സ്കൂട്ടർ യാത്രിക റോഡിൽ തെന്നിവീണതിന് ശേഷം
കൊച്ചി: ആലുവ കീഴ്മാട് പഞ്ചായത്തില്‍ റോഡ് പണി പകുതിക്ക് നിര്‍ത്തിയതോടെ ഇരുചക്ര യാത്രികര്‍ക്ക് ദുരിതം. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീകളടക്കം നിരവധി പേരാണ് വാഹനങ്ങളുടെ ബാലന്‍സ് തെറ്റി വീണു പരിക്കേറ്റത്. റോഡ് വീതി കൂട്ടാനായി മെറ്റല്‍ വിരിച്ച് പണി പൂര്‍ത്തിയാക്കാതെ ഇട്ടതാണ് വിനയായിരിക്കുന്നത്.
കീഴ്മാട് സ്വദേശിനികളായ രണ്ടു സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലന്‍സ് തെറ്റി തെറിച്ചു വീണത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇരുവര്‍ക്കും നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫീസ് മുതല്‍ റേഷന്‍ ഷോപ്പ് കവല വരെയാണ് റോഡിന്റെ ഇരുവശവും താഴ്ത്തി മെറ്റല്‍ വിരിച്ചത്. മഴയത്ത് റോഡില്‍ മെറ്റല്‍ പരന്ന് അലങ്കോലമായി. കാല്‍നട യാത്രക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ വഴി നടക്കുന്നത്. എന്നാല്‍ പലവട്ടം പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags : keezhmad panchayath twowheeler accident road