കെ.സി.വേണുഗോപാൽ
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മൗനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൊള്ളയുടെ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണ്. ഈ ട്രസ്റ്റിനെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും കെസി പ്രതികരിച്ചു.
സാധാരണക്കാരായ ജനങ്ങള്‍ നല്കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ്. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന് തന്നെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നിട്ടും ഇത് അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നേരിട്ടു നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍, ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മിണ്ടുന്നില്ല. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും കെസി വിമർശിച്ചു.
ബിജെപി എല്ലാക്കാലത്തും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് അയോധ്യയെ ഉപയോഗിച്ചിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയരാന്‍ പോകുന്നതും അയോധ്യ കൊള്ളയില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Ayodhya Ram Temple scam KC Venugopal Modi Amit Shah