ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിർണായക നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി യുസിസി കരട് ബിൽ പരിശോധിക്കുന്നതിനും അന്തിമരൂപം നൽകുന്നതിനുമായി ഒമ്പതംഗ വിദഗ്ധ സമിതിയെ സർക്കാർ നിയമിച്ചു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ അധ്യക്ഷ. നിയമ വിദഗ്ധർ, മുൻ ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന സമിതി ഉടൻ തന്നെ പ്രവർത്തനം ആരംഭിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഓഗസ്റ്റിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം നിർദിഷ്ട നിയമത്തിൽ നിന്ന് സംസ്ഥാനത്തെ തദ്ദേശീയ വിഭാഗങ്ങളെ പൂർണമായി ഒഴിവാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുസിസി നടപ്പിലാക്കുന്നതിലൂടെ ഒരു രാജ്യം, ഒരു നിയമം എന്നത് വ്യക്തമാണെന്നും ഒരു ജനതയ്ക്ക് രണ്ട് തരം നിയമങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഈ നിയമനിർമാണവുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾ ബിജെപി രാജ്യവ്യാപകമായി സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാരിന്റെ ഈ അതിവേഗ നീക്കം.
Tags : UniformCivilCode Bengal ExpertCommittee SuvenduAdhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash