National
ന്യൂഡൽഹി: തനിക്കെതിരേ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച കുട്ടികൾക്കെതിരേ ക്ഷമിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കെതിരേ വിമർശനവുമായി കോൺഗ്രസ്.
മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പ്രധാനമന്ത്രി നമ്മുടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ചകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ ക്രൂരമായ നടപടികളിലും അയോധ്യ സംഭാവനക്കൊള്ളയിലും നോട്ട് നിരോധനം പോലെയുള്ള തുഗ്ലക് മാതൃക തീരുമാനങ്ങളിലും മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ ക്ഷമാപണം ആവശ്യപ്പെടുമ്പോൾ ജീവശാസ്ത്രപരമല്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇരവാദം ഉയർത്താൻ താത്പര്യപ്പെടുകയാണെന്ന് ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുവാക്കളോട് ക്ഷമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വീഡിയോ മോദി സർക്കാരിന്റെ കാലയളവിൽ കഷ്ടതകൾ അനുഭവിച്ച യുവതയ്ക്കും മുഴുവൻ രാജ്യത്തിനും അപമാനമാണ്. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം പ്രസംഗങ്ങൾക്ക് ഇനി ആരെയും കബളിപ്പിക്കാൻ കഴിയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
International
സിഡ്നി: ഓസ്ട്രേലിയയിൽ കുട്ടികൾക്കേർപ്പെടുത്തിയ സോഷ്യൽമീഡിയ നിരോധനം ഫലപ്രദമാകുന്നില്ല. 16നു താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ട് തുടങ്ങാനും പഴയ അക്കൗണ്ട് നിലനിർത്താനും കഴിയുന്നുവെന്നാണു കണ്ടെത്തൽ.
ലോകത്താദ്യമായി കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ഡിസംബർ 12നാണു പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മൂന്നുമാസത്തെ അടിസ്ഥാനമാക്കി ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ഇസേഫ്റ്റി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ പ്രായം നിർണയിക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കാത്തതാണു പ്രധാന കാരണമെന്ന് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനു മുന്‍പ് ഇസേഫ്റ്റി നടത്തിയ സർവേയിൽ പങ്കെടുത്ത 16നു താഴെയുള്ള കുട്ടികളിൽ 85.9 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി അറിയിച്ചിരുന്നു. നിരോധനം നടപ്പാക്കി മൂന്നു മാസത്തിനുശേഷം നടത്തിയ സർവേയിൽ ഇത് 81.5 ശതമാനമായി. വളരെച്ചെറിയ കുറവു മാത്രമാണുണ്ടായത്. അക്കൗണ്ടുകൾ നിലനിർത്തുന്നതായും പുതിയവ തുടങ്ങുന്നതായും കുട്ടികൾ വെളിപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കാൻ നടപടികൾ എടുക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ മാതൃ കന്പനിയായ മെറ്റ അടക്കമുള്ളവർക്കെതിരേ ഇസേഫ്റ്റി നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി (കാൻജ്) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ക്രാഡിൽസ് ടു ക്രയോൺസ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് സേവന പരിപാടി സംഘടിപ്പിച്ചു.
ന്യൂജഴ്സിയിലെയും ഫിലഡൽഫിയയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കാൻജിലെ നിരവധി കുടുംബങ്ങൾ സാമ്പത്തിക സംഭാവനകൾ നൽകിയും ക്രാഡിൽസ് ടു ക്രയോൺസിന്റെ ആമസോൺ ഉൾപ്പെടുത്തിയിരുന്ന ആവശ്യസാധനങ്ങൾ വാങ്ങി സംഭാവന ചെയ്തും ഈ ഉദ്യമത്തിൽ പങ്കാളികളായി.
പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, യൂത്ത് അഫയേഴ്സ് ലീഡ് ശ്രീകുമാർ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സംഘം ഫിലാഡൽഫിയയിലെ ക്രാഡിൽസ് ടു ക്രയോൺസിന്റെ ഗിവിംഗ് ഫാക്ടറി സന്ദർശിച്ച് സേവനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
Kerala
തൊടുപുഴ: വിദേശ മലയാളി ദമ്പതികളുടെ ആറും ഒന്നും വയസുള്ള കുട്ടികൾക്ക് അകാരണമായി ബോര്‍ഡിംഗ് പാസ് നിഷേധിച്ച ഖത്തർ എയര്‍വെയ്സ് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് ഉത്തരവ്. 45 ദിവസത്തിനുള്ളില്‍ തുക നല്‍കാത്തപക്ഷം പരാതി നൽകിയ തീയതി മുതൽ തുക നൽകുന്നതുവരെ ഒമ്പതു ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവില്പറയുന്നു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശി പുതുവീട്ടിൽ റോഷൻ ജോസും ഭാര്യ വിനയയുടെയും മക്കൾക്കാണ് ഖത്തർ എയർവെയ്സിൽ നിന്നും ദുരനുഭവം ഉണ്ടായത്. നാട്ടിൽ അവധി ആഘോഷിച്ച ശേഷം മടങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആറ് വയസുകാരൻ റോണിന് മതിയായ യാത്ര രേഖയില്ലെന്ന് കാട്ടി ഖത്തർ എയർവെയ്സ് ബോർഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ തടസമൊന്നുമില്ലായിരുന്നുവെന്നും ബോർഡിംഗ് പാസ് അനുവദിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
കുടുംബത്തെ യാത്രയാക്കാൻ വന്ന ബന്ധുക്കൾക്കൊപ്പം കണ്ണൂരിലേക്ക് കുട്ടിയെ തിരിച്ചയച്ച് ദമ്പതികൾ ഒരു വയസുകാരൻ റെയിനുമായി ദോഹയ്ക്ക് പറന്നു. ദോഹയിൽ എത്തി വെനീസിലേക്കുള്ള വിമാനത്തിൽ കയറാൻ യാത്രാ രേഖകൾ ഹാജരാക്കിയപ്പോൾ ഒരു വയസുകാരനും മതിയായ രേഖയില്ലെന്ന് ആരോപിച്ച് ബോർഡിംഗ് പാസ് നിഷേധിച്ചു.
കൊച്ചിയിൽ നിന്നും യാത്രയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തർക്കത്തിനൊടുവിൽ ബുക്ക് ചെയ്തിരുന്ന വെനീസ് വിമാനം ദമ്പതികളെയും കുട്ടിയെയും കൂട്ടാതെ പറക്കുകയും ചെയ്തു. പിന്നീട് റോഷനും ഒരു വയസുകാരൻ മകനും ദോഹയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ഭാര്യ വിനയ മറ്റൊരു വിമാനത്തിൽ വെനീസിലേക്ക് പോകുകയും ചെയ്തു.
നാട്ടിലെത്തി കുട്ടികൾക്ക് യാത്രാനുമതി നിഷേധിച്ച ഖത്തർ എയർവെയ്സിനെതിരേ റോഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അനാവശ്യ തർക്കങ്ങളുണ്ടാക്കി കുട്ടികൾക്ക് യാത്രാനുമതി നൽകാതിരുന്നത് നീതി നിഷേധമാണെന്നും ഖത്തർ എയർവെയ്സ് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഡി.ബി. ബിനു പ്രസിഡന്റും രാമചന്ദ്രൻ, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്‍, അഭിജിത് സി. ലാല്‍ എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
National
ന്യൂഡൽഹി: കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന സോഹോ സിഇഒ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച മകൻ ഇഷാൻ തരൂരിന് കിടിലൻ മറുപടിയുമായി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ. കുട്ടികൾക്ക് മുൻപ് പഴയ ചിന്താഗതിക്കാരായ മുതിർന്നവരെയാണ് (ബൂമർമാർ) വാട്ട്സ്ആപ്പിൽ നിന്ന് നിരോധിക്കേണ്ടത് എന്ന ഇഷാന്റെ പോസ്റ്റിനാണ് ശശി തരൂർ തന്റെ തനത് ശൈലിയിൽ മറുപടി നൽകിയത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന ആശയത്തോട് താൻ പൂർണമായും യോജിക്കുന്നുണ്ടെന്നും, എന്നാൽ മറ്റെന്ത് ചെയ്യുന്നതിന് മുൻപും ഇന്ത്യയിലെ 'ബൂമർ'മാരെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ആദ്യം വേണ്ടതെന്നുമായിരുന്നു ഇഷാൻ എക്സിൽ കുറിച്ചത്. ഇതിന് മറുപടിയായി, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ജനനനിരക്കും രീതികളും വെച്ചുനോക്കുമ്പോൾ നിന്റെ തലമുറ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും 'ബേബി ബൂമർ'മാർ ആണെന്നായിരുന്നു ശശി തരൂരിന്റെ രസകരമായ മറുപടി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-നും 1964-നും ഇടയിൽ ജനിച്ചവരെയാണ് സാധാരണയായി 'ബേബി ബൂമേഴ്സ്' എന്ന് വിളിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ചിന്താഗതികൾ വെച്ചുപുലർത്തുകയും ആവശ്യമില്ലാതെ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരെ പരിഹസിക്കാൻ യുവാക്കൾക്കിടയിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് 'ബൂമർ'. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും സ്കൂളുകളിൽ മൊബൈൽ ഫോണും നിരോധിച്ചുകൊണ്ട് ഫ്രഞ്ച് പാർലമെന്റ് പാസാക്കിയ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധർ വെമ്പുവിന്റെ പ്രതികരണം.
ഇന്ത്യയിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്നും, ഫോൺ സ്ക്രീനുകളിൽ നിന്ന് മാറി കുട്ടികൾ പുസ്തകങ്ങൾ വായിക്കാനും മണ്ണിലിറങ്ങി കളിക്കാനും തയ്യാറാകണം എന്നുമായിരുന്നു ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയൊരു ചർച്ച തന്നെ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. പൗരന്മാരുടെ വ്യക്തിജീവിതത്തിൽ സർക്കാർ ഇടപെടേണ്ടതില്ല എന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, കുട്ടികളുടെ ഭാവിക്കായി ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് മറുവിഭാഗം പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് കുട്ടികൾ മരിച്ചു. വിജയപുര ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സമീപത്തെ വനമേഖലയിൽ കുട്ടികൾ കന്നുകാലികളെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടാതെ 17 എരുമകളും എട്ട് ആടുകളും അടക്കം 25 കന്നുകാലികളും ചത്തു.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: സ്കൂൾ കുട്ടികൾക്കായി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ അഞ്ചിൽ സ്പെഷൽ സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സരം.
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള രജിസ്ട്രേഷന് മൊഡ്യൂളിൽ പ്രത്യേക സൗകര്യമുണ്ടാകും.
പ്രേമലു, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. 14 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ മെഗാ പെയിന്റിംഗ് മത്സരത്തിൽ ഈ വർഷം പങ്കാളികളാകുന്നത്. മിക്ക സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ട്.
ദീപികയുടെ 140-ാം വാർഷികവും രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് ഈ വർഷത്തെ മത്സരം.
കോഴിക്കോട് കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ട്സിൽ ഒരു ദിവസം മുഴുവൻ സൗജന്യമായി ചെലവഴിക്കാനുള്ള പ്രവേശന പാസ് അടക്കം നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സ്കൂളിലെ ആകെയുള്ള വിദ്യാർഥികളിൽ 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കാളികളാക്കുന്ന സ്കൂളുകളെ ‘80-ാം സ്വാതന്ത്ര്യദിന ആഘോഷ പ്രത്യേക പുരസ്കാരം’ നൽകി ആദരിക്കും. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് ഓഗസ്റ്റ് ഏഴിന് അതത് സ്കൂളുകളിലാണ് മത്സരം.
RDLERP.com എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്കൂളുകൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
International
പാരീസ്: 15നു താഴെ പ്രായമുള്ളവർക്കു സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ചു.
15നു താഴെ പ്രായമുള്ളവർക്കു സെപ്റ്റംബർ മുതൽ പുതിയ അക്കൗണ്ട് തുറക്കാനാവില്ല. നിലവിൽ 15നു താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനരഹിതമാകുന്നതോടെ നിരോധനം പൂർണമാകും.
പ്രായം പരിശോധിക്കാനായി ഫ്രഞ്ച് സർക്കാർ നല്കുന്ന നിർദേശങ്ങൾ സോഷ്യൽ മീഡിയ കന്പനികൾ പാലിക്കേണ്ടിവരും.
ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.
Business
കൊച്ചി: കാൻസർബാധിതരായ 14 വയസിനു താഴെയുള്ള കുട്ടികൾക്ക് സഹായവുമായി വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
അനഹതം എന്നപേരിലുള്ള പദ്ധതിയിൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തുന്ന 30 കുട്ടികൾ ഗുണഭോക്താക്കളാകും. മൂന്നു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുവേണ്ടിയാണ് പദ്ധതി.
കാൻസർബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടാകുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഹ് എന്ന എൻജിഒയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
National
ബംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മാരുതി ലേഔട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), രക്ഷ (എട്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെയും കുട്ടികളുടെയും വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ മുത്തശിയുടെ വീട്ടിലേക്ക് അയച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
International
ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
Kerala
കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്.
മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച കുട്ടികളെ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.
District News
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുഴുവൻ വിദ്യാർഥികളും വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് സ്കൂളിലെത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളും ജേഴ്സി അണിഞ്ഞ് ബാൻഡ്മേളത്തിന്റെ താളത്തിനൊപ്പം ഡാൻസ് കളിച്ച് ഫുട്ബോൾ ആവേശം വാനോളമുയർത്തി. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എ.ജെ. ബിജോയി അധ്യക്ഷത വഹിച്ചു. റോബിൻ വർഗീസ്, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
International
കാബൂൾ: യുദ്ധക്കെടുതികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിട്ടൊഴിയാത്ത അഫ്ഗാനിസ്ഥാനിൽ ലക്ഷക്കണക്കിന് കുരുന്നുകളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫിന്റെ മുന്നറിയിപ്പ്.
അഞ്ചു വയസിനു താഴെയുള്ള 37 ലക്ഷം കുട്ടികളാണ് രാജ്യത്ത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നത്. യുണിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അഫ്ഗാൻ നേരിടുന്ന അതിഭീകരമായ ഈ ഭക്ഷ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്.
അഫ്ഗാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പട്ടിണിയും പോഷകാഹാരക്കുറവും അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. രാജ്യത്ത് ആകെയുള്ള 34 പ്രവിശ്യകളിൽ 26 ഇടങ്ങളിലും പോഷകാഹാരക്കുറവ് കഴിഞ്ഞ വർഷത്തേക്കാൾ ഭയപ്പെടുത്തുന്ന രീതിയിലാണ് വർധിച്ചിരിക്കുന്നത്. വിശപ്പും രോഗങ്ങളും കാരണം കുട്ടികളുടെ ശരീരഭാരം അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഇവിടെ കണ്ടുവരുന്നത്. ആവശ്യത്തിന് ആഹാരം ലഭിക്കാത്തതും കുടിവെള്ളത്തിന്റെ ദൗർലഭ്യവുമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും രണ്ടു വയസിനു താഴെയുള്ള കുട്ടികളാണെന്നു യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ 83 ശതമാനവും ഈ പ്രായപരിധിയിൽ വരുന്നവരാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാരണങ്ങൾ പലത്;പരിഹാരം അടിയന്തരം
ഭക്ഷ്യക്ഷാമത്തിന് പുറമേ രാജ്യത്ത് നിലനിൽക്കുന്ന മറ്റ് ചില പ്രതിസന്ധികളും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാംക്രമിക രോഗങ്ങളും പ്രതിരോധ കുത്തിവയ്പുകളുടെ കുറവും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമേ, കുടിവെള്ളത്തിന്റെയും ശുചിത്വ സംവിധാനങ്ങളുടെയും അഭാവവും വിദേശസഹായങ്ങളുടെയും മെഡിക്കൽ ഫണ്ടുകളുടെയും കുറവും സ്ഥിതി ഗുരുതരമാക്കുന്നു.
Kerala
കോഴിക്കോട്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ താരതമ്യേനെ കുറഞ്ഞുവെന്നു പോലീസിന്റെ കണക്കുകള്‍.
ഈ വര്‍ഷം ആറു മാസം പിന്നിട്ടപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്, കഴിഞ്ഞവര്‍ഷത്തേതിന്റെ ഏകദേശം മൂന്നിലൊന്നു കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വര്‍ഷം ജൂണ്‍ 30 വരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് 6736 കേസുകളാണ്. 2025 ല്‍ 12 മാസം കൊണ്ട് 18305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് 5537 കേസുകളാണ് 2025ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1886 കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്.
2023 മുതല്‍ സംസ്ഥാനത്ത് സത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നേരിയ കുറവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 18980, 2024ല്‍ 18887 എന്നിങ്ങനെയാണ് പോലീസ് കേസുകള്‍.
2020 മുതലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 2023ലാണ് കുട്ടികള്‍ക്കെതിരായ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്; 5903. 2024 ല്‍ ഇത് 5140 ആയി കുറഞ്ഞു. 2025 ല്‍ 4753 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം അഞ്ചു മാസം കൊണ്ട് 1776 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
2025ല്‍ 4753 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം അഞ്ചുമാസംകൊണ്ട് പോലീസ് രേഖകളിലുള്ളത് 1776 കേസുകള്‍ മാത്രമാണ്. പ്രത്യേക കാലയളവു വച്ച് കണക്കുകൂട്ടുമ്പോള്‍ താരതമ്യേനെ ഈ വര്‍ഷം പോക്സോ കേസുകള്‍ കുറവാണെന്നു കാണാം.
പോക്സോ കേസുകള്‍ മലപ്പുറത്തും തിരുവനന്തപുരം പോലീസ് റൂറലിലുമാണു കൂടുതല്‍. മലപ്പുറത്ത് ആറു മാസം കൊണ്ട് 1792 കേസുകളും തിരുവനന്തപുരം റൂറലില്‍ 1573 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറു വര്‍ഷങ്ങളായി നേരിയ തോതില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുകയാണ്. 2025ല്‍ 2,952 ഇത്തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനുള്ളില്‍ 1,071 കേസുകളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ഭര്‍ത്താവോ മറ്റു ബന്ധുക്കളോ നടത്തുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകളാണ് ഈ വര്‍ഷം മേയ് വരെ റിപ്പോര്‍ട്ട് ചെയ്തത്. 2021, 2022 വര്‍ഷങ്ങളില്‍ ഇത് അയ്യായിരത്തോട് അടുത്തിരുന്നു.
ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇതേ വിഭാഗത്തില്‍ ആറു കേസുകളുണ്ടായിരുന്നു.
International
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലും കുട്ടികൾക്കു സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദോർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂണിയന്റെ നീക്കം സോഷ്യൽ മീഡിയ കന്പനികൾക്കു വലിയ ആഘാതമാകും.
13നു താഴെ പ്രായമുള്ളവർ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങി ഉത്തരവാദിത്വപ്പെട്ടവരുടെ മേൽനോട്ടത്തിൽ പരിമിതമായ സമയത്തു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള നിർദേശമാണു പരിഗണനയിലെന്ന് ഉർസുല പറഞ്ഞു.
കുട്ടികളുടെ പ്രായം വർധിക്കുന്നതിനനുസരിച്ച് ഇളവുകൾ നല്‍കും. പ്രായത്തിനനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടിൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യം ഓസ്ട്രേലിയയാണ്.
Kerala
പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് ജലീൽ കുട്ടികളെ അപമാനിച്ചത്.
ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുകയും ചെയ്തു.
അതേസമയം താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന ന്യായീകരണവുമായി കെ. ടി ജലീൽ രംഗത്തെത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സൂര്യപേട്ടിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികൾ പിടിയിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു (25) എന്നിവരാണ് അഞ്ച് വയസുള്ള ധനുഷ്, രണ്ട് വയസുള്ള രേവന്ത് എന്നീ ആൺകുട്ടികളെ മർദിച്ചതിന് അറസ്റ്റിലായത്.
ഇരുമ്പ് ദണ്ഡുകൊണ്ട് മർദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നകിരികന്തി 10 വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിയുകയും നാല് വർഷം മുമ്പ് ഇന്ദുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇന്ദുവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ധനുഷ്. പിന്നീടാണ് ഇവർക്ക് മറ്റൊരു മകൻ ജനിക്കുന്നത്.
കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് നിയമനടപടികൾ ആരംഭിച്ചു.
Health
മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.
കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.
കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.
കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ
. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക
ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.
ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം
കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.
കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.
ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനോടാണ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാളയാറിലുണ്ടായ സംഭവങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച നിവേദനം തുടർനടപടികൾക്കായി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ദുരൂഹമരണങ്ങൾക്ക് പുറമെ ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തിൽ വിശദമായി അന്വേഷിക്കാൻ നിർദേശമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Education
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആലപ്പുഴ, ആറൻമുള, കിടങ്ങൂർ, വടകര, തലശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകളിൽ ബിടെക് കോഴ്സിന് സഹകരണ വകുപ്പ്/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം.
www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ സഹകരണ വകുപ്പിലെയോ സൊസൈറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയോ ജീവനക്കാരുടെ മക്കളാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതത് മേലധികാരിയുടെ ഒപ്പ് സഹിതം ഇന്നു രാവിലെ 11.30ന് മുമ്പ് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
National
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്.
സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസയച്ചത്.
ഇത്തരം പരസ്യങ്ങളും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽനിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
ഇത്തരം പരസ്യങ്ങൾ എങ്ങനെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയാൻ സ്വീകരിച്ചിട്ടുള്ള സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്നും നേരിട്ടു വിശദീകരിക്കാൻ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തും. മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യ അവലോകന പ്രക്രിയയും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കുന്ന തുടർനടപടികളും കമ്പനി വിശദീകരിക്കണം.
ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്ന വിവരം മാധ്യമസ്ഥാപനമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ ഇടപെടൽ.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതിൽ മെറ്റ പരാജയപ്പെട്ടാൽ ഐടി ആക്ടും 2012ലെ പോക്സോ നിയമപ്രകാരവും നടപടികൾ നേരിടേണ്ടിവന്നേക്കും. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി ആക്ടിലെ സെക്ഷൻ 67(ബി) പ്രകാരം ഇന്ത്യയിൽ കുറ്റകരമാണ്.
പെയ്ഡ് പരസ്യങ്ങളിലൂടെ പ്ലാറ്റ്ഫോമുകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കു നിയമപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: ബംഗളൂരു ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്. ഇവർ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.
ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
International
ഗാസ: ഇസ്രേലി സേന ഗാസയില്‍ നടത്തിയ നിഷ്ഠുര കൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ ഇസ്രേലി സേന കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും ബോധപൂര്‍വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനു നിസ്തർക്കമായ തെളിവുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണസമിതിയുടെ റിപ്പോർട്ട്.
ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആണ് ഇദ്ദേഹം.
2021നും 2025നും ഇടയിലാണ് 20,000 കുട്ടികളെ ഇസ്രേലി സൈന്യം കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതിനു ശേഷവും ഇസ്രേലി സേന തങ്ങളുടെ ക്രൂരത തുടര്‍ന്നുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇസ്രയേല്‍ റിപ്പോര്‍ട്ട് തള്ളി. അപകീർത്തികരമായ കള്ളം എന്നാണ് റിപ്പോർട്ടിനെ ഇസ്രേലി അധികൃതർ വിശേഷിപ്പിച്ചത്.
ജനീവയിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് 100 പേജ് വരുന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനമാണിത്. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു. ഇത് ആകെ പരിക്കേറ്റവരുടെ 26 ശതമാനമാണ്. അഞ്ചു വയസിൽ താഴെ പ്രായമുള്ള 5031 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 1029 പേർ ഒരു വയസിൽ താഴെയുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 420 പേർ നവജാതശിശുക്കളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ ഗുരുതരമായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നു റിപ്പോർട്ട് കണ്ടെത്തി. ഓർഫനേജുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കും കാരണമായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരെ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ വൻ വർധനയുണ്ടായി. ഗാസയിൽ ഇസ്രേലി സേന എത്രയും പെട്ടെന്നു സൈനികനടപടി അവസാനിപ്പിക്കണമെന്നും പലസ്തീൻ കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു.
സംഭവത്തിൽ ചോക്ലേറ്റ് നിർമാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതി നടപടിയെടുത്തു. ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു.
കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്ന നിലപാടാണ് നിർമതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണമായും തള്ളി. ഇതോടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. എന്നാൽ കുടുംബം നൽകിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
National
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ പാനി പൂരി കഴിച്ച 20 ൽ അധികം കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രാദേശിക വിൽപ്പനക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനി പൂരി കഴിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നിരവധി കുട്ടികൾക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾ നിലവിൽ ചികിത്സയിലാണ്, അവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
Kerala
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
International
ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടനും തീരുമാനിച്ചു. ഈ വർഷം ക്രിസ്മസിനുമുന്പ് ഇതുസംബന്ധിച്ച നിയമം പാസാക്കുമെന്നും നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ ലഭിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരുമെന്നാണു സൂചന.
കുട്ടികളുടെ സുരക്ഷയും ബൗദ്ധിക-മാനസിക വളർച്ചയും ലക്ഷ്യമിട്ട് ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം നടപ്പാക്കിയത്. പിന്നാലെ ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ അപകടം നിറഞ്ഞ മറ്റ് ഓൺലൈൻ സൈറ്റുകളിലേക്കു തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റ, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ടെക് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
Kerala
കണ്ണൂർ: പാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മേഖലയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
Kerala
മലപ്പുറം: മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കുഞ്ചത്തൂർ സ്വദേശി ഇബ്രാഹിം അഷ്റഫിന്റെ മകൻ യാസിൻ ഹുസൈൻ(14), അമീറിന്റെ മകൻ സുൽത്താൻ(13) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശേഷമാണ് കുട്ടികളെ കാണാതായത്. അയൽവാസികളാണ് ഇവർ. മംഗലാപുരത്ത് വ്യത്യസ്ത സ്ഥാപനങ്ങളിൽ ഇസ്ലാമിക മതപഠനം നടത്തുന്നവരാണ് ഇവർ.
കുട്ടികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളിലൊരാൾ സൈക്കിൾ 500 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. സഹോദരങ്ങൾക്കാണ് കടിയേറ്റത്.
ഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം. ധൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് കടിയേറ്റത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്നു ഇരുവരും.
പരിക്കേറ്റ കുട്ടികൾ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
കൽപ്പറ്റ: വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവിൽ ഒൻപത് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇന്നലെ ഒരു കുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു.
നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. 47 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
International
ഒട്ടാവ: കാനഡയിലും പതിനാറിനു താഴെയുള്ള കുട്ടികൾക്കു സോഷ്യൽ മീഡിയ വിലക്ക് വരുന്നു. ഇതിനുള്ള ബിൽ സാംസ്കാരികവകുപ്പ് മന്ത്രി മാർക്ക് മില്ലർ പാർലമെന്റിൽ അവതരിപ്പിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തെളിയിച്ചാൽ മാത്രം ഇളവ് അനുവദിക്കാമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുന്നു.
നിർമിതബുദ്ധി ചാറ്റ് ബോട്ടുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും ബില്ലിൽ നിർദേശമുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സുരക്ഷയ്ക്കു കൂടുതൽ നടപടികൾ ഏടുക്കേണ്ടിവരും.
Kerala
മലപ്പുറം: ഉപയോഗശൂന്യമായ കുളത്തിൽ രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവനൂർ ഇരിവേറ്റിയിൽ ചാത്തൻപാറയിലുണ്ടായ സംഭവത്തിൽ ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ മക്കളായ അഫിയ, അഫാൻ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കൂട്ടികൾ വൈകുന്നേരം ആറായിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇരിവേറ്റി വാട്ടർ അഥോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ അതിൽ നിക്ഷേപിക്കും.
അവരുടെ 18 വയസ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിംഗ് എന്നിവയും വനംവകുപ്പ് ഏറ്റെടുക്കും. മറ്റു ചെലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇതുകൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിതാ ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച ശേഷം കൈയൊഴിയുകയോ, ആ കുട്ടികളെ നിയമത്തിന്റെ നൂലാമാലകളിലേക്ക് തള്ളിവിടുകയോ അല്ല, അവരുടെ സംരക്ഷണം വകുപ്പ് ഏറ്റെടുത്ത് കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി പ്രശ്നത്തിൽ ഒരു സമ്പൂർണ പദ്ധതി തയാറാക്കി ജൂലൈ ഒമ്പതിന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ യാഥാർഥ്യങ്ങൾ അവരെ ബോധ്യപ്പെടുത്തും.
ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽത്തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
District News
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
District News
കൂവപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും ഓരോ വിദ്യാർഥിക്കും സാധിക്കണമെന്നും പ്രഫ. റോണി കെ. ബേബി എംഎൽഎ. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എംഎൽഎ എന്ന സംവാദ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽനിന്നും കുട്ടികൾ പൂർണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ നല്ല ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, വാർഡ് അംഗം ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു.
Kerala
കാസർഗോഡ്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർഗോഡ് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.
International
ക്വാലാലംപുർ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി 16 വയസിൽ താഴെയുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായി വിലക്കി മലേഷ്യ. തിങ്കളാഴ്ചയാണ് ഈ പുതിയനിയമം രാജ്യത്ത് നിലവിൽ വന്നത്.
പുതിയ നിയമപ്രകാരം, എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾ പുതിയ അക്കൗണ്ട് എടുക്കുന്നത് കമ്പനികൾ തടയണമെന്നും നിയമത്തിൽ പറയുന്നു.
നിലവിലുള്ള അക്കൗണ്ടുകളുടെ പ്രായപരിശോധന അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. 16 മാസത്തിൽ താഴെയുള്ളവരുടേതെന്നു കണ്ടെത്തുന്ന അക്കൗണ്ടുകളിലെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്തത് മാറ്റാൻ ഒരുമാസത്തെ സമയം അനുവദിക്കും.
പുതിയ നിയമങ്ങൾ പാലിക്കാത്ത സാമൂഹിക മാധ്യമങ്ങൾക്കു വൻ പിഴയാണ് മലേഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാൽ 10 ദശലക്ഷം റിംഗിറ്റ് (ഏകദേശം 21 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. എന്നാൽ, നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കെതിരേ ശിക്ഷാനടപടികൾ ഉണ്ടായിരിക്കില്ല.
സൈബർ ആക്രമണങ്ങളിൽനിന്നും കുട്ടികൾക്ക് ദോഷകരമാക്കുന്ന ഉള്ളടക്കങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നു സർക്കാർ വ്യക്തമാക്കി. അതേസമയം, പുതിയ നിയമത്തിനെതിരേ ചില ആശങ്കകളും ഉയരുന്നുണ്ട്.
പൂർണമായ നിരോധനം കൗമാരക്കാരെ സുരക്ഷിതമായ ആപ്പുകളിൽനിന്നു മാറ്റി നിയന്ത്രണങ്ങളില്ലാത്ത മറ്റ് അപകടകരമായ വെബ്സൈറ്റുകളിലേക്കു തിരിയാൻ പ്രേരിപ്പിച്ചേക്കുമെന്ന് മെറ്റാ കമ്പനി വക്താവ് ക്ലാര കോ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് സജ്ജമാക്കും.
അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയുടെയും താത്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
International
പാരീസ്: ഫ്രാൻസിലെ സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. വിദ്യാലയങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസിലെ 84 പ്രീ സ്കൂളുകൾ, ഇരുപതോളം പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. കുട്ടികളുടെ മാതാപിതാക്കൾ നൽക്കിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ സഹായിയായി ജോലി ചെയ്തിരുന്ന ഡേവിഡ് ജി (36) യെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും രണ്ട് വനിതാ സഹപ്രവർത്തകരെ ലൈംഗികമായി അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിക്ക് പത്ത് വർഷം വരെ തടവുശിക്ഷയും ഒന്നര ലക്ഷം യൂറോ പിഴയും ലഭിച്ചേക്കാം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും കോടതിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.
Leader Page
ആധുനിക വിദ്യാഭ്യാസം അറിവ് പകരുന്ന ഒരു സംവിധാനത്തിൽ ഒതുങ്ങാതെ സമഗ്രമായ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉത്തരവാദിത്വബോധത്തിനും വഴിയൊരുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള പരസ്പരബന്ധവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം സമൂഹത്തിനുവേണ്ടി വ്യക്തികളെ രൂപപ്പെടുത്തുമ്പോൾ, സമൂഹംതന്നെ വിദ്യാഭ്യാസത്തിന്റെ ദിശയും ലക്ഷ്യവും നിർണയിക്കുന്നു.
► കുടുംബം പ്രധാനം
സാമൂഹിക ചുറ്റുപാടിന്റെ സ്വാധീനം കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. കുട്ടിയുടെ ആദ്യ അധ്യാപകർ മാതാപിതാക്കളാണ്. കുടുംബം തന്നെയാണ് പ്രഥമ വിദ്യാലയം. സ്കൂൾ കുട്ടികളുടെ രണ്ടാമത്തെ കുടുംബം തന്നെയായ അധ്യാപകർ റോൾ മോഡൽസ് ആയി പ്രവർത്തിക്കണം. കൗമാരകാലത്ത് കൂട്ടുകാരുടെ സ്വാധീനം കുടുംബത്തേക്കാൾ ശക്തമാകുന്നു. മുതിർന്നവരെപ്പോലെ ഇന്ന് കുട്ടികളും മാധ്യമങ്ങളിൽനിന്നാണ് ലോകത്തെ കൂടുതലായി അറിയുന്നത്. കുട്ടികൾ കുടുംബത്തിന്റെയോ സ്കൂളിന്റെയോ ഭാഗം മാത്രമല്ല; അവർ വിപുലമായ സമൂഹത്തിലെ അംഗങ്ങൾ കൂടിയാണ്.
► സമൂഹം ഉയർത്തുന്ന വെല്ലുവിളികൾ
ലഹരി, കുറ്റകൃത്യങ്ങൾ, അനാചാരങ്ങൾ, സൈബർ പ്രശ്നങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന നിരവധി സാമൂഹിക വെല്ലുവിളികൾ അവരുടെ ജീവിതത്തെ അപകടത്തിലാക്കുകയും ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ (2023) പറയുന്നതു പോലെ, ലോകമെമ്പാടും 15-19 വയസ്സുകാരിൽ ഏകദേശം 13% പേർ ആൽക്കഹോൾ ഉപയോഗിച്ചിട്ടുള്ളവരാണ്. സമപ്രായ സമ്മർദം, മീഡിയകളിലെ മോഡൽ കഥാപാത്രങ്ങളുടെ സ്വാധീനം, കുടുംബത്തിലെ മാനസിക സമ്മർദം, കൗതുകം എന്നിവമൂലം കുട്ടികൾ ലഹരിക്കടിപ്പെടുന്നു.
► കുട്ടിക്കുറ്റവാളികൾ
കുട്ടികളെയും കൗമാരക്കാരെയും ഇന്ന് കുറ്റകൃത്യങ്ങളിൽ പങ്കാളികളായി കണ്ടുവരുന്നു. ഇന്ത്യയിലെ ജുവനൈൽ കേസുകളിൽ 30 ശതമാനവും 16-18 വയസുകാരുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൈബർ ക്രൈം, മോഷണം, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിൽ കൗമാരക്കാരുടെ പങ്കാളിത്തം വർധിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
► സൈബർ പ്രശ്നങ്ങൾ
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൊന്നാണ് സൈബർ പ്രശ്നങ്ങൾ. സൈബർ ബുള്ളിയിംഗ്, ഓൺലൈൻ അതിക്രമങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ഫേക്ക് അക്കൗണ്ട്സ്, ഗെയിമിംഗ് അഡിക്ഷൻ, തെറ്റായ വിവരങ്ങൾ എന്നിവ പ്രധാന സൈബർ പ്രശ്നങ്ങളാണ്. യൂണിസെഫ് റിപ്പോർട്ടിൽ (2020) പറയുന്നതു പ്രകാരം ഇന്ത്യയിലെ കുട്ടികളിൽ 30% പേർ സൈബർബുള്ളിയിഗ് നേരിട്ടിട്ടുണ്ട്. കേരളാ സൈബർ സെൽ റിപ്പോർട്ട് (2023) പ്രകാരം 12-18 വയസുകാരുടെ 40% കേസുകളും ഓൺലൈൻ അതിക്രമങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
► വിദ്യാഭ്യാസത്തിലെ സമ്മർദവും ആത്മഹത്യയും
കുട്ടികളിലെ അക്കാദമിക് സമ്മർദം വളരെ ഗൗരവതരമാണ്. ഇന്ത്യൻ ജേർണൽ ഓഫ് സൈക്യാട്രി (2022) പറയുന്നത് ഇന്ത്യയിൽ വർഷംതോറും 10,000 വിദ്യാർഥികൾ പരീക്ഷാ സമ്മർദവും അക്കാദമിക പരാജയവും മൂലം ആത്മഹത്യ ചെയ്യുന്നു എന്നാണ്. 2022ൽ 500ലധികം വിദ്യാർഥികൾ പഠനസമ്മർദം കാരണം ജീവൻ നഷ്ടപ്പെടുത്തിയതായി കേരളാ ക്രൈം റിക്കാർഡ്സ് ബ്യൂറോ വെളിപ്പെടുത്തുന്നു.
► മൂല്യവിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ
അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ കുട്ടികളുടെ മാർക്കിലും ജോലിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള അക്രമം, ഉപഭോക്തൃ സംസ്കാരം മുതലായവയുടെ വ്യാപനം, മൂല്യപഠനത്തിന് പ്രാധാന്യം നൽകാത്ത വിധമുള്ള കരിക്കുലം തയ്യാറാക്കൽ, മൂല്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയവ, കരിക്കുലം പുനഃക്രമീകരണം, മൂല്യങ്ങളുടെ സംയോജനം എല്ലാ പാഠ്യവിഷയങ്ങളിലും ഉറപ്പിക്കൽ, അധ്യാപകർ കുട്ടികളുടെ റോൾ മോഡൽ ആകുംവിധമുള്ള പരിശീലനം നടപ്പാക്കൽ, മാധ്യമങ്ങളിൽ ക്രിയാത്മകമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കാം.
► ഗ്ലോബലൈസേഷൻ സംസ്കാരവും കുട്ടികളും
ആഗോളവത്കരണം വിദ്യാഭ്യാസത്തെ താഴെപ്പറയുന്ന രീതികളിൽ സ്വാധീനിക്കുന്നു: കരിക്കുലം അന്താരാഷ്ട്രവത്കരണം, വിദേശ പഠനാവസരങ്ങൾ, അന്തർ സാംസ്കാരിക പഠനം, ആശയവിനിമയശേഷി, വിമർശനാത്മക ചിന്ത, സഹവർത്തിത്വം, പ്രവർത്തനക്ഷമത.
ആഗോളവത്കരണത്തിന്റെ ഗുണപരമായ സ്വാധീനങ്ങൾ: സംസ്കാരാന്തര ബോധവും സഹിഷ്ണുതയും വർധിക്കുന്നു. കുട്ടികൾക്ക് വൈവിധ്യമാർന്ന കല, സാഹിത്യം, സംഗീതം പഠിക്കാൻ അവസരം, അന്താരാഷ്ട്ര സാംസ്കാരിക വ്യാപനം.
ദൂഷ്യഫലങ്ങൾ: സാംസ്കാരിക ഏകീകരണത്തിലൂടെ പ്രാദേശിക സംസ്കാരങ്ങൾ നഷ്ടപ്പെടുന്നു. പാശ്ചാത്യവത്കരണം വർധിക്കുന്നു. ഉപഭോക്തൃ സംസ്കാരം വരും. കുട്ടികൾ കൂടുതൽ ഭൗതികവാദികളായി മാറുന്നു. പൗരാണിക മൂല്യശോഷണം.
► ആഗോളവത്കരണവും മാധ്യമങ്ങളും
മാധ്യമങ്ങൾ ആഗോളവത്കരണത്തിന്റെ പ്രധാന വാഹകരാണ്. ഇൻസ്റ്റഗ്രാം, യുട്യൂബ്, ടിക്ടോക് എന്നിവ വഴി ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതരീതികളെ അവർ അനുകരിക്കുന്നു. നെറ്റ് ഫ്ളിക്സ്, ഡിസ്നി+ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കുട്ടികളെ പാശ്ചാത്യ സാഹിത്യത്തിലേക്ക് അടുപ്പിക്കുന്നു.
സാമൂഹിക വെല്ലുവിളികൾ: കുട്ടികൾ ഇന്ത്യൻ- പാശ്ചാത്യ സാംസ്കാരിക വ്യത്യാസങ്ങൾക്കുള്ളിൽ കുടുങ്ങുന്നു. സ്വന്തം നാട്ടിൻപുറത്തിന്റെ മൂല്യങ്ങളിൽനിന്ന് അകന്നുപോകുന്നു. ആഗോള തൊഴിൽ മേഖലയിലെ മത്സരം കുട്ടികളിൽ സമ്മർദം കൂട്ടുന്നു. എല്ലാവർക്കും ഒരുപോലെ ആഗോള അവസരങ്ങൾ ലഭ്യമാകുന്നില്ല .
ഗുണപരമായ സാധ്യതകൾ: കുട്ടികൾ ‘ഞാൻ ഇന്ത്യക്കുവേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടിക്കൂടി’ എന്ന ബോധത്തോടെ വളരുന്നു. വിവിധ സംസ്കാരങ്ങളോടുള്ള സഹാനുഭൂതിയും മത, ജാതി, വർഗ വ്യത്യാസങ്ങളെ മറികടന്നുള്ള സഹജീവിതവും. കുട്ടികൾ അന്താരാഷ്ട്രക്യാന്പെയ്നുകളിൽ പങ്കെടുക്കുന്നു.
Literature
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം നമ്മുടെ കുട്ടികളുടെ പെരുമാറ്റരീതികളെയും സ്വഭാവസവിശേഷതകളെയും അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകളും കുറഞ്ഞ ചെലവിലുള്ള ഇന്റർനെറ്റും സാർവത്രികമായതോടെ, കുട്ടികൾ വളരെ ചെറുപ്പത്തിൽതന്നെ ഓൺലൈൻ ലോകത്തേക്കു പ്രവേശിക്കുന്നു. ഒരിക്കൽ മാതാപിതാക്കളും സ്കൂളുകളും സമൂഹവും ചേർന്നാണു കുട്ടികളുടെ വളർച്ചയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് സ്ക്രീനുകളും പ്ലാറ്റ്ഫോമുകളും അവയിലെ സങ്കീർണമായ അൽഗോരിതങ്ങളുമാണ് കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നത്.
ഇന്നത്തെ സോഷ്യൽ മീഡിയ കേവലമൊരു ആശയവിനിമയ ഉപകരണം മാത്രമല്ല. മറിച്ച്, ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇടപെടലുകൾ ദീർഘിപ്പിക്കാനും തീരുമാനങ്ങളെ സ്വാധീനിക്കാനുമായി മനഃശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പെരുമാറ്റ വ്യവസ്ഥയാണ്. ടെലിവിഷൻ പോലുള്ള പരമ്പരാഗത മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓരോ ഉപയോക്താവിന്റെയും സ്വഭാവം നിരന്തരം പഠിക്കുകയും ‘ആൽഗോരിതമിക് ഫീഡ്ബാക്ക് ലൂപ്പുകൾ’ വഴി അവരുടെ പെരുമാറ്റത്തെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്നു. ബൗദ്ധികവും മാനസികവുമായ വളർച്ച പൂർണമായിട്ടില്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായ മാനസികനിലയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കും.
പ്രത്യാഘാതങ്ങൾ
ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകംതന്നെ സമൂഹത്തിൽ വ്യക്തമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, മാനസിക അസ്ഥിരത, സാമൂഹിക താരതമ്യം മൂലമുണ്ടാകുന്ന സമ്മർദം, ഡിജിറ്റൽ അംഗീകാരത്തോടുള്ള (Likes and Shares) അമിത ആശ്രിതത്വം എന്നിവ കുട്ടികളിലും കൗമാരക്കാരിലും ആശങ്കാജനകമാംവിധം വർധിക്കുന്നു. ഒരിക്കൽ കുടുംബബന്ധങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുമാണ് വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഇന്നാകട്ടെ ‘ലൈക്കുകളും’ ‘ഫോളോവേഴ്സും’ വ്യക്തിത്വത്തെ നിർവചിക്കുന്ന മാനദണ്ഡങ്ങളായി മാറുകയാണ്.
അതോടൊപ്പം, സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ (Misinformation), അതിരു കടന്ന ഉപഭോക്തൃ സംസ്കാരം, യാഥാർഥ്യവിരുദ്ധമായ ജീവിതശൈലികൾ എന്നിവയ്ക്കും കുട്ടികൾ ഇരയാകുന്നു. വിനോദമായി തോന്നുന്ന പല കാര്യങ്ങളും യഥാർഥത്തിൽ കുട്ടികളുടെ പെരുമാറ്റ നിയന്ത്രണത്തിന്റെയും മാനസിക സ്വാധീനത്തിന്റെയും ഉപാധികളായി പ്രവർത്തിക്കുകയാണ്. ഇത് ഇനി ഒരു സ്വകാര്യ കുടുംബപ്രശ്നമായി കാണാനാകില്ല; മറിച്ച്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയവും വിദ്യാഭ്യാസ വെല്ലുവിളിയും സാമൂഹിക അപകടസാധ്യതയുമാണ്.
ദേശീയ ചൈൽഡ് ഡിജിറ്റൽ നയത്തിന്റെ ആവശ്യകത
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (2023), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000) എന്നിവ വഴി ഇന്ത്യ ചില നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതം, ഡാറ്റാ സ്വകാര്യത, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവ തികച്ചും അപര്യാപ്തമാണ്. നിലവിലെ നിയമങ്ങൾ പ്രധാനമായും കുട്ടികളുടെ ഡാറ്റാ സംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ അവരുടെ ശ്രദ്ധ, ബൗദ്ധികവളർച്ച, മാനസികാരോഗ്യം എന്നിവയുടെ സംരക്ഷണം ഇതിൽ ഉൾപ്പെടുന്നില്ല. സ്വകാര്യതാ ലംഘനങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിയന്ത്രിക്കുമ്പോഴും അടിമത്തമുണ്ടാക്കുന്ന പ്ലാറ്റ്ഫോം ഡിസൈൻ, അൽഗോരിതമിക് നിയന്ത്രണം, ഡിജിറ്റൽ ആശ്രിതത്വം തുടങ്ങിയ വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.
ആഗോളതലത്തിൽ ഈ ചർച്ചകൾ പുതിയ ഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. അമേരിക്ക COPPA നിയമത്തിലൂടെ കുട്ടികളുടെ ഡാറ്റാ സംരക്ഷണവും മാതാപിതാക്കളുടെ സമ്മതവും ശക്തമാക്കി. യൂറോപ്യൻ യൂണിയൻ GDPR, Digital Services Act എന്നിവ വഴി കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുടെ നിയന്ത്രണങ്ങളും പ്ലാറ്റ്ഫോം ഉത്തരവാദിത്വവും കർശനമാക്കി. ബ്രിട്ടനിൽ കുട്ടികൾക്കായുള്ള സുരക്ഷിത പ്ലാറ്റ്ഫോം രൂപകൽപ്പന നിയമപരമാക്കി. ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളും പ്രായപരിശോധനയും നിയന്ത്രിത പ്രവേശനവും ശക്തമാക്കുമ്പോൾ, ചൈനയും ദക്ഷിണകൊറിയയും അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരായ നിയന്ത്രണങ്ങളും പുനരധിവാസ സംവിധാനങ്ങളും വികസിപ്പിച്ചുകഴിഞ്ഞു.
ലോകം ഇപ്പോൾ ഡാറ്റ സംരക്ഷണത്തിൽനിന്ന് കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ സംരക്ഷണത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കും ഇതിനനുസരിച്ചുള്ള സമഗ്രമായ ഒരു ദേശീയ ചൈൽഡ് ഡിജിറ്റൽ നയം അനിവാര്യമാണ്. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
വ്യക്തമായ പ്രായപരിശോധനാ സംവിധാനം, ശക്തമായ പ്ലാറ്റ്ഫോം ഉത്തരവാദിത്വം, ‘ഇൻഫിനിറ്റ് സ്ക്രോൾ’, ‘ഓട്ടോപ്ലേ’ പോലുള്ള അടിമത്തമുണ്ടാക്കുന്ന സംവിധാനങ്ങളുടെ നിയന്ത്രണം, കുട്ടികളെ സ്വഭാവത്തെ സ്വാധീനിക്കുന്ന പരസ്യങ്ങളുടെ നിയന്ത്രണം.
അതോടൊപ്പം കുട്ടികളുടെ ഡിജിറ്റൽ ക്ഷേമത്തിനായി പ്രത്യേകമായ ഒരു ദേശീയ ഡിജിറ്റൽ കമ്മീഷൻ ഫോർ ചിൽഡ്രൻ രൂപീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുക, കുട്ടികളിലെ സ്വാധീന പഠനങ്ങൾ നടത്തുക, വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുക എന്നിവയായിരിക്കണം ഇതിന്റെ ചുമതല. മാനസികാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഈ നയത്തിന്റെ ഭാഗമാകണം. അമിത ഗെയിമിംഗ്, സോഷ്യൽ മീഡിയ അടിമത്തം എന്നിവ ബാധിച്ച കുട്ടികൾക്കായി പുനരധിവാസ-കൗൺസലിംഗ് സംവിധാനങ്ങൾ അടിയന്തരമായി വികസിപ്പിക്കണം.
സമൂഹത്തിന്റെ നിയന്ത്രണം
നിയമംകൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ല. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിച്ചേക്കാം. പക്ഷേ സംസ്കാരത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്നത് സമൂഹമാണ്. മാതാപിതാക്കൾ കേവല നിരീക്ഷണത്തിൽനിന്ന് അർഥവത്തായ ഇടപെടലുകളിലേക്കു മാറണം. ഡിജിറ്റൽ കാലഘട്ടത്തിൽ ഉപകരണങ്ങളെക്കുറിച്ച് മാത്രമല്ല, അൽഗോരിതങ്ങൾ, പെരുമാറ്റ നിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ചും മാതാപിതാക്കൾക്ക് അറിവുണ്ടാകണം.
കുടുംബങ്ങൾ സ്ക്രീൻ ആശ്രിതത്വത്തിനു പകരം പ്രവർത്തന വൈവിധ്യം സൃഷ്ടിക്കണം. കായികം, കല, വായന, യാത്ര, പ്രകൃതി അനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം. വീടുകളിൽ ‘ഉപകരണരഹിത സമയവും ഇടങ്ങളും’ (Device-free zones) സാധാരണമാക്കണം. ഡിജിറ്റൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ കൗൺസലിംഗിനോ ചികിത്സയ്ക്കോ മടിക്കരുത്.
സ്കൂളുകൾക്കും അധ്യാപകർക്കും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഡിജിറ്റൽ സാക്ഷരത എന്നത് കേവലം സാങ്കേതിക ഉപയോഗത്തിൽ ഒതുങ്ങാതെ, വിമർശനാത്മക ചിന്തയും മാനസിക പ്രതിരോധശേഷിയും പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ബോധവുംകൂടി ഉൾക്കൊള്ളുന്നതാകണം. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി, സാങ്കേതികവിദ്യ നമ്മെ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കുട്ടികൾ പഠിക്കണം. ഇൻഫ്ലുവൻസർമാരും ഉള്ളടക്ക സ്രഷ്ടാക്കളും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മാനസികാരോഗ്യവും സമതുലിതമായ ഡിജിറ്റൽ ശീലങ്ങളും പ്രോത്സാഹിപ്പിക്കണം.
ഡിജിറ്റൽ പിന്നാക്കാവസ്ഥ ഒഴിവാക്കാൻ നിയന്ത്രിത ഉപയോഗം
ഡിജിറ്റൽ അപകടങ്ങളെ നേരിടാനുള്ള വഴി പൂർണമായ വിലക്കല്ല. സാങ്കേതികവിദ്യ ഭാവി നിർണയിക്കുന്ന ലോകത്ത് കുട്ടികളെ ഇതിൽനിന്നു പൂർണമായും അകറ്റിനിർത്തുന്നത് ‘ഡിജിറ്റൽ പിന്നാക്കാവസ്ഥ’ സൃഷ്ടിക്കും. ലക്ഷ്യം ഡിജിറ്റൽ ഉപയോഗം ഇല്ലാതാക്കലല്ല; മറിച്ച്, പ്രായാനുസൃതവും നിയന്ത്രിതവും മാർഗനിർദേശത്തോടെയുള്ളതുമായ ഉപയോഗമാണ്.
കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക ആത്മവിശ്വാസവും വളർത്തേണ്ടത് വിദ്യാഭ്യാസത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും അത്യന്താപേക്ഷിതമാണ്. ഫിൻലൻഡ്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സമതുലിതമായ മാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. അതിനാൽ ചർച്ച “പൂർണവിലക്ക്” വേണമോ അതോ “പൂർണസ്വാതന്ത്ര്യം” വേണമോ എന്നതല്ല; മറിച്ച്, കുട്ടികൾ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിൽപ്പെടാതെ അതിനൊപ്പം വളരാൻ സഹായിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ഭാവിക്കായുള്ള സംയുക്ത ഉത്തരവാദിത്വം
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന വെല്ലുവിളി സർക്കാർ മാത്രം പരിഹരിക്കേണ്ട ഒന്നല്ല; സമൂഹത്തിനും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ, സമൂഹം സംസ്കാരത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തണം.
ഇത് നിയന്ത്രിക്കപ്പെടാതെ പോയാൽ, കേവലം വ്യാപാര അൽഗോരിതങ്ങൾ രൂപപ്പെടുത്തിയ ഒരു തലമുറയാകും ഉണ്ടാകുക. എന്നാൽ ബുദ്ധിപരമായ ഇടപെടലുകൾ ഉണ്ടെങ്കിൽ സാങ്കേതികവിദ്യ, പഠനത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച ഉപകരണമായി മാറും.
(എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)
Kerala
കൊച്ചി: നാടകപഠനവും പരിശീലനവും കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന് പ്രമുഖ നാടകസംവിധായകനും നടനുമായ പ്രഫ.ചന്ദ്രദാസൻ.
കെസിബിസി മീഡിയ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും സർഗാത്മക വ്യക്തികളാക്കി അവരെ മാറ്റാനും കൂടുതൽ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
‘നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം’എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഷേർളി സോമസുന്ദരം, വർഗീസ് പനക്കളം, ഡോ. തോ മസ് പനക്കളം, ടി.എം. ഏബ്രഹാം, ഗിരീഷ് സോപാനം, അമൽരാജ് ദേവ്, ഡോ.തോമസ് പനക്കളം, പൗളി വിത്സൺ, എം.എസ്. ശിവകുമാർ , ഡോ. സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ, സിജോ ആന്റണി, കെ. കരുൺ തുടങ്ങിയവരാണു സെഷനുകൾ നയിക്കുന്നത്. ശില്പശാല 22ന് സമാപിക്കും.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
International
ബർലിൻ: കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ. 130 കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്യുമ്പോഴാണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
46 വയസുള്ള പ്രതി 12 വർഷത്തിലേറെയായി കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. റാഥെനോവിലെയും നൗവെനിലെയും ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന പ്രതി 130 കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2013 ഡിസംബർ ഒന്നിനും കഴിഞ്ഞ വർഷം നവംബർ അഞ്ചിനുമിടയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് സൂചന.
റാഥെനോ ആശുപത്രിയിൽ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായതും.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്ന 22 ലക്ഷം വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാതട്ടിപ്പില് അനുനിമിഷം പുറത്തുവരുന്നത് ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗസ് പേപ്പർ എന്നപേരിൽ അറിയപ്പെടുന്ന ചോദ്യാവലി വ്യാപകമായി പ്രചരിച്ചതാണ് തട്ടിപ്പ് പുറത്തുവരുന്നതിന് കാരണം.
രാജസ്ഥാന് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) മറ്റ് അന്വേഷണ ഏജന്സികളം അന്വേഷിക്കുന്ന കേസിൽ സിബിഐയും ഇടപെട്ടുകഴിഞ്ഞു. സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണു ചോദ്യപേപ്പറുകള്‍ തയാറാക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പറയുന്നു. വാഹനത്തിന് ജിപിഎസ് നിരീക്ഷണം, ബയോമെട്രിക് സ്ഥിരീകരണം, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം എന്നിവയുണ്ടായിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ഗസ് പേപ്പര്‍ ചോർന്നതെന്ന് അന്വേഷണച്ചുമതലയുള്ള രാജസ്ഥാന് എസ്ഒജി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ് പേപ്പറിലെ നൂറിലേറെ ചോദ്യങ്ങള്‍, പ്രത്യേകിച്ചും കെമിട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലും ആവര്‍ത്തിച്ചു. ബയോളജിയിലെ 90 ചോദ്യങ്ങളും അതേപടി നീറ്റ് പരീക്ഷയിൽ ഉണ്ടായിരുന്നു. കെമിസ്ട്രിയില്‍ 45 ചോദ്യങ്ങളില്‍ 35 എണ്ണവും ഗസ്പേപ്പറില്നിന്നായിരുന്നു.
അതേസമയം പുതിയ പരീക്ഷാതീയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രം, കൗണ്‍സലിംഗ് സമയക്രമം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്ടിഎയാകട്ടെ കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസിലാണു ചോദ്യപേപ്പർ അച്ചടിച്ചത്. ഈ ഘട്ടത്തിലാകാം ചോർച്ചയെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന രാജസ്ഥാനിലെ സീക്കറിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ചോദ്യാവലി എത്തുകയായിരുന്നു.
നാസിക് പ്രസിലെ ജീവനക്കാരിൽ ഒരാളെയെങ്കിലും സംശയിക്കാമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവിടെനിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കൈവശം ഇവയെത്തി. ഈ ഡോക്ടറിൽനിന്ന് ജയ്പുർ സ്വദേശി ഇതു വാങ്ങി.
സീക്കറിലെ കോച്ചിംഗ് സെന്ററുകളുമായി ചേർന്നുപ്രവർത്തിക്കുന്ന, എംബിബിഎസ് പ്രവേശനത്തിന് കൗൺസലിംഗ് നൽകുന്ന രാകേഷ് കുമാർ എന്നായാൾക്ക് ജയ്പുർ സ്വദേശി ഇതു നൽകുകയായിരുന്നു. രാകേഷ് കുമാർ ഇത് അദ്ദേഹത്തിന്റെ സഹായിയും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയുമായ ഒരാൾക്കു നൽകി.
ഈ വിദ്യാർഥിയുടെ പിതാവ് സീക്കറിലെ കോച്ചിംഗ് സെന്ററിനു സമീപം പേയിംഗ് ഗെസ്റ്റ് സംവിധാനം നൽകുന്നയാളാണ്. ചോദ്യാവലി പിതാവിന് അയച്ചുനൽകിയ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ പെൺകുട്ടിക്ക് ഇതു കൈമാറണമെന്നു കാണിച്ച് അദ്ദേഹത്തിന് സന്ദേശവും അയച്ചു. പരീക്ഷയുടെ തലേദിവസമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർഥിയും പെൺകുട്ടിയും തമ്മിൽ നേരത്തേ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കു ലഭിച്ച ചോദ്യാവലി ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികൾക്കുമായി എംബിബിഎസ് വിദ്യാർഥിയുടെ അച്ഛൻ കൈമാറുകയായിരുന്നു. മാത്രമല്ല താൻ കൈമാറിയ ചോദ്യപേപ്പറിലെ എത്ര ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് വന്നുവെന്ന് പരീക്ഷയ്ക്കുശേഷം ഇയാൾ കോച്ചിംഗ് സെന്ററിലെത്തി അധ്യാപകരോടു തിരക്കുകയും ചെയ്തു. ഇതോടെയാണു സംഭവം പുറത്താകുന്നതും അന്വേഷണം ത്വരിതപ്പെടുന്നതും.
കേരളത്തിലെ എംബിബിഎസ് വിദ്യാർഥിക്കു പുറമെ ഡല്‍ഹി, ജമ്മുകാഷ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലും ചോദ്യാവലി എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപവരെ പല നിരക്കിലാണ് ഇടപാടുകൾ നടന്നത്. രാജസ്ഥാനിലെ നാഗൗറിലുള്ള ഒരു വിദ്യാര്‍ഥി പരീക്ഷയുടെ നാലു ദിവസം മുമ്പ് സീക്കറിലെത്തി 28 ലക്ഷം രൂപയ്ക്കാണു ചോദ്യാവലി സ്വന്തമാക്കിയത്.
Kerala
മലപ്പുറം: വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിലുണ്ടായ സംഭവത്തിൽ മേൽമുറി ചേർതൊടി അഫ്സലിന്റെ മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണു മരിച്ചത്.
സഹോദരിമാരുടെ മക്കളാണ് ഇവർ. പാറമടയിലെ വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
താമരശേരി: മലയാള സിനിമ ലോകത്ത് വലിയ വിജയമായി മാറിയ വാഴ 2 ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ചമലിലെ കുട്ടിത്താരങ്ങളായ അനന്ദുവിനെയും അഭിമന്യുവിനെയും ചമൽ ചൈതന്യ കുടുംബശ്രീ ആദരിച്ചു.250 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചമലിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ ഇരുവർക്കും മെമന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സെക്രട്ടറി ശരണ്യ ബിനു അധ്യക്ഷത വഹിച്ചു.
International
മെൽബൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന നാലു വനിതകളും ഒന്‍പതു കുട്ടികളും സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തി.
ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നു കരുതപ്പെടുന്ന മൂന്നു സ്ത്രീകളും എട്ടു കുട്ടികളും മെൽബണിലാണു വിമാനമിറങ്ങിയത്; മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും സിഡ്നിയിലും.
ഇവർക്കു മടങ്ങിയെത്താൻ സഹായം നല്‍കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ബന്ധുക്കളാണു യാത്രയ്ക്കാവശ്യമായ സഹായങ്ങൾ നടത്തിയത്.
മടങ്ങിയെത്തുന്നവരിൽ ചിലരെ അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നും പോലീസ് അറിയിച്ചിരുന്നു. സിഡ്നിയിലെത്തിയ സ്ത്രീയെ പോലീസ് വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു.
National
ലക്നോ: റീൽസെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറിയ വിദ്യാർഥികളെ വ്യോമസേന രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെയാണ് വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.
റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികളാണ് ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ പടികൾ തകർന്നതോടെ മൂന്നുപേർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായെന്നും അധികൃതർ പറഞ്ഞു. ഇതോടെ രണ്ടു കുട്ടികൾ മുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം സെൻട്രൽ എയർ കമാൻഡാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചത്. പിന്നീട് രണ്ടുപേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ കുളത്തിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. തുടർന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികളുടെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനായി കുളത്തിലിറങ്ങിയതകണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.