ഇൻസ്റ്റാഗ്രാമിൽ യുവാക്കളെ അഭിസംബോധന ചെയ്തുള്ള പുതിയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ. ചോദ്യച്ചോർച്ച തടയുന്നതിനായി വ്യാഴാഴ്ച രാത്രി വൈകി സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് മികച്ച പ്രതികരണവും വിലയേറിയ നിർദേശങ്ങളും യുവാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയിലും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ രാത്രി താൻ പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളും പോസിറ്റീവായ നിർദേശങ്ങളും ഏറെ സന്തോഷം നൽകിയെന്നും പുതിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ സുതാര്യത ഉറപ്പാക്കുന്നതിനും യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കടുത്ത നിയമനിർമാണങ്ങളും നടപടികളുമാണ് സർക്കാർ ഈയിടെ നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ പത്ത് ലക്ഷത്തിൽ അധികമാളുകളുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഈ വർധനവെന്നതാണ് ശ്രദ്ധേയം.
Tags : PMModi Youngsters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash