റസാഖ് കുന്നുമ്മൽ
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ആരോപണം നേരിട്ട വ്യവസായി റസാഖ് കുന്നുമ്മലിനെ മുസ്ലിം ലീഗ് പുറത്താക്കി.
കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളില്‍നിന്നും പുറത്താക്കിയതായാണ് സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ്. ഖത്തർ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രതിനിധിയും മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്നു റസാഖ്.
കേസില്‍ കീഴടങ്ങിയ നാലാം പ്രതി കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ മൊഴിയിലും ഇയാള്‍ പുറത്തുവിട്ട വീഡിയോയിലും റസാഖിന്റെ പേരുണ്ട്. അതോടൊപ്പം മുഖ്യപ്രതിയായ ബോംബെ ഷാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അതിലും റസാഖിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം റസാഖ് നിഷേധിച്ചു. തനിക്കെതിരേ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് ഇയാള്‍ നല്കിയ വിശദീകരണം. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍നിന്ന് ഉണ്ടാകില്ലെന്ന് പി.എം.എ. സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലീഗുമായി ബന്ധപ്പെട്ട ആരെങ്കിലും കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെങ്കില്‍ കൃത്യമായ നടപടിയെടുക്കുമെന്നാണ് സലാം പറഞ്ഞത്. കവര്‍ച്ച കെഎംസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് നടപടി. 2025 സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം . കെഎംസിസിയുടെ അല്‍ തുമാമയിലെ ഓഫിസിലെ ലോക്കര്‍ തകര്‍ത്ത് എട്ട് കോടിയോളം ഇന്ത്യന്‍ രൂപയാണ് കവര്‍ന്നത്. കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്.
പണം നഷ്ടമായതിന് പിന്നാലെ കെഎംസിസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ പൊലിസും കേരളത്തിലെ ഗൂഢാലോചനയെ മുന്‍നിര്‍ത്തി കൊയിലാണ്ടി പൊലിസും അന്വേഷണം നടത്തുന്നതിനിടെയാണ് ബാലകൃഷ്ണന് കീഴടങ്ങുന്നത്. വെല്‍ഡിംഗ് ജോലിക്കാരനായ തന്നെ അറബിയുടെ വീട്ടില്‍ ഒരു ജോലിയുണ്ടെന്ന് പറഞ്ഞ് കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയാണ് ഖത്തറിലെത്തിച്ചതെന്നാണ് ബാലകൃഷ്ണന് അവകാശപ്പെടുന്നത്.
കെഎംസിസി ഓഫിസിലെ സ്ട്രോംഗ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ സംഘം ആവശ്യപ്പെട്ടുവെന്നും ഇവിടെയെത്തിയപ്പോഴാണ് കെഎംസിസിയുടെ ഓഫിസാണെന്ന് മനസിലായതെന്നും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കവര്‍ച്ചയില്‍ സഹായിച്ചതെന്നും ബാലകൃഷ്ണന് മൊഴി നല്‍കിയിട്ടുണ്ട്.
Tags : Businessman Allegations Ousted MuslimLeague KMCCOffice Theft Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RazakKunnummal