പൊന്മുടി ചുരത്തിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്.
തിരുവനന്തപുരം: പൊന്മുടി ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ അപകടത്തിൽ ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. പൊന്മുടിയിലെ അപകടമേഖലയായ ആറാം വളവിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ പ്രിയദർശിനി പദ്ധതിയിൽപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
പൊന്മുടിയിൽ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ചുരമിറങ്ങുന്നതിനിടെ നഷ്ടപ്പെടുകയായിരുന്നു. അഗാധമായ താഴ്ചയുള്ള ആറാം വളവിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ബസിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ബസ് റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു.
അപകട സമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കു പരിക്കില്ല. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് പൊന്മുടിയിലേക്ക് ആദ്യത്തെ സര്‍വീസ് നടത്തിയ പ്രിയദര്‍ശനി ബസാണ് അപകടത്തില്‍പ്പെട്ടത്.
Tags : KsrtcBus Accident Ponmudi BrakeFailure