പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് 20ന് തുടക്കമാകും. സീസണിന്റെ ഔദ്യോഗിക ടീം ലോഞ്ച് 17ന് തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടൽ ലീല റാവിസിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥും ഇന്ത്യൻ ക്രിക്കറ്റ് താരവും കെസിഎൽ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും.
ചടങ്ങിൽ കെസിഎൽ മൂന്നാം സീസണിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിക്കും. ടീമുകളുടെ ക്യാപ്റ്റൻമാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരെയും പരിചയപ്പെടുത്തും. തുടർന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും അരങ്ങേറും.
20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിനാണ്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് സീസണിൽ മാറ്റുരയ്ക്കുന്ന ആറ് ടീമുകൾ.
20ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. അന്ന് രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും ഏറ്റുമുട്ടും.
Tags : Kerala Cricket League KCL Kerala Cricket Sanju Samson Cricket