കവർച്ച നടന്ന എടിഎം ബൂത്ത്
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോവുകയുമായിരുന്നു. പണം കവർന്ന ശേഷം എടിഎം മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് അഞ്ച് പേർ ചേർന്ന് കവർച്ച നടത്തിയത്. പ്രാഥമിക വിവരം അനുസരിച്ച്, അക്രമികൾ എടിഎം മെഷീൻ വാഹനത്തിന്റെ പിന്നിൽ കയർ ഉപയോഗിച്ച് കെട്ടി വലിച്ചിഴച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് മെഷീൻ തകർത്ത് പണം കവർന്ന പ്രതികൾ, തകർന്ന എടിഎം റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.
വാഹനം തിരിച്ചറിയുന്നതിനും മോഷണശ്രമത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനുമായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. എടിഎമ്മിൽ നിന്ന് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താൻ ബാങ്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Tags : Deepika BreakingNews ATM