കേരള നിയമസഭ
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ വനാതിർത്തി മേഖലകളിലെ സോളാർ ഫെൻസിംഗ് പൊളിക്കുന്ന വനംവകുപ്പു നടപടിക്കെതിരേ പ്രതിപക്ഷം നിയമസഭയിൽ രംഗത്ത്.
ജനവാസ മേഖലയിലെ വേലികളും മതിലുകളും വനംവകുപ്പിന് പൊളിക്കാൻ അധികാരമില്ലെന്നും മലയോര കർഷകർ സ്ഥാപിച്ച വേലികൾക്ക് റവന്യു വകുപ്പാണ് ഇതിന്റെ അധികൃതരെന്നും അടിയന്തരപ്രമേയ നോട്ടീസിൽ കെ.യു. ജനീഷ്കുമാർ പറഞ്ഞു.
ആനത്താരയിലെ ചില അനധികൃത നിർമാണങ്ങൾ മാത്രമാണു പൊളിച്ചതെന്നും ജനവാസ മേഖലയിൽ ഒന്നും ചെയ്യരുതെന്ന് വനം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഷിബു ബേബി ജോണ് പറഞ്ഞു. ചില റിസോർട്ടുകാരുടെ അനധികൃത നിർമാണങ്ങൾ പൊളിച്ചപ്പോഴാണ് പ്രശ്നങ്ങളുമായി ചിലർ രംഗത്തെത്തിയതെന്ന് മന്ത്രി ആരോപിച്ചു.
2022ലെ ഹൈക്കോടതി വിധി റിസോർട്ടിന് എതിരായിരുന്നു, എന്നാൽ, പിണറായി സർക്കാരിന് ഇക്കാര്യത്തിൽ കൈ വിറയ്ക്കുമായിരുന്നതിനാൽ ഒരു നടപടിയും സ്വീകരിച്ചില്ല. രണ്ട് വൻകിട റിസോർട്ടുകളുടെ അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അടക്കമുള്ള ജനകീയ ആവശ്യമാണ് നടപ്പാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ മൂന്നു പേർ മരിച്ചതിനു പിന്നാലെയാണ് ജനങ്ങൾ ആവശ്യം വനംവകുപ്പിനു മുന്നിൽ വച്ചത്. പ്രശ്നക്കാരായ രണ്ട് ആനകളുടെ കാര്യത്തിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിനനുസരിച്ചു മാത്രമേ മുന്നോട്ടു നീങ്ങാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
റവന്യു ഭൂമിയിൽ കർഷകർ കെട്ടിയ വേലികൾ വനംവകുപ്പ് പൊളിക്കുന്നതിനു പിന്നിൽ ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് കെ.യു. ജനീഷ്കുമാർ ആരോപിച്ചു. റിസോർട്ടിന്റെ ഫെൻസിംഗ് മാറ്റിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും കർഷകരും സമരം ചെയ്തത് അവർ റിസോർട്ടിന്റെ വക്താക്കളായതിനാലാണോ എന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ചു നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ കർഷകരെയും സാധാരണ ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: ഇടുക്കിയിലെ കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) വനഭൂമിയാക്കുകയല്ല സർക്കാർ നിലപാടെന്നും ഇത് റവന്യു ഭൂമിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സിഎച്ച്ആർ ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷത്തെ കെ.യു. ജനീഷ് കുമാറിന്റെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Tags : Construction Idukki LegislativeAssembly Ruling Opposition SolarPensing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash