പെൻഗിറാൻ
ദുബായ്: ബ്രൂണെ സുൽത്താൻ ഹസനാൽ ബോൾകിയ തന്റെ മരുമകളും 33കാരിയുമായ പെൻഗിറാൻ റാബിയത്തുൽ അദവിയ്യയുടെ മുഴുവൻ രാജകീയ പദവികളും റദ്ദാക്കി.
സുൽത്താനോടും രാജകുടുംബത്തോടും കാണിച്ച ‘അനുചിതമായ പെരുമാറ്റത്തെയും’ ബഹുമാനക്കുറവിനെയും തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വാർത്താമാധ്യമമായ ആർടിബി റിപ്പോർട്ട് ചെയ്തു.
സുൽത്താന്റെ ഉത്തരവിനെത്തുടർന്ന് ഗ്രാൻഡ് ചേംബർലെയ്ൻ ഓഫീസാണ് പദവികൾ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്നാൽ അവർ ചെയ്തത് എന്താണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.
2015ലാണ് പെൻഗിറാൻ, സുൽത്താന്റെ രണ്ടാമത്തെ മകനും കിരീടാവകാശികളിൽ നാലാമനുമായ പ്രിൻസ് അബ്ദുൾ മാലിക്കിനെ വിവാഹം കഴിക്കുന്നത്. പത്തു ദിവസം നീണ്ടുനിന്ന അതിഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.ദമ്പതികൾക്ക് നാല് പെൺമക്കളുണ്ട്. പെൻഗിറാന്റെ പദവികൾ റദ്ദാക്കിയെങ്കിലും മക്കളുടെ രാജകീയ പദവികളിൽ മാറ്റമൊന്നുമില്ലെന്ന് കൊട്ടാരം വ്യക്തമാക്കി.
മുമ്പ് തന്റെ മുൻ ഭാര്യമാരിൽ രണ്ടുപേരുമായി വിവാഹമോചനം നേടിയപ്പോഴും സുൽത്താൻ അവരുടെ പദവികൾ റദ്ദാക്കിയിരുന്നു. എന്നാൽ രാജകുമാരനും പെൻഗിറാനും തമ്മിൽ വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി സൂചനകളൊന്നുമില്ല.
തെക്കുകിഴക്കൻ ഏഷ്യയിലെ മലേഷ്യയാലും ദക്ഷിണ ചൈന കടലിനാലും ചുറ്റപ്പെട്ട വളരെ ചെറുതും സമ്പന്നവുമായ രാജ്യമാണു ബ്രൂണെ. ലോകത്തിൽ നിലവിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തുന്ന ഭരണാധികാരിയായ 80കാരനായ ഹസനാൽ ബോൾകിയ, 1984ൽ യുകെയിൽനിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ രാജ്യത്തിന്റെ സുൽത്താനും പ്രധാനമന്ത്രിയുമായി സേവനമനുഷ്ഠിക്കുകയാണ്.
Tags : Daughterinlaw BruneiSultan RoyalPosition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Pengiran