International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം വൻ സംഘർഷത്തിലേക്കു പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പുതിയ പ്രകോപനമുണ്ടായത്. ആക്രമണത്തിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത് നൽകുന്ന വിവരങ്ങൾപ്രകാരം, അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലുള്ള ചംകാനി ജില്ലയിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ ആദ്യത്തെ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. രണ്ടാമത്തെ ആക്രമണത്തിൽ 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ, പക്തിക പ്രവിശ്യയിലെ ഗിയാൻ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. പാക്കിസ്ഥാന്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശമാണെന്ന് അഫ്ഗാനിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഹയാത്തുള്ള മുഹാജിർ ഫറാഹി പറഞ്ഞു. ഇതിനു കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
ഞായറാഴ്ച രാത്രിയോടെ അതിർത്തിയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് കര-വ്യോമാക്രമണങ്ങൾ നടത്തിയതായും ഇതിൽ 29 ഭീകരർ കൊല്ലപ്പെട്ടെന്നും പാക് വാർത്താവിനിമിയ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരസംഘടനകളാണെന്നും അവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു.
International
ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
ലബനന്റെ കിഴക്കൻ ബെക താഴ്വരയിലും മറ്റ് ഭാഗങ്ങളിലും ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടാൻ തീരുമാനിച്ചെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. കിഴക്കൻ ലബനനിലെ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെക്കാ താഴ്വരയിലെ മഷ്ഘര ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.
International
കീവ്: യുക്രെയ്നിൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. ബുധനാഴ്ച രാത്രിമുതൽ ഇന്നലെ രാവിലെ വരെ നീണ്ട ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ വർഷം റഷ്യ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ പറ്റാതായി.
കീവിൽ നാല്, ഒഡേസയിൽ ഒന്‍പത്, നിപ്രോയിൽ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. കീവിൽ മരിച്ചതിൽ 12 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
650ഓളം ഡ്രോണുകളും 40നു മുകളിൽ മിസൈലുകളാണ് റഷ്യ തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്.
അതേസമയം വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പാർപ്പിടസമുച്ചയങ്ങളും ആക്രമിക്കപ്പെട്ടു. ഒഡേസയിലെ തുറമുഖങ്ങളിൽ കേടുപാടുണ്ടായി.
കൂടുതൽ ഉപരോധങ്ങളിലെട റഷ്യയെ സമ്മർദത്തിലാക്കണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കണമെന്നും പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിനു നേർക്ക് വീണ്ടും ആക്രമണം. ഇന്നലെ വ്യോമാക്രമണം ഉണ്ടായശേഷം അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
ടെഹ്റാനിൽനിന്ന് 220 കിലോമീറ്റർ തെക്കുകിഴക്കുള്ള നതാൻസ് ഇറാന്റെ പ്രധാന ആണവ ഇന്ധന സന്പുഷ്ടീകരണ കേന്ദ്രമാണ്. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇസ്രയേലും അമേരിക്കയും ഇവിടെ ബോംബിട്ടിരുന്നു.
ഇവിടെയുള്ള ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. കഴിഞ്ഞവർഷം ജൂണിലെ 12 ദിന യുദ്ധത്തിലും നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു.
International
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
International
ഡമാസ്കസ് (സിറിയ): മധ്യ സിറിയയിൽ ഐഎസ് ഭീകരരുടെ ആയുധപ്പുരയെന്നു സംശയിക്കുന്ന കേന്ദ്രത്തിൽ ബ്രട്ടീഷ്, ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ സംയുക്താക്രമണം. ചരിത്രപ്രസിദ്ധമായ പാല്‍മിറ നഗരത്തിനു സമീപം ഭൂഗര്‍ഭ തുരങ്കങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ബ്രട്ടീഷ് പ്രതിരോധവകുപ്പ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. മധ്യസിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് പാല്‍മിറ. ഇതിന്റെ വടക്കൻമേഖലയിലെ മലനിരകളിലാണ് ബോംബര്‍ വിമാനങ്ങള്‍ തീതുപ്പിയത്. എഫ്ജിആർ 4 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും പ്രതിരോധവകുപ്പ് വ്യക്തമാക്കി.
ആക്രമണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഐഎസ് ഭീഷണി അവസാനിപ്പിക്കാൻ സഖ്യകക്ഷികളുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരേ ഒരു ദശകത്തിൽ ഏറെയായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ബ്രിട്ടനും ഫ്രാൻസും പങ്കാളികളാണ്.
അതേസമയം ശനിയാഴ്ചത്തെ ആക്രമണത്തെക്കുറിച്ച് സിറിയ പ്രതികരിച്ചിട്ടില്ല.
International
കാബൂൾ: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്ക്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നaടെ പാക്കിസ്ഥാൻ നടത്തിയ ബോംബ് ആക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി), ഹാഫിസ് ഗുൽ ബഹാദൂർ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.