ജയ്റാം രമേശ്
ന്യൂഡൽഹി: തനിക്കെതിരേ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച കുട്ടികൾക്കെതിരേ ക്ഷമിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കെതിരേ വിമർശനവുമായി കോൺഗ്രസ്.
മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പ്രധാനമന്ത്രി നമ്മുടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ചകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ ക്രൂരമായ നടപടികളിലും അയോധ്യ സംഭാവനക്കൊള്ളയിലും നോട്ട് നിരോധനം പോലെയുള്ള തുഗ്ലക് മാതൃക തീരുമാനങ്ങളിലും മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ ക്ഷമാപണം ആവശ്യപ്പെടുമ്പോൾ ജീവശാസ്ത്രപരമല്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇരവാദം ഉയർത്താൻ താത്പര്യപ്പെടുകയാണെന്ന് ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുവാക്കളോട് ക്ഷമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വീഡിയോ മോദി സർക്കാരിന്റെ കാലയളവിൽ കഷ്ടതകൾ അനുഭവിച്ച യുവതയ്ക്കും മുഴുവൻ രാജ്യത്തിനും അപമാനമാണ്. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം പ്രസംഗങ്ങൾക്ക് ഇനി ആരെയും കബളിപ്പിക്കാൻ കഴിയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
Tags : Congress PMModi Criticized Instagram Apologized Children JairamRamesh