തിരുവനന്തപുരം: പാര്‍ട്ടി നിശ്ചലമാണെന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന മുതിര്‍ന്ന നേതാക്കളുടെ വികാരമാണെന്ന വിലയിരുത്തല്‍.
വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സണ്ണി ജോസഫിനു പകരം മുഴുവന്‍സമയ അധ്യക്ഷനെ നിയമിക്കണമെന്നു നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ പരാതി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പാര്‍ട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്നു പറഞ്ഞു നിലപാട് ശക്തമാക്കുകയാണ് മുല്ലപ്പള്ളി.
ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ മെല്ലപ്പോക്കും കാരണമാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. കെപിസിസി അധ്യക്ഷന്‍ മാത്രമല്ല രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരാണ്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതി ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. പാര്‍ട്ടി പുനഃസംഘടനയും ബോര്‍ഡ് കോര്പറേഷന് നിയമനവും നടത്താനാണ് നീക്കം.
എന്നാല്‍, പലര്‍ക്കും നോട്ടം അധികാരസ്ഥാനങ്ങളാണ്. ചില എംപിമാര്‍ അധ്യക്ഷപദവിയിലേക്കു ചരടുവലി ശക്തമാക്കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷും അടൂർ പ്രകാശും ഉള്‍പ്പെടെ നേതാക്കള്‍ കെപിസിസി പ്രസിഡന്റാകാന്‍ തയാറാണ്.
അതേസമയം ഒരു സ്ഥാനവും നിലവില്ലാത്ത ജോസഫ് വാഴയ്ക്കന്റെ പേരും സജീവമായി രംഗത്തുണ്ട്. രമേശ് ചെന്നിത്തല ഉള്‍പ്പെടെ വാഴയ്ക്കനുവേണ്ടി വാദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വണ്‍ മാന്‍ വണ്‍ പോസ്റ്റെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന. മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് അധ്യക്ഷപദവി കൊടുത്താന്‍ അതു കുട്ടിക്കളിയായി മറുമെന്നു പറഞ്ഞ് ഈ ആവശ്യമുന്നയിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുകയാണ് മുല്ലപ്പള്ളി.
ഇതേസമയം കെപിസിസി പ്രസിഡന്റ് എന്ന നിലയിലേക്കു മന്ത്രി സണ്ണി ജോസഫ് രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം പാലക്കാട് ഡിവിഷന് വിഭജിച്ചതിനെതിരേ യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തതു കെപിസിസി പ്രസിഡന്റുകൂടിയായ സണ്ണി ജോസഫായിരുന്നു.
പുതിയ നേതൃത്വം വരുന്നതുവരെ സംഘടനാ ചുമതലകളില്‍ തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. സെപ്റ്റംബര്‍ ആദ്യവാരം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും തുടര്‍ന്നു ഭാരവാഹികളുടെ യോഗവും ചേരും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി കേരളത്തിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ആസൂത്രണം ചെയ്യും.
അതേസമയം, യുഡിഎഫിലെ ഘടകകക്ഷി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിലും പ്രധാന ബോര്‍ഡുകളുടെ അധ്യക്ഷസ്ഥാനങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന മുസ്ലിം ലീഗിന്റെയും മറ്റു ഘടകകക്ഷികളുടെയും ആവശ്യം മുന്നണി ഐക്യത്തെ ബാധിക്കാത്ത രീതിയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സെപ്റ്റംബറില്‍ ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമധാരണയിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.