വീട് പുതുക്കിപ്പണിയുന്നതിനിടെ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയ സ്വർണശേഖരം.
ബ്രസൽസ്: ബൽജിയത്തിലെ കിഴക്കൻ ഫ്ലാൻഡേഴ്സിൽ വീട് പുതുക്കിപ്പണിയുന്നതിനിടെ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണശേഖരം കണ്ടെത്തി.
ഡെൻഡർമോണ്ടെയിലെ ചാരിറ്റി സംഘടനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടിത്തറയിൽ മലിനജല പൈപ്പ് ഇടാനായി ഡ്രില്ലിംഗ് നടത്തുന്നതിനിടെയാണ് നിർമാണത്തൊഴിലാളികൾ ഒരു കോടി യുഎസ് ഡോളർ (ഏകദേശം 86 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണക്കട്ടികളും നാണയങ്ങളും അടങ്ങിയ നിധി കണ്ടെത്തിയത്.
ജോലി ചെയ്യാനെത്തിയ 18കാരനായ കോബെ എന്ന വിദ്യാർഥിയും സഹപ്രവർത്തകരുമാണ് ഈ സ്വർണശേഖരം ആദ്യം കണ്ടത്. ആദ്യം സാധാരണ നാണയങ്ങളാണെന്ന് കരുതിയെങ്കിലും പിന്നീട് സ്വർണക്കട്ടികൾ കണ്ടതോടെയാണ് ഇതിന്റെ മൂല്യം തിരിച്ചറിഞ്ഞതെന്ന് കോബെ വ്യക്തമാക്കി.
സ്വർണം സ്വന്തമാക്കാൻ ശ്രമിക്കുന്നത് മോഷണത്തിന് തുല്യമാണെന്ന് മനസിലാക്കി ഇവർ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വാർത്ത പരന്നതോടെ നിധിവേട്ടക്കാർ സ്ഥലത്തേക്കു വരാൻ സാധ്യതയുള്ളതിനാൽ പോലീസ് കെട്ടിടം അടച്ചുപൂട്ടുകയും സ്വർണം അതീവസുരക്ഷയുള്ള വോൾട്ടിലേക്ക് മാറ്റുകയും ചെയ്തു.
ബെൽജിയത്തിലെ നിയമപ്രകാരം ഈ സ്വർണത്തിന്റെ യഥാർഥ അവകാശികൾക്ക് അതു കൈപ്പറ്റാൻ അഞ്ചുവർഷം വരെ സമയമുണ്ട്.
Tags : HouseRenovation GoldHoard Discovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash