വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച എ.വി.തോമസും ഭാര്യ ലൗനിയും.
ഫൂ ക്വോക്ക്: വിയറ്റ്നാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശിയും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ.വി.തോമസും ഭാര്യ ലൗനിയുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു ദിവസം മുൻപാണ് ഇവർ വിയറ്റ്നാമിലേക്ക് പോയത്.
ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെ പട്ടിക വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ശനിയാഴ്ച രാവിലെ 10.30നാണ് ദുരന്തം സംഭവിച്ചതെന്നും അപകടത്തിൽ 15 പേർ മരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ തമിഴ്നാട് പഴനി സ്വദേശിയായ മുരുകപ്രഭു (44) ഉൾപ്പെട്ടതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനി തന്നെയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : SpeedboatAccident Death Malayalis Vietnam