വ്ലാദിമിർ പുടിൻ
കീവ്: റഷ്യക്കെതിരേ ശക്തമായ ഡ്രോൺ ആക്രമണം തുടർന്ന് യുക്രെയ്ൻ. എണ്ണ ശുദ്ധീകരണ ശാലകൾക്കു നേർക്കുള്ള യുക്രെയ്ൻ ആക്രമണം റഷ്യയെ പ്രതിരോധത്തിലാക്കിയതായി ആദ്യമായി സമ്മതിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രാജ്യം ഇന്ധന പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു.
എണ്ണ ഉദ്പാദനം വർധിപ്പിക്കുമെന്നും എണ്ണ ശുദ്ധീകരണ ശാലകൾക്ക് സുരക്ഷ ശക്തിപ്പെടുത്തുമെന്നും പുടിൻ പറഞ്ഞു. സമീപ മാസങ്ങളിൽ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും ഊർജകേന്ദ്രങ്ങൾക്കുമെതിരേ യുക്രെയ്ൻ ദീർഘദൂര ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിപ്പിച്ചിട്ടതുണ്ട്.
റഷ്യയുടെ ഇന്ധന വരുമാനത്തിൽ ഇടിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ഇത് റഷ്യയിൽ ഇന്ധനവിതരണത്തെ ബാധിച്ചു. രാജ്യത്തിന്റെ പലഭാഗത്തും ഗ്യാസ് സ്റ്റേഷനുകൾക്കു മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
റഷ്യയുടെ ക്രസ്നോദർ മേഖലയിലെ സ്ലവ്യാൻസ്ക് കുബാനിയിലെ റിഫൈനറിയിൽ യുക്രെയ്ൻ ഡ്രോണുകൾ പതിച്ച് തീപിടിത്തമുണ്ടായി.
സ്ലവ്യാൻസ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു. സമീപഗ്രാമത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ റഷ്യയിലെ പ്രധാന റിഫൈനറികളിലൊന്നായ ഇവിടെ പ്രതിവർഷം ഏകദേശം 40 ലക്ഷം ടൺ എണ്ണയാണു സംസ്കരിക്കുന്നത്.
യാരോസ്ലാവ് മേഖലയിലെ മറ്റൊരു റഷ്യൻ റിഫൈനറിക്ക് കേടുപാടുകൾ സംഭവിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി അവകാശപ്പെട്ടു.
Tags : Russia shoots down Ukrainian drones