ജറൂസലെമിലെ എൻജിനീയറിംഗ് അദ്ഭുതമായ ഹെസക്കിയാ തുരങ്കം അഥവാ ശീലോഹാ തുരങ്കം.
വയനാട് കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്ക പദ്ധതി പ്രദേശത്തുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആധുനിക മനുഷ്യനു നിരവധി തുരങ്കദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കാരണങ്ങൾ പലതാകാം, എന്നാൽ, മനുഷ്യചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ് അതെല്ലാം.
2025 ഫെബ്രുവരിയിൽ സംഭവിച്ച തെലങ്കാന തുരങ്ക അപകടം രാജ്യത്തെ നടുക്കുന്നതായിരുന്നു. എട്ടുപേരുടെ ജീവനാണു പൊലിഞ്ഞത്. ഉത്തരാഖണ്ഡ് സിൽക്യാര തുരങ്ക ദുരന്തം (2023 നവംബർ) രാജ്യം കണ്ട മറ്റൊരു അപകടമായിരുന്നു. നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പതിനേഴു ദിവസത്തോളം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് റാറ്റ്-ഹോൾ ഖനനത്തിലൂടെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെ റാംപുർ തുരങ്ക അപകടവും (2025) വൻ ദുരന്തമായി മാറി.
ഹോക്സ് നെസ്റ്റ് ടണൽ ദുരന്തം (അമേരിക്ക-1930), സലാംഗ് ടണൽ ദുരന്തം (അഫ്ഗാനിസ്ഥാൻ-1982), മോണ്ട് ബ്ലാങ്ക് ടണൽ തീപിടിത്തം (ഫ്രാൻസ്-ഇറ്റലി അതിർത്തി-1999), താവോയാൻ തുരങ്ക ദുരന്തം (ചൈന-2020), ഗോട്ട്ഹാർഡ് റോഡ് ടണൽ അപകടം (സ്വിറ്റ്സർലൻഡ്-2001), സാസാഗോ ടണൽ തകർച്ച (ജപ്പാൻ-2012) അങ്ങനെ എത്രയെത്ര ദുരന്തങ്ങൾ.
എന്നാൽ 2600 വർഷമായിട്ടും ഒരു ദുരന്തിനും ഇരയാകാതെ ഇന്നും വിസ്മയമായി തുടരുന്ന ഒരു തുരങ്കമുണ്ട്, ഹെസക്കിയാ രാജാവിന്റെ തുരങ്കം അഥവാ ശീലോഹ തുരങ്കം. ഇസ്രയേലിലെ ജറൂസലെം നഗരത്തിൽ നിത്യവിസ്മയമായി സ്ഥിതിചെയ്യുന്ന, ചരിത്രവും വിശ്വാസവും ഇഴചേർന്ന നിർമിതി പൗരാണിക എൻജിനീയറിംഗിന്റെ ഉത്തമ മാതൃകയാണ്.

ഏകദേശം 2600 വർഷം പിന്നിലേക്കു പോകണം. തുരങ്കനിർമാണത്തിന്റെ അതിശയിപ്പിക്കുന്ന ചരിത്രമറിയാൻ. ലോകം കണ്ട ഏറ്റവും വലിയ അധിനിവേശ ശക്തികളായ അസീറിയൻ സാമ്രാജ്യം യൂദയാ രാജ്യം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. തങ്ങളുടെ പ്രബലമായ സൈന്യവുമായി അസീറിയൻ രാജാവ് സെന്നാക്കെറിബ് ജറൂസലെമിന്റെ അതിരുകളിൽ രണ്ട് ലക്ഷത്തോളം പടയാളികളുമായി താവളമടിച്ചപ്പോൾ, യൂദയായിലെ ജനങ്ങൾ ഭയന്നുവിറച്ചു. നഗരത്തിന്റെ പതനം ഉറപ്പായ ആ കറുത്ത നാളുകളിൽ, ജറൂസലെമിനെ രക്ഷിക്കാൻ ഹെസക്കിയാ രാജാവ് നടപ്പാക്കിയ അസാധാരണ പ്രതിരോധതന്ത്രത്തിന്റെ കഥയാണ് ഇന്ന് പൗരാണിക ചരിത്രത്തിലെ ഏറ്റവും വലിയ എൻജിനീയറിംഗ് അത്ഭുതങ്ങളിലൊന്നായി നിലകൊള്ളുന്നത്!
ജറൂസലെം നഗരത്തിനു വലിയ പോരായ്മയുണ്ടായിരുന്നു. അവിടത്തെ പ്രധാന ജലസ്രോതസായ, ശീഹോൻ - നഗരമതിലുകൾക്ക് പുറത്തായിരുന്നു. ഒരു ഉപരോധമുണ്ടായാൽ നഗരവാസികൾക്ക് കുടിവെള്ളം മുടങ്ങും. മാത്രമല്ല, ശത്രുസൈന്യത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാൻ ഹെസക്കിയാ ശക്തമായ തീരുമാനമെടുത്തു. ഉറവയിൽനിന്നുള്ള വെള്ളം നഗരത്തിനുള്ളിലേക്കു തിരിച്ചുവിടുക, ഒപ്പം ശത്രുക്കൾക്ക് വെള്ളം കിട്ടാത്തവിധം പുറത്തെ ഉറവ മൂടിക്കളയുക. പാറ തുരന്ന് നീണ്ട തുരങ്കം നിർമിക്കുക മാത്രമായിരുന്നു ഇതിനുള്ള ഏക പോംവഴി.

പാറ തുരന്നുള്ള പ്രയാണം
ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള ദൗത്യം, കേവലം ഒരു കഥയല്ലെന്ന് പിൽക്കാലത്ത് ചരിത്രഗവേഷകർ കണ്ടെത്തി. ഉറവയുടെ ഭാഗത്തുനിന്നും നഗരത്തിന്റെ ഭാഗത്തുനിന്നും എന്നിങ്ങനെ രണ്ട് സംഘം തൊഴിലാളികൾ ഒരേസമയം പാറ തുരന്ന് പരസ്പരം ലക്ഷ്യമാക്കി യാത്ര തിരിച്ചു. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന കഠിനമായ പാറയ്ക്കുള്ളിലൂടെ, യാതൊരുവിധ ആധുനിക ഉപരണങ്ങളോ, കോമ്പസോ ഇല്ലാതിരുന്ന ആ കാലത്ത്, ഈ രണ്ട് സംഘങ്ങളും കൃത്യമായി തുരങ്കത്തിന്റെ മധ്യഭാഗത്ത് എങ്ങനെ കണ്ടുമുട്ടി എന്നത് ഇന്നും ശാസ്ത്രലോകത്തിനു മുൻപിൽ നിഗൂഢതയായി തുടരുന്നു.
ആധുനിക കണ്ടെത്തലുകളും അദ്ഭുതങ്ങളും
നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ടുപോയ തുരങ്കം 1838-ൽ അമേരിക്കൻ ഗവേഷകനായ എഡ്വേർഡ് റോബിൻസനാണു കണ്ടെത്തുന്നത്. തുടർന്നുള്ള പഠനങ്ങൾ ശാസ്ത്രജ്ഞരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. കഠിനമായ പാറ തുരന്ന് നിർമിച്ച തുരങ്കത്തിന് ഏകദേശം 534 മീറ്റർ നീളമുണ്ട്!
ഈ ചരിത്ര വിസ്മയത്തിന് പിന്നിൽ നിരവധി നിഗൂഢതകളുണ്ട്. ഒന്നാമതായി, കാറ്റോ വെളിച്ചമോ കടക്കാത്ത ഈ മലയ്ക്കുള്ളിൽ 150 അടി താഴെ തൊഴിലാളികൾക്കും അവരുടെ വിളക്കുകൾക്കും ആവശ്യമായ ഓക്സിജൻ എങ്ങനെ ലഭിച്ചു? രണ്ടാമതായി, ഈ തുരങ്കത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഉയരവ്യത്യാസം കേവലം ഒരു അടി മാത്രമാണ്! ഇത്രയും കൃത്യമായ ചരിവ് (Gradient) നിലനിർത്താൻ ആധുനിക ലെവലിംഗ് ഉപകരണങ്ങളില്ലാതെ അവർക്ക് എങ്ങനെ സാധിച്ചു? തുരങ്കം അവസാനിക്കുന്നിടത്ത് വെള്ളം എത്തിച്ചേരുന്ന കുളത്തിന് ഇന്ന് ശീലോഹാകുളം എന്നാണ് പേര്. ഇതുതന്നെയാണോ പുതിയ നിയമത്തിൽ പറയുന്ന ശീലോഹകുളം എന്നു സംശയമുണ്ട്.
