പ്രതീകാത്മക ചിത്രം
കൊച്ചി: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആറു വര്‍ഷം മുമ്പ് ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ നിലനില്പു ഭീഷണിയില്‍. 20 രൂപയ്ക്ക് ഊണ് എന്ന പ്രഖ്യാപനത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതി സര്‍ക്കാര്‍ സബ്സിഡികള്‍ നിർത്തലാക്കിയതോടെയാണു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
ഇടത് സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ പുതിയ സര്‍ക്കാര്‍ കൈമലര്‍ത്തുമോയെന്ന ആശങ്കയിലാണ് നിലവിലെ നടത്തിപ്പുകാര്‍.
ആരംഭഘട്ടത്തില്‍ സംസ്ഥാനത്തുണ്ടായിരുന്ന 1,198 ഹോട്ടലുകളില്‍ 655 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 543 എണ്ണം വിവിധ കാരണങ്ങളാല്‍ ആറു വര്‍ഷത്തിനിടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഓരോ ഊണിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 രൂപ സബ്സിഡി രണ്ടു വര്‍ഷത്തിലേറെയായി നല്‍കുന്നില്ല. ഇതോടെ പ്രതിസന്ധിയിലായ ജനകീയ ഹോട്ടലുകള്‍ക്ക് സാധനവിലയുടെയും പാചകവാതക വിലയുടെയും വര്‍ധന കാരണം പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയാണ്.
2020ല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നിലവിലുണ്ടായിരുന്ന കമ്യൂണിറ്റി കിച്ചണുകളെ ജനകീയ ഹോട്ടലുകളാക്കി മാറ്റുകയായിരുന്നു. തദ്ദേശ സ്ഥാപങ്ങളുടെ കീഴിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. നടത്തിപ്പ് കുടുംബശ്രീ വനിതകള്‍ ചേര്‍ന്നായിരുന്നു.
വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, കെട്ടിടവാടക എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇവ ആദ്യകാലങ്ങളില്‍ പാലിച്ചെങ്കിലും പിന്നീട് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. ഇതോടെ ഈ ബാധ്യത നടത്തിപ്പുകാരിലേക്ക് എത്തി.
ഇതിനുപുറമെ സപ്ലൈകോ വഴി നല്‍കിയിരുന്ന സബ്സിഡി അരി കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിർത്തലാക്കിയതും ബാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. ഇതോടെ പൊതുവിപണിയില്‍നിന്നു കൂടിയ വിലയ്ക്ക് അരി വാങ്ങേണ്ട അവസ്ഥയാണ്.
പിടിച്ചുനിൽക്കാനാവുന്നില്ല
നിലവില്‍ ജനകീയ ഹോട്ടലുകളില്‍ 30 രൂപയാണ് ഊണിന്. സ്പെഷലുകള്ക്ക് 40-50 രൂപയും. ഊണിനു വിലകൂടിയതോടെ ആവശ്യക്കാര്‍ കുറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു. സാമ്പത്തികബാധ്യത മറികടക്കുന്നതിന് പലരും മറ്റു വിഭവങ്ങൾ സാധാരണ വിലയില്‍ നല്‍കിയാണ് പിടിച്ചുനില്‍ക്കുന്നത്.
Tags : PopularHotels threat survival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash