പ്രതീകാത്മക ചിത്രം
കൊട്ടിയം: നഗരമധ്യത്തിൽ കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്ത് ഡിവൈസുകളും കവർന്നു. സമീപത്തെ രണ്ട് കടകളിൽ കൂടി ഇതേയാൾ മോഷണശ്രമം നടത്തിയിട്ടുണ്ട്.
കൊട്ടിയം ജംക്‌ഷനിൽ മയ്യനാട് റോഡിൽ സ്ഥിതി ചെയ്യുന്ന ലുക്മാന്‍റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ എന്ന കടയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ഉടമയെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് ഷട്ടറിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ചത്തെ വിറ്റുവരവു തുകയും പുതിയ സാധനങ്ങൾ വാങ്ങാനായി സൂക്ഷിച്ചിരുന്ന തുകയുമാണ് കൗണ്ടർ തകർത്ത് കവർന്നത്. പണത്തിനു പുറമെ കടയിലുണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോണുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവസ്ഥലത്തിന് സമീപത്തെ മറ്റൊരു കടയിലെ കാമറയിൽ നിന്ന് മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്‍റും ധരിച്ച് കൈയിൽ ഒരു ബാഗുമായാണ് ഇയാൾ എത്തിയത്. മോഷണം നടത്തുന്നതിന് തൊട്ടുമുമ്പ് എംഎകെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിംഗ് കടയ്ക്കു മുന്നിൽ ഇയാൾ സംശയകരമായ സാഹചര്യത്തിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ബേക്കറിയിൽ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്‍റെ പൂട്ടും തകർക്കാൻ ഇയാൾ ശ്രമം നടത്തി. ഇതിനുപുറമെ തൊട്ടടുത്തുള്ള ചെരിപ്പുകടയുടെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കൊട്ടിയം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കടകളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Mobile Stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs