ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
Tags : Rehabilitation differently-abled children Supreme Court