കേരള ഹൈക്കോടതി
കൊച്ചി: ഗൗരവമുള്ള കേസുകളില്‍ ‘ഭായ് ഭായ്’ കളിക്കുന്നതിന്റെ ഫലമെന്തായിരിക്കുമെന്ന് അധികൃതര്‍ക്കു ബോധ്യമുണ്ടായിരിക്കണമെന്ന് ഹൈക്കോടതി. രണ്ട് എതിര്‍പക്ഷക്കാരും ‘ഭായ് ഭായ്’കളി തുടര്‍ന്നാല്‍ ജനം മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്ന സ്ഥിതിയുണ്ട്.
അതിനാല്‍ ജനങ്ങളുടെ വികാരമറിഞ്ഞ് മുന്നോട്ടു പോകണമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പിഎസ്സിയുടെ പരീക്ഷാ ക്രമക്കേട് കേസില്‍ അന്വേഷണം മുന്നോട്ടു പോകാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കോടതിയുടെ നിരീക്ഷണം.
അന്വേഷണത്തിനെതിരേ പിഎസ്സി നല്കിയ ഹര്‍ജിയില്‍ ഒരു നിയന്ത്രണവും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാരിനുണ്ട്. എന്നാല്‍, അന്വേഷണം സ്തംഭിപ്പിച്ച അവസ്ഥയിലാണ്. അന്വേഷണം ഫലത്തില്‍ തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണു കോടതിയുടെ വിമര്‍ശനമുണ്ടായത്.
ഹര്‍ജിക്കാര്‍ ഇപ്പോള്‍ സുരക്ഷിതരാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യില്ല; കോടതി ഉത്തരവിനായി കാക്കുകയാണ്. പ്രധാന കുറ്റവാളികളെയൊന്നും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടില്ല, പിന്നെ എന്ത് അന്വേഷണമാണു നടക്കുന്നത് -കോടതി ചോദിച്ചു.
പ്രതികള്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും പിഎസ്സി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി അറിയിച്ചു. കൊലപാതകക്കേസാണെങ്കില് അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യില്ലേയെന്നും ഇതുതന്നെയല്ലേ ഇക്കാര്യത്തിലും പിന്തുടരേണ്ടതെന്നും കോടതി ചോദിച്ചു.
പിഎസ്സി ആവശ്യപ്പെട്ടപ്രകാരം പരാതിക്കാരനായ വി.എസ്. ജയലാലിനെ കേസില്‍ കക്ഷിചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ടു നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും 27ന് പരിഗണിക്കാനായി മാറ്റി.
പൊതുസേവകര്‍ക്കെതിരേ അഴിമതിക്കേസില്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന 17 (എ) വകുപ്പ് രക്തം ചിന്താതെ മാംസം അറത്തെടുക്കണമെന്ന് ഷൈലോക്കിന്റെ കഥയില്‍ പറയുംപോലെയുള്ള ഒന്നാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ ഈ വകുപ്പ് അനാവശ്യമായ ഒന്നാണെന്നും കോടതി പറഞ്ഞു.
Tags : KeralaHighCourt PublicSentiment Proceed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash