പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒമ്പതു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ്ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് ഒരു ജോഡി സീബ്രകളെ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.
ഓണാവധിയിൽ തന്നെ പുതിയ അതിഥികളെ സന്ദർശകർക്ക് കാണാനാകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് വൻതാരയിൽനിന്ന് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.
പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയുടെ യാത്ര. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം സീബ്രകളെ അനുഗമിക്കും.
2017ൽ പ്രായാധിക്യം മൂലം സീത എന്ന സീബ്ര ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. സീബ്രകളെ എത്തിക്കുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.
Tags : Thiruvananthapuram Zoo Zebra Kerala Vantara