x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മുപ്പത് പവൻ സ്വർണം കവർന്നു

വെബ് ഡെസ്ക്
Published: August 15, 2026 08:20 PM IST | Updated: August 15, 2026 08:20 PM IST

പ്രതീകാത്മക ചിത്രം

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഗീതാജ്ഞലിയിൽ തങ്കത്തിന്‍റെ വീട്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മുപ്പത് പവനോളം സ്വർണമാണ് കവർന്നതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്‍റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നതിനാൽ ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.

വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് വീടിനുള്ളിലെ മൂന്ന് മുറികളിലുണ്ടായിരുന്ന അലമാരകളുടെ പൂട്ട് തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിക്കുകയും ചെയ്തു. തങ്കത്തിന്‍റെ അമ്മയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് പ്രധാനമായും നഷ്ടപ്പെട്ടത്.

വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ നടന്നിരുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. ഇത് സിസിടിവി കാമറകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. സിസിടിവികൾ പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കിയാകാം മോഷ്ടാക്കൾ ഈ സമയം തന്നെ കൃത്യത്തിനായി തെഞ്ഞെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുറ്റാന്വേഷണത്തിന്‍റെയി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

എസ്എച്ച്ഒ കിരൺ അശോകിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags : House Stolen Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up