യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി.
വാഷിംഗ്ടൺ ഡിസി: ഇറാനെ നേരിടാൻ പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ട യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനിയിലെ സൈനികർക്ക് ആശ്വസിക്കാം. 250നു മുകളിൽ ദിവസങ്ങളായി കടലിൽ കഴിയുന്ന ഏബ്രഹാം ലിങ്കണിനെ തിരിച്ചുവിളിക്കാൻ യുഎസ് നാവികസേന തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. പകരം യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്ന വിമാനവാഹാനി ഉടൻ പശ്ചിമേഷ്യയിലെത്തും.
ഏബ്രഹാം ലിങ്കണിലെ സൈനികർ നേരിടുന്ന പ്രശ്നങ്ങൾ യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. ഒന്പതു മാസത്തിനടുത്ത് കരകാണാതെ കഴിയുന്ന അനുഭവം സൈനികരുടെ മാനസികനിലയെ വല്ലാതെ ബാധിച്ചതായി ബന്ധുക്കൾ വെളിപ്പെടുത്തി.
തന്‍റെ ഭർത്താവായ സൈനികർ കപ്പലിൽനിന്നു വെള്ളത്തിലേക്കു ചാടാൻ ശ്രമിച്ചതായി അന്നബെല്ല ലോമ എന്ന വനിത പറഞ്ഞു. വിമാനവാഹിനിയിലെ ജോലി തന്‍റെ സൈനികകരിയർ നശിപ്പിക്കുമെന്ന് ഭർത്താവ് ഭയപ്പെടുന്നതായും ഇവർ കൂട്ടിച്ചേർത്തു. കപ്പലിൽനിന്നു കടലിലേക്കു ചാടാൻ ശ്രമിച്ച ഒരു സൈനികനെ തന്‍റെ ഭർത്താവ് പിടിച്ചുമാറ്റിയ സംഭവം മറ്റൊരു സൈനികന്‍റെ ഭാര്യയും പറയുകയുണ്ടായി.
ഇറാനെതിരായ നാവിക ഉപരോധം അനന്തകാലം തുടരാൻ അമേരിക്കൻ സൈന്യത്തിനു ശേഷിയുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞതിനിടെയാണ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനിയിലെ ദാരുണാവസ്ഥ പുറത്തുവന്നത്. കപ്പലിൽ അടിസ്ഥാന വസ്തുക്കളുടെ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടിലുണ്ട്. പ്ലംബിംഗ് പ്രശ്നം, ജലം മലിനപ്പെടൽ, തപാൽ സംവിധാനം താറുമാറാകൽ തുടങ്ങിയ കാര്യങ്ങളുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധ കപ്പലുകളിലൊന്നായ ഏബ്രഹാം ലിങ്കണിൽ സൈനികരും ജീവനക്കാരുമായി അയ്യായിരത്തിനു മുകളിൽ പേരുണ്ട്. തൊണ്ണൂറ് യുദ്ധവിമാനങ്ങളെയാണ് കപ്പൽ വഹിക്കുന്നത്. യുഎസ്എസ് ജോർജ് ഡബ്ല്യു. ബുഷ് എന്ന മറ്റൊരു യുഎസ് വിമാനവാഹിനിയും ഇറാനെതിരായ സൈനിക നടപടിക്കായി പശ്ചിമേഷ്യയിലുണ്ട്.
ഏബ്രഹാം ലിങ്കണിനു പകരമെത്തുന്ന യുഎസ്എസ് ജോർജ് വാഷിംഗ്ടണിൽ സൈനികർ അടക്കം ആറായിരം പേരുണ്ട്. കുറച്ചു ദിവസം മുന്പ് വിയറ്റ്നാമിലെ ഡ നാംഗിൽനിന്ന് ജോർജ് വാഷിംഗ്ടൺ പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Tags : USS Abraham Lincoln USS George Washington Iran War US Navy