വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്
കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ നടിക്കും കുടുംബത്തിനും ഉണ്ടാക്കിയ മാനസിക പ്രയാസങ്ങൾക്ക് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരെയുള്ള നിയമനടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ബോബി ചെമ്മണ്ണൂർ ക്ഷമാപണ കുറിപ്പ് പങ്കുവെച്ചത്.
ഹണി റോസ് നൽകിയ അപകീർത്തി കേസിന്റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
"താൻ വരുത്തിയ ദ്രോഹത്തിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ മനഃപൂർവ്വം ഉദ്ദേശിച്ചിരുന്നില്ല. പറഞ്ഞ വാക്കുകളുടെയും അതുണ്ടാക്കിയ ആഘാതത്തിന്റെയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഈ ക്ഷമാപണം സ്വീകരിച്ച് കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു," - ബോബി ചെമ്മണ്ണൂർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഉദ്ഘാടന വേദികളിലും അഭിമുഖങ്ങളിലും തനിക്കെതിരെ നിരന്തരം അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതിനാണ് ഹണി റോസ് നിയമനടപടിയുമായി മുന്നോട്ട് പോയത്. ബോബി ചെമ്മണ്ണൂരിന്റെ പരസ്യ പ്രതികരണത്തോട് നടി ഹണി റോസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേസ് ഒത്തുതീർപ്പാക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.
Tags : Bobby Chemmannur Honey Rose Instagram Apology Latest News