x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും: കെ.സി. വേണുഗോപാൽ

വെബ് ഡെസ്ക്
Published: August 15, 2026 10:10 PM IST | Updated: August 15, 2026 10:10 PM IST

കെ.സി. വേണുഗോപാൽ

മലപ്പുറം: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇതിനായുള്ള പോരാട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാർക്ക് ഡിസിസി ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി കൂടുതൽ കരുത്തോടെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുമെന്നും 2029 വരെ കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടും വിശ്രമമില്ലാത്ത കാലഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ബിജെപിയെ എല്ലാ മേഖലകളിൽ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.

അടുത്ത 25 വർഷം കേരളം ഭരിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും അതിനായി പ്രവർത്തകർ ഒറ്റക്കെട്ടായി ഒത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും നിയമസഭാ തോൽവികളിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സിപിഎം തയാറാകുന്നില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.

മാർക്സിസ്റ്റ് പാർട്ടി കൂടുതൽ അപകടത്തിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വികസനത്തിന്‍റെയും ജനക്ഷേമത്തിന്‍റെയും പുതിയ മാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Tags : RahulGandhi KCVenugopal PrimeMinister UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up