കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആർഎസ്എസ് വേദിയിൽ.
തിരുവനന്തപുരം: വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരത്തെ മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച സങ്കൽപ് 2026 യുവസംഗമം പരിപാടിയിലാണ് വിസി പങ്കെടുത്തത്.
പരിപാടിയിൽ വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് മോഹനൻ കുന്നുമ്മൽ നടത്തിയത്.
അമ്മയാരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്. അമ്മ എന്താണെന്ന് അറിയുന്നവർ വന്ദേമാതരം എപ്പോഴും പാടുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത വിസി വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിക്കുകയും ചെയ്തു. ലോകത്തിലെ 60 ശതമാനം മരുന്നുകൾ നിർമിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത്യ നിർമിക്കണമെന്ന അവസ്ഥയെത്തി.
ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാനാണ്. സമൂഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ആ മാറ്റം കേരളത്തിലും ഉണ്ടാകും. പിഎസ്സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യണം.
കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ച് പോവുകയാണ്. ചില കള്ളന്മാർ അത് വന്നു കൊള്ളയടിച്ചു. അവർക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമർശിച്ചാണ് വിസി പ്രസംഗം അവസാനിപ്പിച്ചത്. ആർഎസ്എസ് പരിപാടിയിൽ കേരള സർവകലാശാല വിസി പങ്കെടുത്തത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.
Tags : Kerala VC Mohanan Kunnummal Kerala University RSS Event