തുരങ്കത്തിന്റെ ഭിത്തിയിൽനിന്ന് കണ്ടെത്തിയ ശീലോഹാ ലിഖിതം പുരാതന ഹീബ്രു ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ്. തുരങ്കം പൂർത്തിയായ നിമിഷത്തിലെ തൊഴിലാളികളുടെ ആഹ്ളാദം ഈ ശിലാരേഖയിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. പാറ തുരക്കുന്നവർ പരസ്പരം ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊണ്ടിരുന്നു. ഏകദേശം 1.4 മീറ്റർ മാത്രം തുരക്കാൻ ബാക്കിയുള്ളപ്പോൾ, തൊഴിലാളികൾ പരസ്പരം വിളിച്ചു. അവർ ശബ്ദം കേട്ട ദിശയിലേക്കു തുരന്ന്, ഒടുവിൽ മധ്യഭാഗത്തുവച്ച് കൃത്യമായി കൂട്ടുമുട്ടി. അതിനുശേഷം നീരുറവയിൽ നിന്നുള്ള വെള്ളം കുളത്തിലേക്ക് ഒഴുകാൻ തുടങ്ങി. നിലവിൽ ശീലോഹാ ലിഖിതം ഇസ്താംബുൾ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. 2003-ൽ റേഡിയോമെട്രിക് പരിശോധനയിലൂടെ തുരങ്കം ഹെസക്കിയാ രാജാവിന്റെ കാലത്തുതന്നെ നിർമിച്ചതാണെന്ന് പൂർണമായി സ്ഥിരീകരിച്ചു.

ആത്മീയസംവാദവും എൻജിനീയറിംഗും
ചരിത്ര രേഖകൾ പ്രകാരം, അസീറിയൻ സൈന്യം ജറൂസലെമിനെ ആക്രമിക്കുന്നതിനു തൊട്ടുമുമ്പ് ഒരു വലിയ അദ്ഭുതത്തിലൂടെ നശിക്കുകയും പിൻവാങ്ങേണ്ടിവരികയും ചെയ്തു. അതിനാൽ തുരങ്കത്തിന്റെ തന്ത്രപരമായ ആവശ്യം വന്നില്ല. തന്മൂലം, ദൈവത്തിൽ പൂർണമായി വിശ്വസിക്കാതെ സ്വന്തം ബുദ്ധിയിൽ പ്രതിരോധം തീർത്ത ഹെസക്കിയായുടെ നടപടിയെ പൗരാണിക യഹൂദ പണ്ഡിതന്മാർ വിമർശിക്കുകയും, എന്നാൽ രാജാവിന്റെ ദീർഘവീക്ഷണത്തെയും കഠിനാധ്വാനത്തെയും പിന്നീട് പ്രകീർത്തിക്കുകയുമുണ്ടായി.
ഇന്ന് ജറൂസലെം സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ ചരിത്ര തുരങ്കത്തിലൂടെ കാൽമുട്ടൊപ്പം വെള്ളത്തിൽ നടന്നു നീങ്ങാം. നഗരമതിലുകൾക്കു വെളിയിൽ, ഒഫേൽ എന്നറിയപ്പെടുന്ന വെളിംപ്രദേശത്താണ് തുരങ്കത്തിലേക്കുള്ള പ്രവേശനം. വിലാപമതിൽ ചത്വരത്തിനടുത്ത ചവറ്റുവാതിൽ (Dung Gate) വഴി പുറത്തുകടന്നാണ് പോകേണ്ടത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തൊഴിലാളികൾ പാറയിൽ പതിപ്പിച്ച കോടാലിപ്പാടുകൾ ഇന്നും അവിടെ കാണാം. രണ്ട് സംഘങ്ങൾ പരസ്പരം കൂട്ടിമുട്ടിയ ആ ചരിത്രസന്ധിയിൽ നിൽക്കുമ്പോൾ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും എൻജിനീയറിംഗ് വൈഭവത്തിന്റെയും ചരിത്രസ്മരണകളിലേക്കു സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.
Tags : KingHezekiah HezekiahTunnel SiloamTunnel Jerusalem DungGate Exploration Travel Culture