നൈനാർ നാഗേന്ദ്രൻ, സി.ജോസഫ് വിജയ്
ചെന്നൈ: മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ അമ്മയ്ക്കെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തന്റെ പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും പരാമർശത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും നൈനാർ പറഞ്ഞു.
വേദിയിൽ നടത്തിയ പ്രസംഗം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സ്വന്തം അമ്മയോടും ജന്മനാടിനോടും മാതൃഭാഷയോടും അളവറ്റ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നൈനാറിന്റെ പരാമർശത്തിനെതിരെ ബിജെപി വനിതാ നേതാവ് ഖുശ്ബുവും രംഗത്തെത്തി.
പരാമർശം വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഖുശ്ബു സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അവർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് നടന്ന അപ്പ പരാമർശത്തെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ്യുടെ അമ്മയെ പരാമർശിച്ച് നൈനാർ വ്യക്തിപരമായ അധിക്ഷേപം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അഭിഭാഷകൻ ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Tags : Nainar Nagendran TamilNadu BJP BJP Vijay C. Joseph Vijay Vijay Mother Controversial Remarks