ദുബായ്: യുദ്ധം അവസാനിക്കുന്നതോടെ ഇറാനിലെത്തുന്നത് വന്പൻ സ്വകാര്യ നിക്ഷേപം. 30,000 കോടി ഡോളറിന്റെ നിക്ഷേപം ഇറാനിലുണ്ടാകുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഉപരോധങ്ങൾ മൂലം നാലു പതിറ്റാണ്ട് ലഭിക്കാതിരുന്ന നിക്ഷേസാധ്യതകളാണ് ഇറാനു മുന്നിൽ തെളിയുന്നത്.
30,000 കോടി ഡോളറിന്റെ പാതിയിലധികം വരുന്ന തുക ഇറാനിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനമായെന്നാണ് ഇതുമായി ബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞത്. യുദ്ധം മൂലം ഇറാനുള്ള നഷ്ടപരിഹാരമല്ല ഈ ഫണ്ട്. അതേസമയം, യുദ്ധത്തിൽ തകർന്ന വ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പുനരുദ്ധരിക്കാൻ ഫണ്ട് വിനിയോഗിക്കും.
തീർത്തും സ്വകാര്യ നിക്ഷേപമായ ഫണ്ടിൽ ഗവൺമെന്റ് വക പണം ഒട്ടുമുണ്ടാകില്ല. വായ്പ, നേരിട്ടുള്ള ധനസഹായം മുതലായ രീതികളിലായിരിക്കും പണം അനുവദിക്കുക.
അമേരിക്ക, ഗൾഫ്, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കന്പനികൾ ഇറാനിൽ നിക്ഷേപത്തിനു തയാറായിക്കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
യുഎസുമായുള്ള ചർച്ചയിൽ, യുദ്ധത്തിലെ നാശനഷ്ടത്തിനു നഷ്ടപരിഹാരമായി 40,000 കോടി ഡോളർ നല്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഇതു തള്ളി. പകരം ഈ ഫണ്ട് രൂപീകരിക്കാമെന്നു നിർദേശിക്കുകയും ഇറാൻ അംഗീകരിക്കുകയുമായിരുന്നു.
വാഷിംഗ്ടൺ ഡിസി: നാളെ അമേരിക്കയുമായി സമാധാന ഉടന്പടി ഒപ്പുവച്ചാലുടൻ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നടപടികൾ ഇറാൻ ആരംഭിക്കും. ഇറാന്റെ എണ്ണക്കച്ചവടത്തിനുള്ള അമേരിക്കൻ ഉപരോധത്തിലും ഇളവു വരും.
പരിധിയില്ലാതെ എണ്ണ വിൽക്കാൻ ഇറാനു കഴിയും. ഇറാനുമേലുള്ള മറ്റ് പ്രധാന ഉപരോധങ്ങളും പിൻവലിക്കപ്പെട്ടേക്കും. ലബനനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന നിർദേശവും കരാറിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
Tags : investment reach Iran US-Iran Agreement