കോട്ടയം മാര്‍ക്കറ്റില്‍ പപ്പടം വ്യാപാരം നടത്തുന്ന കട - ദീപിക
കോട്ടയം: ഓണക്കാലവും ചിങ്ങം പിറക്കുന്നതോടെ വിവാഹ സീസണും എത്തുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളുമായി പപ്പട നിര്‍മാണ മേഖല. ഓണസദ്യയില്‍ നിന്ന് ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് പപ്പടം. എന്നാൽ, മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ ബുദ്ധിമുട്ടിലുടെയാണ് പരമ്പരാഗത പപ്പട നിര്‍മാണ മേഖല കടന്നു പോകുന്നത്.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലി വര്‍ധിച്ചതും പപ്പടത്തിനു വില കൂട്ടാനാവാത്തതുമാണ് തിരിച്ചടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിലക്കുറവില്‍ പപ്പടം വിപണിയിലെത്തുന്നതും തൊഴില്‍ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിപണിയില്‍ പപ്പടം കിലോഗ്രാമിനു മൊത്തവില 170- 180 രൂപയും ചില്ലറ വില 200 രൂപയുമാണ്.
ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന നാടന്‍ പപ്പടങ്ങള്‍ക്കാണ് ഡിമാൻഡ് കൂടുതല്‍. ഉഴുന്നുപൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍.
മൂന്നു മാസത്തിനിടെ ഒരുചാക്ക് ഉഴുന്നുമാവിനു 1000 രൂപയുടെ വര്‍ധനയുണ്ടായി. 50 കിലോഗ്രാമിന്റെ ഒരു ചാക്ക് ഉഴുന്നുമാവിന് ഇപ്പോള്‍ 5900-6000 രൂപയാണ് വില. ഇതിനു പപ്പടം പരത്താന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, നല്ലെണ്ണ, ഉപ്പ് എന്നിവയുടെ വില വര്‍ധിച്ചു.
മാവ് കുഴച്ച് ഉരുളയാക്കിയശേഷം പരത്തും. പിന്നെ റോളറിലൂടെ കടത്തിവിട്ടാണ് പപ്പട നിര്‍മാണം. തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അരിമാവ് വിതറും. ഇപ്പോള്‍ മാവ് കുഴയ്ക്കുന്നത് മുതല്‍ അരിമാവ വിതറുന്നത് വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കില്‍ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. കറന്റ് ചാര്‍ജ് ഉള്‍പ്പെടെ വര്‍ധിച്ചതിനാല്‍ യന്ത്രത്തില്‍ പപ്പടം നിര്‍മാണം നടത്തുന്നതും വലിയ വെല്ലുവിളിയാണ്.
വീടുകളില്‍ പപ്പടം നിര്‍മിച്ചു നല്കിയിരുന്നവരില് പലരും യന്ത്രവല്‍കൃത വ്യവസായ യൂണിറ്റുകളായി പപ്പട നിര്‍മാണം ആരംഭിച്ചു തൊഴില്‍ നിലനിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. കാര്യമായ വരുമാനമില്ലാത്തതിനാല്‍ പുതിയ തലമുറ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നുമില്ല.
കിലോഗ്രാമിന് 240 രൂപ ലഭിക്കണം
പപ്പട നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതനുസരിച്ചു പപ്പടത്തിനു വില ലഭിക്കാത്താണ് വലിയ പ്രതിസന്ധി. നിര്‍മാതാക്കള്‍ക്കു കിലോഗ്രാമിനു 240രൂപ ലഭിച്ചെങ്കില്‍ മാത്രമേ നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
Tags : Onam Pappadam MakingSector HighSpirits Business