പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2026 ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിനു നാളെ ഡൽഹിയിൽ തുടക്കം. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് വേദി. 2009ൽ ഹൈദരാബാദ് വേദിയായതിനുശേഷം ബാഡ്മിന്റൺ ലോക പോരാട്ടത്തിനു ഇന്ത്യ വീണ്ടും വേദിയാകുന്നു; അതാകട്ടെ നീണ്ട 17 വർഷങ്ങൾക്കുശേഷം. 23 വരെയാണ് ലോക ചാന്പ്യൻഷിപ്പ്.
പുരുഷ-വനിതാ സിംഗിൾസിൽ 64 വീതം താരങ്ങളും ഡബിൾസിൽ 48 ജോഡികളുമാണ് ഇത്തവണ മത്സരത്തിനിറങ്ങുക. എല്ലാ വിഭാഗങ്ങളിലും ഇന്ത്യക്കു രണ്ട് എൻട്രി വീതമുണ്ട്. 10 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്, ഒരു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം അഞ്ച് ലോക ചാന്പ്യൻഷിപ്പ് മെഡലുള്ള പി.വി. സിന്ധുവാണ്.
ട്രീസ ഫ്രം കണ്ണൂർ
കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിയാണ് ഇന്ത്യയുടെ 10 അംഗ ടീമിലെ ഏക മലയാളി. റിസർവ് സംഘത്തിൽ മലയാളികളായ എച്ച്.എസ്. പ്രണോയ്, കിരൺ ജോർജ് എന്നിവരുമുണ്ട്. സ്വന്തം മണ്ണിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കരുത്തുറ്റ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്.
വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ സഖ്യവും സാത്വിക്സായ്രാജ്-ചിരാഗ്ഷെട്ടി എന്നിവരുടെ പുരുഷ ഡബിൾസ് സഖ്യവും മെഡൽ നേടാൻ കരുത്തുള്ളവർതന്നെ.
പുരുഷ സിംഗിൾസിൽ ചൈനയുടെ ഷി യുകി, പുരുഷ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ കി വോൺ ഹോ - സിയോ സിയൂങ്, വനിതാ ഡബിൾസിൽ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ നിങ് സഖ്യവും ചമ്പ്യാൻഷിപ്പിന്റെ മാറ്റ് കൂട്ടും.
പ്രാവിനും കുരങ്ങിനും നോ എൻട്രി..!
പ്രാവുകളുടെയും കുരങ്ങിന്റെയും ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതിയൊരുക്കിയെന്നതാണ് സംഘാടനത്തിലെ ഏറ്റവും ശ്രദ്ധേയ നീക്കം.
ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പൺ ചാന്പ്യൻഷിപ്പിൽ എച്ച്.എസ്. പ്രണോയിയും സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവും തമ്മിലുള്ള മത്സരം രണ്ടു തവണ നിർത്തി വയ്ക്കേണ്ടി വന്നത് കോർട്ടിൽ പക്ഷിക്കാഷ്ഠം വീണതുകൊണ്ടായിരുന്നു. മത്സരത്തിനിടെ പ്രാവുകൾ സ്റ്റേഡിയത്തിനുള്ളിലെത്തി കോർട്ടിനുള്ളിൽ വിസർജിക്കുകയായിരുന്നു. കുരങ്ങുകൾ എത്തി ഗാലറി അലങ്കോലമാക്കുന്നതും പതിവ്.
പഴയകഥകളെ കാറ്റിൽപ്പറത്തി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂർണമായി സജ്ജമായി. 25 കോടി രൂപ മുടക്കി പുതുക്കിപ്പണിത സ്റ്റേഡിയത്തിൽ അത്യാധുനിക ലൈറ്റുകളും പുതിയ ഇരിപ്പിടവും അടക്കം സുസജ്ജം.
കുരങ്ങുകൾ കോർട്ടിലേക്ക് കടക്കുന്നത് തടയാൻ ഗ്ലാസ് വാതിലുകളും ഓട്ടമാറ്റിക് ഡബിൾ-എൻട്രി സിസ്റ്റവും അടക്കം അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിച്ചു. ഇതുകൂടാതെ കുരങ്ങുകളെ തുരത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നാലംഗ മിമിക്രി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ലംഗൂർ കുരങ്ങുകളുടെ ശബ്ദം അനുകരിച്ചാണ് ഇവർ മറ്റ് കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കുന്നത്. പ്രാവുകളെ തുരത്താനായി ഇരപിടിയൻ പക്ഷികളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ആറ് പോർട്ടബിൾ യന്ത്രങ്ങൾ അമേരിക്കയിൽനിന്ന് എത്തിച്ചു.
തണുപ്പും പക്ഷിശല്യവും ഇത്തവണ പ്രശ്നമാകില്ലെന്നും ഏത് വൻകിട ടൂർണമെന്റും ഭംഗിയായി നടത്താൻ ഇന്ത്യക്കു കഴിയുമെന്നും ലോകത്തിന് മുന്നിൽ തെളിയിക്കുകയാണു ലക്ഷ്യമെന്നും ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു.
Tags : WorldBadmintonChampionship Held Delhi IndiraGandiIndorStadium Sports