ലഡാക്ക്
ലേ: ലഡാക്കിന്റെ ഭാവി ഭരണസംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച കരട് നിർദേശം തള്ളി കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) അപെക്സ് ബോഡി ലേയും (എബിഎൽ). കേന്ദ്രം ലഡാക്കിലെ ജനാധിപത്യത്തെ കൊലചെയ്യുകയാണെന്നും മേഖലയെ വെറുമൊരു പരീക്ഷണശാലയാക്കി മാറ്റിയെന്നും സംഘടനകൾ ആരോപിച്ചു.
നേരത്തേ നടത്തിയ ചർച്ചകളിൽ ലഡാക്കിനു പ്രത്യേക നിയമനിർമാണ, സാമ്പത്തിക അധികാരങ്ങളും ഭരണഘടനാ സംരക്ഷണവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പുതിയ കരടിൽ ഭരണപരമായ എല്ലാ അധികാരങ്ങളും ലഫ്. ഗവർണറിലും ഉദ്യോഗസ്ഥരിലും മാത്രം ഒതുക്കുന്ന രീതിയിലാണ് കേന്ദ്രം തയാറാക്കിയിരിക്കുന്നത്.
ലഡാക്കിന് പൂർണ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സുരക്ഷയുമാണ് ജനങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത്.
കേന്ദ്രത്തിന്റെ ഈ പുതിയ നിലപാട് മുന്പ് ഉണ്ടാക്കിയ ധാരണകൾക്കു വിരുദ്ധമാണെന്ന് പ്രാദേശിക നേതാക്കളും ലഡാക്ക് എംപി മുഹമ്മദ് ഹനീഫയും വ്യക്തമാക്കി.
ലഡാക്കിന് കൂടുതൽ ജനാധിപത്യപരമായ അധികാരങ്ങളും ഭരണഘടനാസംരക്ഷണവും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തുന്ന പ്രധാന സംഘടനകളാണ് കാർഗിൽ ഡെമോക്രാറ്റിക് അലയൻസും അപെക്സ് ബോഡി ലേയും. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്.
Tags : Centre RegionalOrganizations Reject DraftProposal TestingGround Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash