സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഹിൽ മേമൻ
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലിയിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാക്കളുടെ സംഘത്തിന് നേരെ സിംഹത്തിന്റെ ആക്രമണം. സിംഹത്തിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരനായ സോഹിൽ മേമൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വനത്തിൽ അനധികൃതമായി പ്രവേശിച്ച ഒരു സംഘം യുവാക്കൾക്ക് നേരെയായിരുന്നു വന്യമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. വനത്തിനുള്ളിൽ സിംഹങ്ങളെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സോഹിലും സുഹൃത്തുക്കളും അടങ്ങുന്ന സംഘം നിയമം ലംഘിച്ച് ഉൾവനത്തിലേക്ക് കടന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് യുവാക്കൾ വനത്തിൽ പ്രവേശിച്ചതും പ്രകോപനപരമായ രീതിയിൽ പെരുമാറിയതും. ഇതോടെ പ്രകോപിതനായ ആൺസിംഹം യുവാക്കൾക്ക് നേരെ തിരിയുകയും സോഹിലിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവിനെ സിംഹം ഉൾവനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം വീണ്ടെടുത്തത്. നരഭോജിയായ സിംഹത്തെ മയക്കുവെടി വെച്ച് വീഴ്ത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് സോഹിലിന്റെ മൃതദേഹത്തിന് അരികിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Tags : young man killed lion attack gujarat