പ്രതീകാത്മക ചിത്രം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം വൻ സംഘർഷത്തിലേക്കു പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പുതിയ പ്രകോപനമുണ്ടായത്. ആക്രമണത്തിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത് നൽകുന്ന വിവരങ്ങൾപ്രകാരം, അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലുള്ള ചംകാനി ജില്ലയിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ ആദ്യത്തെ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. രണ്ടാമത്തെ ആക്രമണത്തിൽ 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ, പക്തിക പ്രവിശ്യയിലെ ഗിയാൻ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. പാക്കിസ്ഥാന്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശമാണെന്ന് അഫ്ഗാനിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഹയാത്തുള്ള മുഹാജിർ ഫറാഹി പറഞ്ഞു. ഇതിനു കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
ഞായറാഴ്ച രാത്രിയോടെ അതിർത്തിയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് കര-വ്യോമാക്രമണങ്ങൾ നടത്തിയതായും ഇതിൽ 29 ഭീകരർ കൊല്ലപ്പെട്ടെന്നും പാക് വാർത്താവിനിമിയ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരസംഘടനകളാണെന്നും അവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു.
Tags : Pakistan airstrike Afghanistan 36 killed