Movies
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയാ താരവുമായ ഹൻസികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. ഹൻസികയുടെ ഒരു വീഡിയോ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതാണ് ഇതിന് കാരണം. താരപുത്രി ഇതുവരെ എവിടെയും പങ്കുവയ്ക്കാത്തൊരു വീഡിയോ എങ്ങനെ ലീക്കായി എന്നാണ് ചോദ്യങ്ങൾ.
ബോൾഡ് ലുക്കിലാണ് വീഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വീഡിയോയാണിതെന്നാണ് ഒരു കൂട്ടർ പറയുന്നത്.
സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വീഡിയോ പുറത്തുവിട്ടതാണെന്നും ആരോപണം ഉയരുന്നുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വീഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്. അതായത് ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാത്രം ലഭിക്കുന്നത് 702000 രൂപയാണ്.
ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഈടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.
അതേസമയം ബാച്ച്ലർ പാര്‍ട്ടി 2 എന്ന സിനിമയിലൂടെ നസ്ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
Business
ന്യൂഡൽഹി: കുട്ടി ഉപഭോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ.
"ടീൻ അക്കൗണ്ട്സ്’ എന്നപേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വഴി 18 വയസിനു താഴെയുള്ളവർക്ക് ഇനിമുതൽ കൂടുതൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തനിയെ ലഭ്യമാകും.
ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല.
സിനിമകൾക്കു പ്രായപരിധി നിശ്ചയിക്കുന്ന മാതൃകയിലാണ് ഇൻസ്റ്റഗ്രാം ഈ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
അപകടകരമായ അഭ്യാസപ്രകടനങ്ങൾ, മോശം ഭാഷാപ്രയോഗങ്ങൾ, അശ്ലീല ഉള്ളടക്കം തുടങ്ങിയവ കൗമാരക്കാരുടെ അക്കൗണ്ടിൽ സ്വയം വരുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. പ്രായത്തിന് അനുയോജ്യമല്ലാത്ത വിവരങ്ങൾ സ്വയം കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും.
കൂടാതെ, അനുചിതമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽനിന്നും കൗമാരക്കാരെ ഇൻസ്റ്റഗ്രാം തടയും. പോസ്റ്റുകൾക്കു താഴെയുള്ള കമന്റുകൾ കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും പരിധി നിശ്ചയിക്കുന്ന "ലിമിറ്റഡ് കണ്ടന്റ്’ മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈൻ ലോകത്ത് കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ മേൽനോട്ടം നൽകുകയെന്ന ലക്ഷ്യത്തോടെയാണു മെറ്റ ഈ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണു മെറ്റയുടെ നീക്കം.
Tech
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റ് മാറിപോയോ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യതതിനുശേഷം തെറ്റുകൾ കണ്ടെത്തിയോ, എന്നാൽ ഇനി മുതൽ ടെൻഷൻ വേണ്ട, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഇന്‍സ്റ്റഗ്രാം എത്തി. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, കമന്റുകൾ പോസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇത്രയും കാലം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും കമന്റുകൾക്ക് അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇനി മുതൽ ഒരു കമന്റ് പോസ്റ്റ് ചെയ്തശേഷം, പുതുതായി ചേർത്ത എഡിറ്റ് ഓപ്ഷനിൽ ടാപ് ചെയ്തശേഷം ഉപയോക്താക്കൾക്ക് തിരുത്താനും മാറ്റങ്ങൾ വരുത്താനും സാധിക്കും.
എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ മാറ്റങ്ങൾ വരുത്തിയെന്ന് സൂചിപ്പിക്കുന്ന ചെറിയ ഗ്രേ നിറത്തിലുള്ള എഡിറ്റഡ് ലേബൽ ദൃശ്യമാകും. എന്നാൽ എഡിറ്റ് ചെയ്തതിനുശേഷം കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ഉപയോക്താക്കൾക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ തെറ്റുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
Kerala
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ(38) ആണ് പിടിയിലായത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്റെ നടപടി. യുവതിയിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളിൽ നിന്ന് സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
Tech
ഇൻസ്റ്റഗ്രാമിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഉപയോക്താക്കൾക്കു ഇനി ആസ്വദിക്കാൻ സാധിക്കില്ല. ഈ ഫീച്ചർ മേയ് എട്ട് മുതൽ എടുത്തുകളയാൻ പോകുന്നതായി മെറ്റ അറിയിച്ചു.
വ്യക്തികൾ തമ്മിൽ അയക്കുന്ന മെസേജുകളും ചാറ്റും സുരക്ഷിതമാക്കുന്ന, മറ്റാർക്കും കാണാൻ സാധിക്കാത്ത എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ 2022ലാണ് മെറ്റ ആദ്യമായി അവതരിപ്പിക്കുന്നത്.
ഈ ഫീച്ചർ അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഉപയോക്താക്കൾക്ക് എങ്ങനെ മെസേജുകളും ചാറ്റും സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് മെറ്റ നിർദേശങ്ങൾ നല്‍കും.
Kerala
കൊച്ചി: യാത്രക്കാരുടെ സ്വകാര്യതയെ മാനിക്കാതെ ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാർച്ച് നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശൂരിൽ വച്ചായിരുന്നു റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പോലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്.
Movies
തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി പോകുന്നതിനിടയിൽ സംഭവിച്ച രസകരമായ കാര്യം വെളിപ്പെടുത്തി നടി കീർത്തി സുരേഷ്.
പുരസ്കാരം മേടിക്കാനായി ചുവന്ന സാരിയുടത്ത് അതിസുന്ദരിയായി ഇറങ്ങി കാറിലേയ്ക്ക് കയറാൻ പോകുമ്പോഴാണ് രസകരമായ ഈ കാര്യം നടന്നത്. ഒരുങ്ങിയിറങ്ങിയ താരത്തെ കണ്ട് ഒരു ആരാധകൻ കമന്റ് ചെയ്തതാണ് താരം വീഡിയോയിൽ പങ്കുവച്ചത്.
‘നല്ല ഭംഗിയുള്ള പൂവാണല്ലോ’എന്നായിരുന്നു ആരാധകന്റെ അഭിനന്ദനം. ഇത് കേട്ടതും കീർത്തിക്ക് പരിഭവം അടക്കാനായില്ല. ‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!’ എന്നായി കീർത്തിയുടെ മറുപടി.
താരത്തിന്റെ ചിരിയും മറുപടിയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പട്ടുസാരിയിലുള്ള കീർത്തിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കഴിഞ്ഞു.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
International
ന്യൂഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്നാണ് സൂചന.
മാൽവെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്. ലൊക്കേഷൻ, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്. വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്കത്തിയെന്നാണ് വിവരം.
സൈബർ ആൾമാറാട്ടം, ഫിഷിംഗ് ക്യാമ്പയിൻ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനാണ് കൂടുതൽ സാധ്യതയെന്നും മാൽവെയർബൈറ്റ്സ് കൂട്ടിച്ചേർത്തു.
പല ഉപഭോക്താക്കളും തങ്ങൾക്ക് ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. സംഭവത്തിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
Tech
ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്മാര്‍ട്ട് ടിവിയില്‍ കാണാനുള്ള സൗകര്യമൊരുങ്ങുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്ക്കും ലഭ്യമാകും. ഇതോടെ ഉപയോക്താക്കളെ വലിയ സ്ക്രീനില്‍ റീല്‍സ് കാണാനാകും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ യൂട്യൂബിനോട് മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാന്‍ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു.
ഉപയോക്താക്കള്‍ക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെര്‍ച്ചിംഗ് ഓപ്ഷനും ആപ്പില്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി "യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
ഇതിലൂടെ ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്കുന്ന വിഷയങ്ങള്‍ കാണാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
Kerala
പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ചു. കുമരനെല്ലൂർ ഗവ. സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിലടിച്ചത്.
കമന്റിനെ ചൊല്ലി ഏറെനാളായി വിദ്യാർഥികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിലടിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു ആക്രമണം.
തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
National
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന സ്ഥിരീകരിച്ചു.
ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്കുശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്തുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മർദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Tech
വാച്ച് ഹിസ്റ്ററി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകൊണ്ടിരിക്കുന്ന റീല്‍സ് അപ്രത്യക്ഷമായാല്‍ അത് വീണ്ടും കാണാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.
ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളിലെത്തും.
എങ്ങനെ ഉപയോഗിക്കാം
ഇതിനായി സ്ക്രീനില്‍ മുകളില്‍ വലത് ഭാഗത്തുള്ള ത്രീലൈന്‍ ബട്ടനില്‍ ടാപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാം സെറ്റിംഗ്സ് തുറക്കുക. Your Activity തെരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ How to use instagram എന്ന സെക്ഷനിലായി Watch History എന്ന ഓപ്ഷന് കാണാം. ഇതു തെരഞ്ഞെടുത്താല്‍ ഇതുവരെ കണ്ട റീല്‍സുകളെല്ലാം അതില്‍ കാണാം.
വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് വീഡിയോകള്‍ തീയതി, സമയക്രമം, ക്രിയേറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാകും.
Kerala
കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിച്ചു.
ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇക്കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
പ്ലസ് വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു.
മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.