായത്തില്‍ അവര്‍ ഒരുപടി മുകളില്‍ നില്ക്കും. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം”- ലാമിന് യമാല്‍
(ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ജയത്തിനുശേഷം നടത്തിയ പ്രതികരണം)
Tags : European battle FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton France Spain