മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വാർ റൂം തലവന്മാ രെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്.
2019ൽ സർവീസിൽനിന്നു രാജിവച്ച് 2025ൽ കോൺഗ്രസിൽ ചേർന്ന മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനാണ് പഞ്ചാബിന്റെ ചുമതല. മധ്യപ്രദേശ് എംഎൽഎയും മുൻ മന്ത്രിയുമായ സച്ചിൻ യാദവിനാണ് ഉത്തർപ്രദേശിന്റെ ചുമതല.
ഗോവയുടെ ചുമതല ഇംറോസ് ഖാനും മണിപ്പുരിന്റെ ചുമതല ബിശ്വരഞ്ജൻ മൊഹന്തിക്കും ഉത്തരാഖണ്ഡിന്റെ ചുമതല കൃഷൻ സത്റോദിക്കുമാണ്. അതത് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും ഏകോപനകേന്ദ്രങ്ങളുടെയും ചുമതല ഇവർ വഹിക്കും.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ സംഘം സന്ദർശനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം. 2027 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലായിട്ടാണ് ഈ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്.
പ്രചാരണതന്ത്രങ്ങൾ, ബൂത്ത് തല മാനേജ്മെന്റ്, ഡാറ്റ വിശകലനം, സ്ഥാനാർഥികളുടെ ഏകോപനം, തത്സമയ പ്രതികരണങ്ങൾ എന്നിവയ്ക്കുള്ള കേന്ദ്രങ്ങളായാണ് വാർ റൂമുകൾ പ്രവർത്തിക്കുക. വോട്ടെടുപ്പിന് മുൻകൂട്ടിതന്നെ സംഘടനാപരമായ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ കേന്ദ്ര നേതൃത്വവും സംസ്ഥാന സംഘടനകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Tags : AssemblyElections Congress warroom Heads FiveStates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NationalPolitics