Kerala
മലപ്പുറം: മുൻ എസ്എച്ച്ഒ സ്വർണം കവർന്നതായി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ സ്വർണം കവർന്നത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ടിലുള്ളത്. നിലവിൽ സസ്പെൻഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വർണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. 2018 മുതൽ പല തവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയ എട്ടു പവനിലധികം സ്വർണമാണ് കരിപ്പൂർ സ്റ്റേഷനിൽ നിന്നും നഷ്ടമായത്. ഉടമകൾക്ക് നൽകാനായി നാട്ടുകാർ കൈമാറിയതായിരുന്നു സ്വർണം. എസ്പിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൊണ്ടുപോയത് മുമ്പ് കരിപ്പൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടറാണെന്ന് വ്യക്തമായത്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷിനിലുള്ള ഇയാൾ സ്വർണം തിരികെ നൽകി തടിയൂരാനും ശ്രമിച്ചു. അബദ്ധത്തിൽ സ്വർണം കൈയിലായി പോയതാണെന്നും നടപടി ഒഴിവാക്കണമെന്നും ഇയാൾ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചതായാണ് വിവരം. എഎസ്പി യുടെ അന്വേഷണ റിപ്പോർട്ട് എസ്പി ഡിഐജി മുഖേന ഐജിക്കു കൈമാറിയിട്ടുണ്ട്. വൈകാതെ തുടർനടപടി ഉണ്ടാകുമെന്നാണ് സൂചന.
Kerala
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ അരകിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായത്. ഇവ കടത്തിക്കൊണ്ട് പോയതാണെന്നാണു സംശയം.
സിഐഎസ്എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയാണിത്. മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ മുറിച്ച് കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്.
വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്.
District News
പൂവച്ചൽ : പൂവച്ചലിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണം. പൂവച്ചൽ കോട്ടക്കുഴി വാസുദേവത്തിൽ ആർമി ഉദ്യോഗസ്ഥനായ വിവേകിന്റെ വീട്ടിലാണ് പട്ടാപകൽ കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവൻ സ്വർണാഭരണങ്ങളും ലോക്കറിന്റെ താക്കോലും വീടിന് മുന്നിലുണ്ടായിരുന്ന സിസിടിവി കാമറയും മോഷ്ടാവ് കവർന്നു. വിവേക് നിലവിൽ ആർമിയിൽ ജോലിയിലായതിനാൽ ഭാര്യ ജയലക്ഷ്മിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഈ വീട്ടിൽ താമസം.
ഇന്നലെ രാവിലെ പത്തിന് ജയലക്ഷ്മി വീട് പൂട്ടി തിരുവനന്തപുരത്തുള്ള കോളജിലേക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠനത്തിനായി പോയ സമയത്തായിരുന്നു മോഷണം. വൈകുന്നേരം ഇവർ തിരികെ വീട്ടിലെത്തി മുൻവാതിൽ തുറന്നപ്പോൾ അകത്തെ എല്ലാ ലൈറ്റുകളും തെളിഞ്ഞു കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
ബെഡ്റൂമിലെ അലമാരയും പൂർണമായി തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, താലിമാല, വളകൾ, കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
വീടിന്റെ രണ്ടാം നിലയിലെ പിൻവാതിൽ ഉൾപ്പെടെ എല്ലാ വാതിലുകളും മോഷ്ടാവ് തുറക്കാൻ ശ്രമിച്ചിരുന്നു. തേങ്ങ പൊളിക്കാനായി വീടിന് പിന്നിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പാര ഉപയോഗിച്ചാണ് കള്ളൻ അടുക്കള വാതിൽ കുത്തിത്തുറന്നത്.
മോഷണവിവരമറിഞ്ഞ് കാട്ടാക്കട സബ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ പൊളിക്കാൻ ഉപയോഗിച്ച പാര പോലീസ് പുരയിടത്തിൽ നിന്നും കണ്ടെടുത്തു.
മോഷണം നടത്തിയ ശേഷം ഈ പുരയിടത്തിൽ നിന്നും പുറത്തു കടക്കാനായി, വീടിന്റെ സൈഡിൽ ഇരുന്നിരുന്ന പാചകവാതക സിലിണ്ടർ മതിലിനോട് ചേർത്തു വെച്ച്, അതിൽ ചവിട്ടിക്കയറിയാണ് മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടത്.
District News
തൊടുപുഴ: ടൗണിനു സമീപമുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചു. രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന ഇത് രണ്ടുദിവസങ്ങളിലായാണ് മോഷ്ടിച്ചു കടത്തിയത്. എക്സ്ചേഞ്ചിന്റെ മൂന്നാംനിലയുടെ മുകളിലാണ് ഇവ സ്ഥാപിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി മിന്നല്‍ രക്ഷാചാലകത്തിന്റെ മുകള്‍ ഭാഗം നിര്‍ത്തിയ ശേഷം താഴ്ഭാഗം അറുത്തുമുറിച്ച് കൊണ്ടുപോകുകയായിരുന്നു. എക്സ്ചേഞ്ചില്‍നിന്നു സമീപത്തെ അര്ബന്ബാങ്കിലേക്ക് വലിച്ചിരുന്ന കേബിള്‍ മുറിച്ചുമാറ്റിയാണ് ഇവ താഴേക്കിറക്കിയത്.
നെറ്റ് കണക്ഷന് ലഭിക്കാതെ വന്നതോടെ ബാങ്കുകാര് ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ പരാതി നല്കി.
അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബുധനാഴ്ച രാത്രി മിന്നല്‍ രക്ഷാചാലകത്തിന്റെ ശേഷിക്കുന്ന ഭാഗംകൂടി കടത്തിക്കൊണ്ടു പോയത്.
പൂര്‍ണമായും ചെമ്പ് ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. സമീപനാളില്‍ ചെമ്പിന് വില കുതിച്ചുയര്‍ന്നിരുന്നു. കിലോയ്ക്ക് 1500 രൂപയെങ്കിലും വിലയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. മിന്നല്‍ രക്ഷാചാലകത്തിന് ഉപയോഗിച്ചിരുന്ന 100 കിലോ ചെമ്പെങ്കിലും രണ്ടു ദിവസങ്ങളിലായി മോഷ്ടിച്ചു കടത്തിയെന്നാണ് കണക്കാക്കുന്നത്. കെട്ടിടത്തിനു പുറത്തുനിന്നാണ് മോഷ്ടാക്കള്‍ മുകളിലെത്തിയതെന്നാണ് നിഗമനം.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് മൂവാറ്റുപുഴ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഈ കേസിലും പ്രതിയെ പിടികൂടാനായിട്ടില്ല.
District News
കോടാലി: മാങ്കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന തപസ്യ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്നിന്നിരുന്ന ചന്ദനമരം മോഷണം പോയതായി പരാതി. തപസ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ കനാല്‍ ബണ്ട്റോഡിനേടു ചേര്‍ന്നു നിന്നിരുന്ന 18 ഇഞ്ച് വണ്ണമുള്ള വലിയ ചന്ദനമരമാണ് കഴിഞ്ഞരാത്രി മോഷ്ടിക്കപ്പെട്ടത്.
ചന്ദനം മുറിച്ചുനീക്കാനുള്ള അനുമതിക്കായി റീഹാബിലിറ്റേഷന്‍ കേന്ദ്രം നടത്തിപ്പുകാര്‍ അധികൃതരുടെ അനുമതിക്കായി അപേക്ഷ നല്കി കാത്തിരിക്കുന്നതിനിടെയാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്. വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്കി.
Kerala
മലപ്പുറം: മലപ്പുറം വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം. മാസ്കും തൊപ്പിയും വെച്ച കള്ളൻ അതിവിദഗ്ധമായാണ് കടയുടെ അകത്ത് കടന്നത്. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. വണ്ടൂർ പോലീസ് അന്വേഷണം തുടങ്ങി. സ്വർണാഭരണങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ല വെള്ളിയാഭരണ കടകൾക്കും രക്ഷയില്ല.
കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയിൽ കള്ളൻ എത്തിയത്. കടയുടെ ഭിത്തി തുരന്ന് അതിവിദഗ്ധമായാണ് കടയ്ക്ക് അകത്തു കയറിയത്. ഒരാൾക്ക് ശ്രമകരമായി കടക്കാൻ പാകത്തിൽ ഭിത്തി പൊളിച്ചിട്ടുണ്ട്. ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഏകദേശം രണ്ട് കിലോയോളം ആഭരണം മോഷണം പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്തെ മാസ്കും തൊപ്പിയും കാരണം ആളെ തിരിച്ചറിയാനായിട്ടില്ല. സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ബംഗളൂരു: മൊത്തക്കച്ചവടക്കാരെന്ന വ്യാജേനയെത്തി സ്വർണാഭരണ നിർമാണ കന്പനിയെ പറ്റിച്ച് മൂന്നു കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നു.
ബംഗളൂരുവിലെ മല്ലേശ്വരത്ത് മേയ് 16നായിരുന്നു സംഭവം. തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരേ മല്ലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരേഷ് സോണി, ശ്യാം, ചന്ദ്രശേഖർ റാവു എന്നിവർക്കെതിരേയാണ് കേസ്. മേത്ത ഗോൾഡ് എന്ന കന്പനിയുടെ സെയിൽസ് മാനേജരും ജീവനക്കാരനും ചേർന്ന് മൊത്തക്കച്ചവടക്കാരനെന്നു പരിചയപ്പെടുത്തിയ പരേഷ് സോണിയുടെ ഓഫീസിൽ സ്വർണാഭരണങ്ങളുടെ സാന്പിളുകൾ എത്തിക്കുകയായിരുന്നു.
ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതിനിടെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
Kerala
കൊച്ചി: യുവാവിനെ ആക്രമിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കട്ടപ്പന പാറക്കടവ് ഭാഗത്ത് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷിനെ (41) ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 18ന് രാത്രി 11 ഓടെയായിരുന്നു സംഭവം.
ആലുവ പാലസ് ഭാഗത്തെ നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് പോക്കറ്റിൽനിന്ന് എടിഎം കാർഡ് തട്ടിയെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ സജീഷ്, വിനിൽകുമാർ, എഎസ്ഐ സ്വപ്ന, സിപിഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കണ്ണൂർ: മദ്യലഹരിയിൽ പോലീസ് വാഹനം മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്. ഗുരുവായൂർ സ്വദേശി ഹംസത്ത് ആണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൊബൈൽ ഫോൺ മോഷണം പോയതിന് പരാതി നൽകാൻ ടൗൺ സ്റ്റേഷനിലെത്തിയതാണ് ഇയാൾ. മദ്യലഹരിയിലായിരുന്ന പ്രതി തിരികെ പോകും വഴി തൊട്ടടുത്തുള്ള സൈബർ സ്റ്റേഷനിലെത്തി ഇവിടെ കിടന്നിരുന്ന പോലീസ് വാഹനം എടുത്ത് കടന്നുകളുകയായിരുന്നു.
ടൗണിലെത്തിയപ്പോൾ മദ്യലഹരിയിൽ നടന്നുവരുന്നതുകൊണ്ട് നാട്ടുകാർക്ക് സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്ന സംഭവത്തിൽ ആക്രമികൾ എത്തിയത് മോഷ്ടിച്ച ഇരുചക്ര വാഹനത്തിൽ.
WB44D1990 എന്ന രജിസ്റ്റർ നമ്പരിലുള്ള വാഹനത്തിലാണ് പ്രതികളെത്തിയത്. വാഹനത്തിന്റെ ഉടമ വിഭാഷ് കുമാർ ഭട്ടാചാര്യ എന്നയാളാണ്. 2012 മേയ് നാലിനാണ് ബൈക്ക് രജിസ്റ്റർ ചെയ്തത്.
വിഭാഷിന്റെ വിലാസം അന്വേഷിച്ചു ചെന്ന പോലീസിന് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ധരംവീർ എന്ന സർക്കാർ ഉദ്യോഗസ്ഥനാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. 2014 മുതൽ താൻ ഇവിടെ താമസിച്ചുവരികയാണെന്നും വിഭാഷ് എന്ന പേരിൽ ആരെയും അറിയില്ലെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
തുടരന്വേഷണത്തിൽ വിഭാഷിനെ പോലീസ് കണ്ടെത്തി. എന്നാൽ തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി ഇയാൾ പോലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്ര സ്കോർപിയ കാറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രകാന്തിനെ ബൈക്കിലെത്തിയ ആക്രമികൾ വെടിവയ്ക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ചന്ദ്രകാന്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
National
ബംഗളൂരു: ബന്ധുവിന്റെ വിവാഹത്തിൽ വസ്ത്രങ്ങൾ വാങ്ങാൻ കടയിൽ പോയ യുവതിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. മന്ത്രാലയ സ്വദേശിനി ചന്ദ്രികയുടെ സ്വർണവും പണവുമാണ് ചിക്കപേട്ട് മാർക്കറ്റിൽ വച്ച് നഷ്ടപ്പെട്ടത്.
സംഭവം നടക്കുന്പോൾ ചന്ദ്രികക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മാർക്കറ്റിലെ തിരക്കും മോഷണ സാധ്യതയും മുന്നിൽ കണ്ട് ചന്ദ്രിക ധരിച്ചിരുന്ന സ്വർണാഭരങ്ങൾ അഴിച്ച് 20,000 രൂപയോടൊപ്പം ബാഗിനുള്ളിലെ പേഴ്സിൽ സൂക്ഷിച്ചു.
അവന്യൂ റോഡിന് സമീപം നടന്നുപോകുന്പോൾ ഒരു കൂട്ടം യുവാക്കൾ ചന്ദ്രികയുടെ അരികിലെത്തി തിരക്കുണ്ടാക്കുകയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് മുറിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 20,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
എടത്വ: പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററികള്‍ മോഷണം പോയി. പഞ്ചായത്തിലെ 2, 3, 15, 11 എന്നീ വാര്‍ഡുകളിലെ, ഒന്‍പത് സോളാര്‍ ലൈറ്റുകളുടെ, ബാറ്ററികളാണ് മോഷണം പോയത്. സോളാര്‍ ലൈറ്റ് നിന്ന പോസ്റ്റില്‍ നിന്നും ചിലത് മറിച്ചിട്ടുമാണ് ബാറ്ററി എടുത്തത്.
പഞ്ചായത്ത് ഭരണ സമിതിയുടെ 2020-21 കാലഘട്ടത്തില്‍ സ്ഥാപിച്ച 3 ലക്ഷം രൂപ മുതല്‍ മുടക്കുള്ള സോളാര്‍ ലൈറ്റുകളുടെ ബാറ്ററികളാണ് സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചത്. പ്രസിഡന്റ് ആന്‍സി ബിജോയ് എടത്വ പോലീസില്‍ പരാതി നല്കി.
പഞ്ചായത്ത് ലക്ഷ്യം വെച്ച വെളിച്ച വിപ്ലവം ഇല്ലാതാക്കുവാന്‍ വേണ്ടിയാണ്, സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയെന്നും അടിയന്തരമായി മോഷ്ടാക്കളെ കണ്ടെത്തി ബാറ്ററീകള് തിരിച്ച് പഞ്ചായത്തിന്, ലഭിക്കുവാനും മാതൃകാപരമായി കുറ്റവാളികളെ ശിക്ഷിക്കുവാനും, ാമൂഹ്യവിരുദ്ധരുടെഅഴിഞ്ഞാട്ടം ഇനിയും ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആന്‍സി ബിജോയി ആവശ്യപെട്ടു.
Kerala
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മനിറുൽ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ചാലയ്ക്കൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ജിയാറുള്ളിനെയാണ് മനിറുൽ ഗുരുതരമായി ആക്രമിച്ചത്.
വെസ്റ്റ് ബംഗാളിലേക്ക് കടന്നുകളഞ്ഞ പ്രതിയെ അവിടെ ചെന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐ ജോസി എം. ജോൺസൻ, എഎസ്ഐ നൗഷാദ്, സീനിയർ സിപിഒ എ.കെ. ബേസിൽ, സിപിഒ ഖാസ്നി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.
പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകൾ നഷ്ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.
ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
Kerala
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് തുണിക്കടയില്‍ കവര്‍ച്ച. ഹോം ഡെക്കോര്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പണവും തുണികളും മോഷണം പോയി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
മോഷണം നടത്തിയ ശേഷം കുറച്ച് തുണികള്‍ മോഷ്ടാവ് സ്ഥാപനത്തിനു മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്ഥാപനവുമായി മുന്‍വൈരാഗ്യമുള്ള വ്യക്തിയാണോ മോഷണത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ സംശയം.
Kerala
തിരുവനന്തപുരം: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പട്ടം കുന്നുകുഴിപുഷ്പനഗർ സ്വദേശി ആഷിക് റഹ്മാൻ (19) ആണ് പിടിയിലായത്.
കരമന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മണക്കാട് സ്വദേശിയായ സന്തോഷ് കുമാറിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിന് സമീപത്ത് നിർത്തിയിട്ടിരുന്നു. ഈ വാഹനം പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെ കൂടെ സഹായത്തോടെയാണ് ആഷിക് റഹ്മാൻ മോഷ്ടിച്ചത്. പ്രായപൂർത്തിയാകാത്ത ആളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിക് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
International
സൂറിച്ച്: ഇറ്റലിയിൽനിന്നു പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോയ 12 ടൺ ചോക്ലേറ്റ് മോഷണം പോയി.
സ്വിസ് ഭക്ഷ്യോത്പന്ന കന്പനിയായ നെസ്ലെയുടെ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്.
ഈസ്റ്റർ പ്രമാണിച്ചു കന്പനി പുതുതായി വിപണിയിലിറക്കിയ ചോക്ലേറ്റാണു യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ വിലപ്നയ്ക്കായി മധ്യ ഇറ്റലിയിൽനിന്നു പോളണ്ടിലേക്കു കൊണ്ടുപോകവെ കവർച്ച ചെയ്യപ്പെട്ടത്.
വാഹനത്തെയും ഡ്രൈവറെയുംകുറിച്ച് വിവരമൊന്നുമില്ലെന്നാണു റിപ്പോർട്ട്.
Kerala
കൊച്ചി: കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആകുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.
Kerala
കൊച്ചി: ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്സ് യൂണിയനില്‍നിന്ന് 1.25 കോടി രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ മുന്‍ ജീവനക്കാരി മരിയ ഫ്രാന്‍സിസ്ക പണം തട്ടിയത് സ്വന്തം അക്കൗണ്ടിന്റെ യുപിഐ സ്കാനര്‍ ഉപയോഗിച്ച്.
2018 മുതല്‍ 2025 വരെ ആസൂത്രിതമായി നടത്തിവന്ന തട്ടിപ്പില്‍ അംഗങ്ങളുടെ വാര്‍ഷിക വരിസംഖ്യ, ലെവി തുടങ്ങി പല ആവശ്യങ്ങള്‍ക്കും നല്കിയ പണമാണ് ഇവര്‍ കൈക്കലാക്കിയത്.
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മരിയയുടെ മക്കളായ ഡോണ്‍ ജോസ്, ബെന്‍ ജോസ്, ഡോണിന്റെ ഭാര്യ അനഘ, ഫെഫ്ക യൂണിയന് ഓഫീസിലെ മറ്റൊരു ജീവനക്കാരിയായ കലൂര്‍ ആര്യപ്പാടം സ്വദേശിനി ലിജി ലെസീന്ത എന്നിവരാണു പ്രതികള്‍.
സ്കാനര്‍ വഴിയാണ് അംഗങ്ങള്‍ പണം ഓണ്‍ലൈനായി അടച്ചിരുന്നത്. എന്നാല്‍ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ പണം എത്തിയതായി കാണുന്നുണ്ടായിരുന്നില്ല. ഇതോട ഓഡിറ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 1.25 കോടിയുടെ തിരിമറിയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതോടെ അംഗങ്ങളുടെ വരിസംഖ്യയടക്കം വ്യാജ വൗച്ചറുകളും രേഖകളും ചമച്ച് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി ഫെഫ്ക ആര്‍ട്ട് ഡയറക്ടര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സജി ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചിരുന്നില്ല.
District News
ആലുവ: ബിവ്റേജസ് കെട്ടിടത്തിന്റെ വരാന്തയിൽ ബോധരഹിതനായി കിടന്നയാളുടെ മൊബൈൽ ഫോണും 2000 രൂപയും രണ്ട് യുവാക്കൾ ചേർന്ന് കവർന്നു. കഴിഞ്ഞ രാത്രി എട്ടോയെയായിരുന്നു സംഭവം. മോഷ്ടാക്കളിൽ ഒരാൾ തൊപ്പി വച്ചിട്ടുണ്ട്.
മോഷണം നടത്തുന്ന ദൃശ്യങ്ങൾ ബിവ്റേജിലെ നിരീക്ഷണ കാമറയിൽ നിന്നു ലഭിച്ചു. പോക്കറ്റിൽ നിന്നു പണം എടുത്ത ശേഷം യുവാക്കൾ രക്ഷപ്പെടുന്നതിനിടെ കിടക്കയാൾ എഴുന്നേറ്റ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.രണ്ടു യുവാക്കൾ ചേർന്ന് മോഷണം നടത്തുന്നതിന്റെ സിസി ടിവി
ദൃശ്യം.
Kerala
ഗാന്ധിനഗർ: അഹമ്മദാബാദിലെ കുബേർനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്.
ഭാരതി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയൽവാസി വീടിന്റെ വാതിൽ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു.
ഹിതിഷും കുടുംബവും വാതിൽ തകർന്ന് അകത്തു കയറിയപ്പോൾ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. തലയ്ക്ക് സമീപം രക്തം പുരണ്ട തലയിണ കണ്ടെത്തിയിട്ടുണ്ട്.
ലോക്കറിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന് പിൻവശത്തെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഹിതേഷ് പോലീസിനോട് പറഞ്ഞു. ഹിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന് സ്വര്‍ണം കവര്‍ന്നു. 30 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടു. എം.എൻ. നരേഷ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരം അറിയുന്നത്. ഗൃഹനാഥനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍വാതിലും മുറികള്‍ക്ക് അകത്തുള്ള അലമാരകളുടെ പൂട്ടും പൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
District News
പൂവാർ : കാഞ്ഞിരംകുളം ചാവടിക്ക് സമീപം വൻമോഷണം. 54 പവൻ സ്വർണാഭരണവും 28,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ നടത്തിയ തെരച്ചലിൽ സമീപത്തെ താമസമില്ലാത്ത വീടിന്റെ പുറകുവശത്തെ ഷെഡിൽനിന്നും 23 പവൻ സ്വർ ണം കണ്ടെടുത്തു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. കാഞ്ഞിരംകുളം ചാവടി കുഴിഞ്ഞവിള ജെ.എസ്. ഭവനിൽ സുജിത്തിന്റെ വീട്ടിലാണു മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് അപഹരിച്ചത്. സുജിത്തിന്റെ ഭാര്യ ലിൻസി 10.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. തുടർന്ന് കാഞ്ഞിരംകുളം പോലീസിൽ വിവരം അറിയി ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുറത്തു നിന്നുള്ള മോഷ്ടാക്കൾ അല്ല മോഷണത്തിനു പിന്നിലെന്നു മനസിലാക്കി.
തുടർന്നു പോലീസിന്റെ നിർദേശപ്രകാരം പരിസരം പ്രദേശങ്ങൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ സുജിത്തിന്റെ അമ്മയും ഭാര്യ ലിൻസിയും ചേർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തെ പുര യിടത്തിലെ ഷെഡിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ സ്വർണം കണ്ടെത്തിയത്. ചാക്കിട്ട് മൂടിയ നിലയിലായിരുന്നു.വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പോലീസും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 23 പവന്റെ ആഭരണം കണ്ടെടുത്തു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ബ്രിട്ടീഷ് വനിതയുടെ പണവും പാസ്പോര്‍ട്ടും ഐഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡ് ഓണ്‍ അവനിലെ ലുവാന തെരേസ ഇഡ മറന്നുവച്ച ബാഗ് മിനിറ്റുകള്‍ക്കുള്ളിലാണ് മോഷണം പോയത്.
തമിഴ്നാട്ടില്‍നിന്നു കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് യുവതി എത്തിയത്. എസി കോച്ചിലാണ് യുവതി യാത്ര ചെയ്തത്. വൈകിട്ട് 6.30ന് സൗത്ത് സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ട്രെയ്നില്‍നിന്നു ബാഗ് എടുക്കാന്‍ മറന്നത്.
ഉടന്‍ തിരിച്ചെത്തി കോച്ച് പരിശോധിച്ചെങ്കിലും ബാഗ് മോഷണം പോയിരുന്നു. തുടർന്നു ശുചീകരണ തൊഴിലാളികളോട് അടക്കം യുവതി ബാഗിനെ കുറിച്ച് അന്വേഷിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷന് പോലീസ് യുവതി നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: പെട്രോൾ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ.
തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ സി.എ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി 22ന് രാത്രി 11.36നായിരുന്നു സംഭവം. തൈക്കാട്ടുശേരി പിഎസ് കവലയിലുള്ള പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്.
ഓഫീസ് മുറിയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ചാണ് ഇവർ അകത്തുകയറിയത്. മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ നിരവധി മോഷണക്കേസുകളിൽ പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്.
Kerala
കൊച്ചി: വരാപ്പുഴയിൽ വാഹനം മോഷ്ടിച്ച പ്രതികൾ പിടിയിൽ. കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം എന്നറിയപ്പെടുന്ന ഷമീഹ് - 22, തൃശൂർ ചാവക്കാട് മണത്തല മാത്രം കോട്ട് അമൽ -24, ചേർത്തല ത്രിച്ചാട്ടുകുളം കൊല്ലപറമ്പിൽ വീട്ടിൽ അൻസിൽ -23 എന്നിവരാണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്.
വരാപ്പുഴ ചേരപ്പാടം ഭാഗത്തുള്ള സുഫിലിന്റെ വീട്ടിൽ നിന്നും ഡിസംബർ ഒൻപതിന് രാത്രി വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന ബൈക്ക് പ്രതികൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോഷണം പോയ ബൈക്ക് കാസർഗോഡ് ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. പ്രതികൾ മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെറി, ബിജു, സുഭാഷ്, എഎസ്ഐമാരായ ലോഹിതാക്ഷൻ, ബിജു സീനിയർ സിപിഒമാരായ രാഹുൽ, ജിതിൻ അശോക് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29)നെയാണ് നെടുമ്പാശേരി പോലീസ് പിടിയിലായത്.
കഴിഞ്ഞ 21ന് പകൽ ആണ് സംഭവം. നായത്തോടുള്ള വീട്ടിൽ നിന്നും 3.2 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വർണം ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ എസ്.എസ് ശ്രീലാൽ, എഎസ്ഐ റോണി അഗസ്റ്റിൻ, സിപിഒമാരായ ബിനു ആന്റണി, നിഥിൻ ആന്റണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ആഭരങ്ങൾ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങളാണ് കവർന്നത്. കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണമാല, സ്വർണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നത്.
ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 15 വയസുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ ‘ചെല്ലോ’ (Cello) കവർന്ന കേസിൽ 23 വയസുകാരൻ പിടിയിൽ.
അമിയൽ ക്ലാർക്ക് എന്ന യുവാവാണ് അറസ്റ്റിലായത്. കുട്ടിയെ സഹായിക്കാൻ എത്തിയ വ്യക്തിയെയും ഇയാൾ മർദ്ദിച്ചു.
കുട്ടിയുടെ മുഖത്തെ അസ്ഥികൾക്ക് ഒടിവുണ്ട്. പ്ലാസ്റ്റിക് സർജന്റെയും നേത്രരോഗ വിദഗ്ധന്റെയും നേതൃത്വത്തിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.
പ്രതി ഇതിനുമുമ്പും നിരവധി അക്രമക്കേസുകളിലും മോഷണക്കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ്. മറ്റൊരു കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്. ജനുവരി 15ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Kerala
കണ്ണൂർ: ഒരു കോടി സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്. സംഭവത്തിൽ സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പോലീസ് പിടികൂടി.
District News
നിലന്പൂർ: ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നു. കരുളായി പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ മകൾ ഡോ. ഷംനയുടെ മൂന്നര ഗ്രാമോളം വരുന്ന മാലയാണ് മോഷ്ടിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽനിന്ന് ഏണിയെടുത്ത് അഷ്റഫിന്റെ വീടിന് മുകളിൽ കയറിയ മോഷ്ടാവ് മുകൾ നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നാണ് വീടിനകത്ത് കടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.
വീടിന്റെ മുകൾ നിലയിലെ മറ്റ് മുറികളിലും എത്തിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു.
പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റന്‍പാറ, വലന്പുറം ഭാഗങ്ങളിൽ സമാനമായ രീതിയിൽ മോഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
Kerala
കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയശേഷം തിരികെ നൽകാതെ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതായി യുവാവിനെതിരേ പരാതി.
തിരുമാറാടി പഞ്ചായത്തിൽ ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരേയാണു പരാതി. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് ഇയാൾക്കെതിരേ ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് സജനും കുടുംബവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽനിന്നും വിവിധ ആവശ്യങ്ങൾ കാണിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയിരുന്നു. പിന്നീട് വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ല. ഇതേത്തുടർന്നാണ് വാഹന ഉടമകൾ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണു താമസം. ഇതിനിടെ സജനെയും ഭാര്യ അഞ്ജനയെയും കുട്ടികളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ എടുക്കുന്നതിനായി സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ സംശയമൊന്നുമുണ്ടായിട്ടില്ലെന്ന് വാഹനത്തിന്റെ ഉടമകൾ പറഞ്ഞു. 40,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ വാഹനം പണയം വച്ച് സജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
ഇവരുടെ കണക്കനുസരിച്ച് സജൻ കോടികളുടെ തട്ടിപ്പാണു നടത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കർണാടക ഭാഗത്ത് സജനും കുടുംബവും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
പരാതിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയിലൂടെ ലഭിച്ച വിവരമനുസരിച്ച് 35ലധികം വാഹനങ്ങൾ സജൻ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ കെണിയിൽ വീണിട്ടുള്ളതായും സംശയമുണ്ട്.
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണയം വച്ച ചില വാഹനങ്ങൾ പോലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണു വാഹനങ്ങൾ പണയം വച്ചിട്ടുളളത്.
ഇത്തരത്തിൽ പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം.
വിദ്യാഭ്യാസ കാലയളവിൽ കൂടെ പഠിച്ചിരുന്ന ആളുകളിൽനിന്നും മറ്റു പരിചയക്കാരിൽനിന്നുമാണ് വാഹനങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ ഇതര സ്റ്റേഷൻ പരിധികളിൽനിന്നു കണ്ടെത്തി.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. ഇത് കേടുവന്നപ്പോൾ സജൻ തന്നെ പരിചയമുള്ള ഒരു വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപ്പിച്ചു. എന്നാൽ വാഹനയുടമ മടങ്ങിയശേഷം ഈ വാഹനം വർക് ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയം വച്ചു. ഈ വിവരം കാണിച്ച് കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ സംസ്ഥാനം കടന്ന് പൊളിമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
International
ബർലിൻ: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയുടെ ഞെട്ടലിലാണു ജർമനി. വടക്കൻ ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഗെൽസന്‍കിർഹെന്‍ നഗരത്തിൽ സ്പാർകാസെ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
ഒന്‍പതു കോടി യൂറോ (ഏകദേശം 945 കോടി രൂപ) വിലമതിക്കുന്ന പണവും സ്വർണ, വജ്ര ആഭരണങ്ങളുമാണ് കവർന്നത്. 3000 സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ തകർത്താണ് കവർച്ച നടത്തിയത്.
ബാങ്കിന്റെ അല്പം അകലെയുള്ള പാർക്കിംഗ് ഗാരേജിൽനിന്നു തുരങ്കം തീർത്താണ് കവർച്ചക്കാർ ബാങ്കിന്റെ നിലവറയിലെത്തിയത്. 3,250 ഓളം ഉപയോക്താക്കളിൽ 95 ശതമാനത്തിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കവർച്ച ചെയ്യപ്പെട്ടതായി ബാങ്കധികൃതർ അറിയിച്ചു.
ക്രിസ്മസ് പ്രമാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്കിന് അവധിയായിരുന്നു. ഈ സമയത്തായിരിക്കാം കവർച്ച നടന്നതെന്നാണ് അനുമാനം. തിങ്കളാഴ്ചയാണു സംഭവം ശ്രദ്ധയിൽപ്പെടുന്നത്. അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ പാർക്കിംഗ് ഗാരേജിന്റെ പടിക്കെട്ടിൽ നിരവധി പേർ വലിയ ബാഗുകളുമായി പോകുന്നതു കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
സുരക്ഷാ കാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒരു കറുത്ത ഒഡി ആർഎസ് 6 കാർ പാർക്കിംഗ് ഗാരേജിൽനിന്നു പുറത്തേക്ക് പോകുന്നതായും അതിനുള്ളിൽ മുഖംമൂടി ധരിച്ച ആളുകളെയും കാണാം. ഈ കാറിന്റെ ലൈസൻസ് പ്ലേറ്റ് മുമ്പ് ഹാനോവർ നഗരത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ചാവിവരമറിഞ്ഞ് നിരവധി നിക്ഷേപകരാണ് ബാങ്കിനു മുന്നിൽ തടിച്ചുകൂടിയത്. ഉപയോക്താക്കൾക്കായി ഹെൽപ്പ്ലൈൻ നന്പർ ആരംഭിച്ചെന്നും ഇൻഷ്വറൻസ് കന്പനികളുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾ ഉടൻ ആരംഭിക്കുമെന്നും ബാങ്കധികൃതർ അറിയിച്ചു. അതേസമയം, കവർച്ചക്കാർക്കായി രാജ്യമെങ്ങും വ്യാപക അന്വേഷണമാണു നടന്നുവരുന്നത്.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലോകപ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബർ 19ന് സുരക്ഷാ വേലിക്കെട്ടുകൾ ഭേദിച്ച് അമൂല്യ രത്നങ്ങൾ ഉൾപ്പെടെയുള്ളവ കവർച്ച ചെയ്യപ്പെട്ടതിന്റെ നാണക്കേടും ആഘാതവും വിട്ടുമാറുംമുന്പാണ് യൂറോപ്പിനെ ഞെട്ടിച്ച് ജർമൻ ബാങ്കിൽ വൻ കവർച്ച നടന്നിരിക്കുന്നത്.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ സാക്സണി - അന്‍ഹാള്‍ട്ടിലെ ബുര്‍ഗ് പട്ടണത്തിലെ പട്ടാളക്യാമ്പിലേക്കുള്ള ഡെലിവറി ട്രക്കില്‍ നിന്ന് അജ്ഞാതരായ അക്രമികള്‍ ആയിരക്കണക്കിന് വെടിയുണ്ടകള്‍ മോഷ്ടിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മന്‍ പ്രതിരോധ മന്ത്രാലയം മോഷണം സ്ഥിരീകരിച്ചു. ആസൂത്രിതമല്ലാത്ത സ്റ്റോപ്പ് നടത്തിയ ഡെലിവറി ഡ്രെെവറെ അധികൃതർ കുറ്റപ്പെടുത്തി. എന്നാല്‍ ആരാണ് വെടിയുണ്ടകള്‍ എടുത്തതെന്നും എന്തുകൊണ്ടാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. നവംബര്‍ 25നാണ് മോഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സിവിലിയന്‍ ഡെലിവറി ട്രക്ക് വെടിയുണ്ടകള്‍ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഡ്രെെവര്‍ ബുര്‍ഗിലെ ഒരു ഹോട്ടലില്‍ ട്രക്ക് രാത്രി നിര്‍ത്തി, സുരക്ഷിതമല്ലാത്ത ഒരു കാര്‍ പാര്‍ക്കില്‍ ട്രക്ക് പാര്‍ക്ക് ചെയ്തു. പിറ്റേന്ന് രാവിലെ, ഡെലിവറി ബാരക്കുകളില്‍ എത്തിയപ്പോഴാണ് ചില വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്.
ഡെലിവറി ലിസ്റ്റ് പരിശോധിച്ച ശേഷം, പിസ്റ്റളുകള്‍ക്കായുള്ള ഏകദേശം 10,000 റൗണ്ട് ലൈവ് വെടിയുണ്ടകളും അസോള്‍ട്ട് റൈഫിളുകള്‍ക്കായുള്ള 9,900 റൗണ്ട് പരിശീലന വെടിയുണ്ടകളും മോഷണം പോയതായി അറിയിച്ചത്.
മന്ത്രാലയവും ഡെലിവറി കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് ചരക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തേതിന് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, സാധാരണയായി രണ്ട് ഡ്രെെവര്മാരുണ്ടാകും. അതിനാല്‍ ഏതൊരു സ്റ്റോപ്പിലും വാഹനം നിരീക്ഷിക്കാന്‍ കഴിയും.
പ്രാദേശിക പോലീസിന്റെ സഹായത്തോടെ സൈന്യം അന്വേഷണം നടത്തുന്നുണ്ട്.
Kerala
കണ്ണൂർ: തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ 1600 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ് സ്റ്റാൻഡിൽ എത്തിച്ച ടിക്കറ്റുകളാണ് നഷ്ടമായത്.
സുവർണ കേരളം, കാരുണ്യ പ്ലസ് തുടങ്ങിയ ഭാഗ്യക്കുറികളാണ് മോഷണം പോയത്. സംഭവത്തിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചുവന്ന ടീ ഷർട്ട് ധരിച്ചൊരാൾ ടിക്കറ്റുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.