Viral
പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പ്രതിഷേധക്കാരോട് ക്ഷമിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്ലാനി.
രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആത്മാർഥമായി ശ്രമിച്ചാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കൂവെന്നും, അല്ലാതെ പിആർ അഭ്യാസങ്ങൾ കൊണ്ടോ വൈകാരിക നാടകങ്ങൾ കൊണ്ടോ യുവാക്കളുടെ പിന്തുണ നേടാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ, പ്രധാനമന്ത്രിക്കെതിരെ ഒരു യുവതി അസഭ്യവർഷം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, തനിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തുടക്കം മുതൽ വിദ്യാർഥി സമരത്തിനൊപ്പം നിൽക്കുന്ന വിശാൽ ദദ്ലാനി രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയത്.
അധികാരത്തിലുള്ളവർ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികളുടെ ആത്മഹത്യയും പോലുള്ള കാതലായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് ദദ്ലാനി കുറ്റപ്പെടുത്തി.
സമരക്കാർക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിക്കുന്നതിലോ വിദ്യാർഥികളുടെ ഭാവിയും മാതാപിതാക്കളുടെ അധ്വാനവും തകരുന്നതിലോ അധികാരികൾക്ക് യാതൊരു വിഷമവുമില്ല.
എന്നാൽ ഭരണാധികാരികൾക്കെതിരെയുള്ള വിമർശനങ്ങളും അസഭ്യങ്ങളും മാത്രമാണ് ഇപ്പോൾ വാർത്തയാക്കപ്പെടുന്നത്. പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വീടുകളിൽ പോലീസിനെ അയച്ച് കേസെടുക്കുന്നതും രാജ്യത്ത് നിസാര കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ വാക്കുകളെ മാത്രം എടുത്തുപറഞ്ഞ് വിഷയം തിരിച്ചുവിടാൻ ശ്രമിക്കുന്നത് സ്ത്രീവിരുദ്ധതയാണ്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വിദ്യാർഥികളെ അക്രമികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല.
കുറച്ചുകൂടി നല്ല സ്ക്രിപ്റ്റ് എഴുതുന്നവരെ വെച്ച് പിആർ അഭ്യാസങ്ങൾ നടത്തുന്നതാണ് സർക്കാരിന് നല്ലതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ പരിഹസിച്ചു.
രാജ്യത്തെ യുവാക്കൾ അക്രമം ആഗ്രഹിക്കുന്നവരല്ലെന്നും സമാധാനപരമായും സർഗാത്മകമായുമാണ് അവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതെന്നും വിശാൽ ദദ്ലാനി ചൂണ്ടിക്കാട്ടി.
അധികാരികൾ അഹങ്കാരം വെടിഞ്ഞ് വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾ തുടച്ചുനീക്കാൻ തയ്യാറായാൽ, അതേ യുവാക്കൾ സർക്കാരിനെ പ്രശംസിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥി പ്രതിഷേധങ്ങളും ഊർജ സുരക്ഷാ ആശങ്കകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റിൽ സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവർക്ക് പുറമേ ജെ.പി. നദ്ധ, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, സർബാനന്ദ സോനോവാൾ എന്നീ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും യോഗത്തിൽ പങ്കെടുത്തു. പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോർച്ചയിലും പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം നടന്നു എന്ന ആരോപണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളും യോഗം വിലയിരുത്തി. ഒപ്പം ഇറാൻ-യുഎസ് പോര് കാരണം അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും രാജ്യത്തെ ഊർജ സുരക്ഷയും വിതരണവും യോഗം വിശദമായി അവലോകനം ചെയ്തു.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ നടത്തിയ അതിക്രമത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയുകയും അതിക്രമത്തിന് അനുമതി നല്‍കിയത് ആരാണെന്നു ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനല്ല, മറിച്ചു ബലപ്രയോഗത്തിലൂടെ അവരുടെ ശബ്ദം അടിച്ചമര്‍ത്താനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ സിവാനില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് എകെ-47 റൈഫിളുകള്‍ ഉപയോഗിച്ചതായാണു റിപ്പോര്‍ട്ട്. ബിജെപി ഇക്കാര്യം നിഷേധിച്ചെങ്കിലും എകെ-47 ഉപയോഗിച്ച പോലീസുകാരനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ വിദ്യാര്ഥികള്ക്കെതിരേ പെല്ലറ്റ് ഗണ്ണു കള്‍ പ്രയോഗിച്ചു. നിരായുധരായ വിദ്യാര്‍ഥികള്‍ക്കു നേരേ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ടിയര്‍ ഗ്യാസ് ഷെല്ലുകളും പൊട്ടിച്ചു. ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക ഷെല്‍ പ്രയോഗത്തിലും നിരവധി വിദ്യാര്‍ഥികള്‍ ക്കു പരിക്കേറ്റെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവയ്ക്കുന്ന പോസ്റ്റുകൾ നീക്കംചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് ഡൽഹി പോലീസ് ഉത്തരവിട്ടെന്നു റിപ്പോർട്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പങ്കുവയ്ക്കപ്പെട്ട അപകീർത്തിപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിർദേശം.
ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്നും വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകൾ നീക്കം ചെയ്തെന്നും ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഡൽഹി പോലീസിന്റെ സമൂഹമാധ്യമ നിരീക്ഷണ ടീം അത്തരം ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സദാ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
അതിനിടെ, പ്രധാനമന്ത്രിയെ ലക്ഷ്യംവയ്ക്കു ന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നത് സർക്കാരിന്റെ ഏകാധിപത്യപരമായ പ്രവണതയാണെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
National
ന്യൂഡൽഹി: ഫുട്ബോളിനെ സംസ്കൃത പഠനവുമായി ബന്ധിപ്പിച്ച എറണാകുളം സൗത്ത് ചിറ്റൂരിലെ സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപകൻ അഭിലാഷ് ജി. പ്രതാപിനെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ചു.
കായിക വിനോദത്തെയും സംസ്കൃതത്തെയും കോർത്തിണക്കി അഭിലാഷ് വികസിപ്പിച്ച അക്ഷരകന്ദുകം എന്ന പ്രോജക്ടാണ് പ്രശംസ നേടിയത്.
ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്തി സംസ്കൃത അക്ഷരങ്ങളെ വളരെ ലളിതമായി വിശദീകരിക്കുകയാണ് അക്ഷരകന്ദുകത്തിലൂടെ.
ഇത്തരത്തിലുള്ള നൂതന രീതികൾ പഠനം ആസ്വാദ്യകരമാക്കുന്നതോടൊപ്പം ആളുകളും കായികരംഗവും തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അലതല്ലിയ സമയത്തായിരുന്നു അക്ഷരകന്ദുകം എന്ന ആശയവുമായി അഭിലാഷ് വിദ്യാർഥികൾക്കിടയിലേക്ക് എത്തിയത്.
National
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ. ചോദ്യച്ചോർച്ച തടയുന്നതിനായി വ്യാഴാഴ്ച രാത്രി വൈകി സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് മികച്ച പ്രതികരണവും വിലയേറിയ നിർദേശങ്ങളും യുവാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയിലും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ രാത്രി താൻ പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളും പോസിറ്റീവായ നിർദേശങ്ങളും ഏറെ സന്തോഷം നൽകിയെന്നും പുതിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ സുതാര്യത ഉറപ്പാക്കുന്നതിനും യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കടുത്ത നിയമനിർമാണങ്ങളും നടപടികളുമാണ് സർക്കാർ ഈയിടെ നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ പത്ത് ലക്ഷത്തിൽ അധികമാളുകളുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഈ വർധനവെന്നതാണ് ശ്രദ്ധേയം.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥിസമരം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ.
നീറ്റ് ക്രമക്കേടിൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും അതുകൊണ്ടു മാത്രം പരിഹാരമുണ്ടാകില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപത്തെ മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താമെന്ന വിദ്യാർഥികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന നിലപാടിൽ തന്നെയാണു സർക്കാർ. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ നിലപാട് പൂർണമായും തള്ളിക്കളയുന്നതായി സിജെപി വ്യക്തമാക്കി. ഇരുകൂട്ടരും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ ചർച്ചയ്ക്കുള്ള സാധ്യത മങ്ങി.
തിങ്കളാഴ്ച നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സിജെപി പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും ആവശ്യത്തോടു സർക്കാർ പ്രതികരിച്ചില്ല.
ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഹരിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു മാത്രമാണ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തിയ പ്രതികരണം. എന്നാൽ, സമരം തുടങ്ങി 34 ദിവസമെടുത്ത് പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് തുടരുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിമർശിച്ചു.
അതേസമയം, വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. വിദ്യാർഥികൾ ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
ജന്തർ മന്തറിനു സമീപപ്രദേശത്തെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും റോഡ് മാർഗം എത്തുന്ന വിദ്യാർഥികളെ തടഞ്ഞും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിട്ടും സമരപ്പന്തലിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.
ഓട്ടോറിക്ഷകളിലും വാഹനങ്ങളിലും എത്തുന്ന സമരക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്ന നടപടിയടക്കം പോലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥികൾക്കുപുറമെ മുതിർന്നവരും ജോലിക്കാരും ഉൾപ്പെടെ ആയിരങ്ങൾ സമരപ്പന്തലിലെത്തി വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമരത്തിന് പിന്തുണയുമായി എത്തുന്നവർ മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം ചെലവിട്ടശേഷമാണു മടങ്ങുന്നത്.
ജന്തർ മന്തറിനു സമീപം സെൻട്രൽ ഡൽഹിയിൽ അനിശ്ചിതകാലത്തേക്ക് സർക്കാർ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സമരക്കാരുടെയും സമരത്തിന് എത്തുന്നവരുടെയും ആശയവിനിമയം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വിലക്ക്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി.
രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളുടെ അംഗീകാരം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജ് നടത്തിയ ശേഷം, സാമൂഹികമാധ്യത്തിൽ യുവാക്കളുടെ ഭാവിയെപ്പറ്റി പ്രധാനമന്ത്രി ആശങ്കപ്പെടുന്നതു വഞ്ചനാപരമായ സമീപനമാണ്.
തന്റെ മുക്കിനുതാഴെ 152 പരീക്ഷപേപ്പറുകൾ ചോർന്നിട്ടും ഒന്നിൽപ്പോലും നടപടിയെടുക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ യുവാക്കളുടെ ഭാവിഇല്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
പ്രധാനമന്ത്രി പാലിക്കുന്ന മൗനം അസ്വീകാര്യമാണെന്നും ഉത്തരവാദിത്വവും തിരുത്തൽ നടപടികളും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം പ്രധാനമന്ത്രിയാണ് പാർലമെന്റിൽ പ്രഖ്യാപിച്ചതെന്നും അതിന്റെ അംഗങ്ങളെ സർക്കാർ തനിച്ചാണ് നിയമിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസ്, വിഎച്ച്പി, അനുബന്ധ സംഘടകൾ എന്നിവയുമായി ബന്ധമുള്ളവരാണ് ട്രസ്റ്റ് അംഗങ്ങളെന്നും അതിന്റെ അപമാനിതനായ ജനറൽ സെക്രട്ടറി മോദിയുടെ അടുത്ത അനുയായിയാണെന്നും രാഹുലും ഖാർഗെയും കത്തിൽ പറഞ്ഞു.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉടനടി സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പുറത്തുവിടണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.