പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ലഹരിമുക്ത ഭാരതം ലക്ഷ്യമിട്ട് 100 ആഴ്ച നീണ്ടുനിൽക്കുന്ന ‘നശാ മുക്ത യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ’ കാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചു.
രാജ്യത്തുടനീളമുള്ള 28,000ത്തിലധികം കേന്ദ്രങ്ങളിൽനിന്നായി ഒരു കോടിയിലധികം യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി പദ്ധതിയുടെ കർമപരിപാടികൾ പ്രഖ്യാപിച്ചത്.
100 ആഴ്ചകൾ;ബോധവത്കരണം
അടുത്ത 100 ആഴ്ചകളിൽ എല്ലാ ഞായറാഴ്ചകളിലും കല, കായികം, സംസ്കാരം, ധ്യാനം എന്നിവ കോർത്തിണക്കി രാജ്യത്തുടനീളം ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ വർഷം കാശിയിൽ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച ഈ പദ്ധതിക്ക് 125ലധികം ആത്മീയ-സന്നദ്ധ സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നു.
കർശന നടപടി
രാജ്യത്തേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പമാണ് ബോധവത്കരണ പരിപാടികളും ശക്തമാക്കുന്നത്. ലഹരി മാഫിയകൾക്കെതിരേ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിക്കുന്നതെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ അറസ്റ്റുകളും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് വേട്ടയും നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘യുവാക്കൾ രാജ്യത്തിന്റെ ഭാവി; ജാഗ്രത വേണം’
2047ഓടെ ഭാരതത്തെ ഒരു വികസിതരാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടവരാണ് ഇന്നത്തെ യുവാക്കൾ. രാജ്യത്തിന്റെ പുരോഗതിക്കായി അവർ ലഹരിയിൽനിന്ന് പൂർണമായും അകന്നുനിൽക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ ലഹരിക്ക് അടിമകളാക്കി രാജ്യത്തിന്റെ വികസനത്തിനു തടയിടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഹ്വാനം
വീടുകളിൽ ലഹരിക്ക് അടിമപ്പെട്ട കുട്ടികളുണ്ടെങ്കിൽ ആ വിവരം മറച്ചുവയ്ക്കാതെ, കൃത്യസമയത്തു വൈദ്യസഹായവും പുനരധിവാസവും ഉറപ്പാക്കാൻ രക്ഷിതാക്കൾ തയാറാകണം. അതോടൊപ്പം, സ്കൂളുകളിലും കോളജുകളിലും പഠനത്തോടൊപ്പം തന്നെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ നിർബന്ധമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Tags : OperationToofan Cente PMModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash