പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരളത്തില്‍ സഹകരണമേഖലയില്‍ ആദ്യമായി വിമാന സര്‍വീസ് എന്ന സ്വപ്ന പദ്ധതിക്കായി നടപടികള്‍ ആരംഭിച്ചതായി എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തുന്ന പദ്ധതിയാണിത്.
ആദ്യഘട്ടമായി രണ്ടു വിമാനങ്ങളാണു വാടകയ്ക്ക് എടുക്കുക. നെടുമ്പാശേരി ആസ്ഥാനമായി നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണു വിമാന സര്‍വീസ് നടത്തുക. പദ്ധതി നടത്തിപ്പിനായി സഹകരണമേഖലയില്‍ കമ്പനി രൂപവത്കരിക്കും.
മുഖ്യമന്ത്രി ചെയര്‍മാനും സഹകരണവകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി രൂപവത്കരിക്കുന്ന കമ്പനിയില്‍ 200 സഹകരണ സംഘങ്ങള്‍ രണ്ടു കോടി വീതം ഷെയര്‍ എടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക. സര്‍ക്കാരിന് ഇതില്‍ ചെലവില്ല. ഇത്തരത്തില്‍ ഒരു പദ്ധതിയെക്കുറിച്ചുള്ള രൂപരേഖ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സഹകരണമന്ത്രിയും വളരെ താത്പര്യത്തോടെയാണ് ഇതിനെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ രണ്ടു വിമാനങ്ങള്‍ ലീസിനെടുത്ത് നടത്തുന്ന സര്‍വീസ് പിന്നീട് നാലും ആറുമാക്കി ഉയര്‍ത്തും.
വിമാന സര്‍വീസിനൊപ്പം ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. കമ്പനിയില്‍ പണം മുടക്കാന്‍ 200 സഹകരണസംഘങ്ങള്‍ തയാറാണെന്നും സി.എന്‍. വിജയകൃഷ്ണന് അറിയിച്ചു.
Tags : air service cooperation outline submitted