ക്രൊയേഷ്യയിലെ തീരദേശ നഗരമായ ഓമിഷിലുണ്ടായ കാട്ടുതീയിൽ പെട്ട വാഹനങ്ങൾ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ.
ഓമിഷ്: ക്രൊയേഷ്യയിലെ തീരദേശ നഗരമായ ഓമിഷിലുണ്ടായ കാട്ടുതീയിൽ വൻ നാശനഷ്ടം. നിരവധി പേർക്ക് പൊള്ളലേറ്റു. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു.
ലോക്വ റോഗോസ്നിക്കയിലെ ജനവാസ കേന്ദ്രത്തിലാണ് തീ കത്തിത്തുടങ്ങിയത്. പിന്നീട് ചുറ്റുമുള്ള കുന്നുകളിലൂടെ പടർന്നുപിടിക്കുകയായിരുന്നു. ഓമിഷിൽനിന്ന് നൂറുകണക്കിനാളുകളെയാണ് ഒഴിപ്പിച്ചത്. മിന്നൽ വേഗത്തിൽ പടർന്നുപിടിച്ച തീയിൽ നിരവധി വീടുകളും കടകളും വാഹനങ്ങളും കത്തിനശിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വിനാശകരമായ കാട്ടുതീയിലൊന്നാണിതെന്ന് അധികൃതർ പറയുന്നു. അപകടത്തിൽ ജർമൻ, പോളിഷ് വിനോദസഞ്ചാരികൾക്കും പരിക്കേറ്റു. തീരദേശ നഗരമായതിനാൽ വിദേശികളുൾപ്പെടെ നിരവധി വിനോദസഞ്ചാരികളും പ്രദേശത്തുണ്ടായിരുന്നു.
മേഖലയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ പടരാൻ ഇടയാക്കിയത്. പ്രദേശത്ത് 39 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
Tags : Heatwave Scorches Europe Croatia Suffers MajorDamage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash