പ്രതീകാത്മക ചിത്രം
ഇന്ത്യയുടെ ഇലക്ട്രിക് വാഹന രംഗത്തെ കുതിപ്പ് കാറുകളിലോ ഇരുചക്രവാഹനങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല, അത് ധാരാളം തൊഴിലവസരങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 2026ൽ ഐടി, എഫ്എംസിജി, പരന്പരാഗത നിർമാണ മേഖലകളിൽ നിയമനങ്ങൾ മിതമായ നിരക്കിൽ തുടരുന്പോഴും രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായം ഏറ്റവും വേഗത്തിൽ വളരുന്ന തൊഴിൽദായക മേഖലയായി മുന്നേറുകയാണ്.
തൊഴിൽരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖല 2030-ഓടെ മൂന്നു മുതൽ നാലു കോടി വരെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിൽ ഭൂരിഭാഗവും പരന്പരാഗത വാഹന നിർമാണ മേഖലയ്ക്ക് പുറത്തുള്ള അനുബന്ധ മേഖലകളിൽ നിന്നായിരിക്കും ഉയർന്നു വരിക.
എച്ച്ആർ സൊല്യൂഷൻസ് കന്പനിയായ അഡെക്കോ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നതനുസരിച്ച് പരന്പരാഗത വാഹന നിർമാണ മേഖലയ്ക്കു പുറത്തായിരിക്കും ഈ തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും രൂപപ്പെടുന്നത്.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ
വികസിക്കുന്ന മേഖലകൾ: ബാറ്ററി നിർമാണം, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, ഫ്ലീറ്റ് ഓപ്പറേഷൻസ്, സോഫ്റ്റ്വേർ വികസനം, വാഹന സർവീസിംഗ്, ബാറ്ററി റീസൈക്ലിംഗ് എന്നിവയിലുടനീളം ഇവി ഇക്കോസിസ്റ്റത്തിന്റെ വികാസം പുതിയ അവസരങ്ങൾ തുറന്നുനൽകും.
തൊഴിൽ വളർച്ച: ഈ മേഖലയിലെ നിയമനങ്ങൾ പ്രതിവർഷം 15 % മുതൽ 20 % വരെ വളരുമെന്നും, വിദഗ്ധ തൊഴിലുകൾക്കുള്ള ആവശ്യകത ഏകദേശം 35 % വരെ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരോക്ഷ തൊഴിലുകൾ: പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളിൽ വലിയൊരു പങ്ക് പരോക്ഷ തൊഴിലുകളായിരിക്കും. ആകെയുള്ള തൊഴിലവസരങ്ങളിൽ 10% മുതൽ 15% വരെ മാത്രമായിരിക്കും ഇവി കന്പനികളുമായും നിർമാണവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ബാക്കി 85 % മുതൽ 90 % വരെ തൊഴിലുകളും ഇലക്ട്രിക് വാഹന മേഖലയെ പിന്തുണയ്ക്കുന്ന മറ്റ് ബിസിനസുകളിൽനിന്നും സേവനങ്ങളിൽ നിന്നുമുള്ളതായിരിക്കും. ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കലും പരിപാലനവും, ബാറ്ററി സർവീസിംഗും റീസൈക്ലിംഗും, ഫ്ലീറ്റ് മാനേജ്മെന്റ്, വാഹന അറ്റകുറ്റപ്പണികൾ, അനുബന്ധ ഘടകങ്ങളുടെ വിതരണം, സാങ്കേതിക സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിർമാണ മേഖല മുന്നിൽതന്നെ
റിപ്പോർട്ട് പ്രകാരം, ഈ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവായി നിർമാണ മേഖല തുടരുന്നു. മൊത്തം തൊഴിൽ ആവശ്യകതയുടെ 50-55 % തമിഴ്നാട് (15.24 %), കർണാടക (6.3 %), മഹാരാഷ്ട്ര (13 %), ഗുജറാത്ത് (13 %), തെലുങ്കാന (5 %), എൻ.സി.ആർ (6 %) തുടങ്ങിയ പ്രമുഖ ഓട്ടോമോട്ടീവ് കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
വിദഗ്ധരെ വേണം
ഈ മാറ്റം ഓട്ടോമൊബൈൽ മേഖലയിൽ ആവശ്യമായ തൊഴിൽ നൈപുണ്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തും. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഇലക്ട്രോണിക്സ്, ബാറ്ററികൾ, സോഫ്റ്റ്വേർ എന്നിവയെ ആശ്രയിക്കുന്നതിനാൽ, ബാറ്ററി ടെക്നോളജി, പവർ ഇലക്ട്രോണിക്സ്, എംബഡഡ് സിസ്റ്റംസ്, സോഫ്റ്റ്വേർ വികസനം, ഇവി ഡയഗ്നോസ്റ്റിക്സ്, ഡാറ്റ എന്നിവയിൽ വിദഗ്ധരായ വ്യക്തികൾക്ക് ആവശ്യക്കാരേറും.
പുതിയ ബിസിനസുകൾ തുറക്കും
ഇന്ത്യയിലുടനീളം പൊതു-വാണിജ്യ ചാർജിംഗ് സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ ചാർജിംഗ് അടിസ്ഥാന മേഖല വൻതോതിൽ തൊഴിലവസരങ്ങൾ നൽകുന്ന ഒന്നായി മാറും. കൂടാതെ, ഇവികളുടെയും കാലാവധി കഴിഞ്ഞ ബാറ്ററികളുടെയും എണ്ണം കൂടുന്പോൾ, ബാറ്ററി റീസൈക്ലിംഗും അവയുടെ പുനരുപയോഗ സാധ്യതകളും പുതിയ ബിസിനസുകൾക്കും തൊഴിലവസരങ്ങൾക്കും വഴിതുറക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ചെറിയ നഗരങ്ങളിലേക്കും വാണിജ്യ വാഹന വ്യൂഹങ്ങളിലേക്കും ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളിലേക്കും വ്യാപിക്കുന്നതോടെ, പ്രമുഖ വാഹന നിർമാണ കേന്ദ്രങ്ങൾക്ക് പുറത്തേക്കും ഈ തൊഴിലവസരങ്ങൾ വികസിക്കും.
പുതിയ തൊഴിലവസരങ്ങൾ തുറക്കും
തൊഴിൽ സൃഷ്ടിയിൽ വൈദ്യുത വാഹന മേഖല ഐടി, എഫ്എംസിജി, പരന്പരാഗത നിർമ്മാണ മേഖലകളെ മറികടക്കാൻ സജ്ജമാണ്.
പ്രത്യേക വിദഗ്ധർക്ക് 45 % അധിക വേതനം
ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഡിജിറ്റൽ സിസ്റ്റംസ്, ഓണ് ഗ്രൗണ്ട് എക്സിക്യൂഷൻ എന്നിവ സംയോജിപ്പിക്കുന്ന തസ്തികയിലാണ് ഏറ്റവും ഉയർന്ന ശന്പള വർധനയുണ്ടാകുന്നത്. പ്രോജക്ട് എന്ജിനിയർമാർ, ഇവി ചാർജർ ഇൻസറ്റലേഷൻ ടെക്നീഷ്യൻമാർ, ക്വാളിറ്റി അഷ്വറൻസ് എൻനിജിയർമാർ എന്നിവയിൽ ഉയർന്ന ശന്പള വളർച്ചയുണ്ടാകാം.
ഏറ്റവും കൂടുതൽ ഡിമാൻഡുള്ള തസ്തികകൾ
* ബാറ്ററി മാനേജ്മെന്റ് സിസ്റ്റം എൻജിനിയർമാർ
* ബാറ്ററി എൻജിനിയർമാർ
* ഇവി ഡിസൈൻ എൻജിനിയർമാർ
* ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എൻജിനിയർമാർ
* ഓട്ടോമോട്ടീവ് സോഫ്റ്റവേർ/ഫേംവേർ ഡെവലപ്പർ
* പവർ ഇലക്ട്രോണിക് ആർക്കിടെക്ചർ
Tags : ElectricVehicleSector Jump Jobs Business