ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനും ഫോണിൽ സംസാരിച്ചു. വിശ്വാസ്യത ഉണ്ടെങ്കിലേ ചർച്ചയും മധ്യസ്ഥതയും സാധ്യമാകൂ എന്ന് ഷരീഫിനെ പസെഷ്കിയാൻ അറിയിച്ചു.
ഒരു മണിക്കൂർ നീണ്ട ഫോൺ കോളിൽ പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും നടത്തുന്ന ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പെസെഷ്കിയാനെ ഷരീഫ് ധരിപ്പിച്ചു.
വാഷിംഗ്ടൺ ഡിസി: ഇറാൻ ഈയാഴ്ച തന്നെ അമേരിക്കയുമായി ചർച്ച നടത്തിയേക്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Middle east war West Asian conflict Pakistan Saudi Arabia Turkey Egypt Discussions Iran